കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയായ മനോഹരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കയ്പമംഗലം സ്വദേശികളായ സ്റ്റിയോ(20),അന്‍സാര്‍(21),അനസ്(20) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. മനോഹരന്റെ കൈയില്‍നിന്ന് പണം തട്ടിയെടുക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പണം കിട്ടാതായപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍ പറഞ്ഞു.

കൈപ്പമംഗലത്ത് രാപകല്‍ പ്രവര്‍ത്തിക്കുന്ന പമ്പ്. ഒരു ദിവസത്തെ കലക്ഷന്‍ ലക്ഷങ്ങള്‍ വരും. ഒരു ദിവസം കൊലയാളികളില്‍ ഒരാള്‍ ബൈക്കില്‍ പെട്രോള്‍ അടിക്കാനെത്തി. കാശെടുത്ത് കാറില്‍ വയ്ക്കാന്‍ ജീവനക്കാരോട് പറയുന്ന പമ്പ് ഉടമ മനോഹരനെയാണ് കണ്ടത്. അപ്പോഴാണ്, പണം പിടിച്ചുപറിനടത്താന്‍ മനസില്‍ ആശയം രൂപപ്പെടുന്നത്. കൈപ്പമംഗലം സ്വദേശി അനസായിരുന്നുഅത്. കൂട്ടുകാരായ സ്റ്റിയോയേയും അന്‍സാറിനേയും കൂടെക്കൂട്ടി കാര്യങ്ങള്‍ പറഞ്ഞു. പതിനഞ്ചു ലക്ഷം രൂപ വരെ കാണും. മനോഹരനെ ആക്രമിച്ച് പണം തട്ടാം. കേരളം വിട്ട് ധൂര്‍ത്തടിച്ച് ജീവിക്കാം. ഇതായിരുന്നു പദ്ധതി.

മൂന്നു യുവാക്കളും രാത്രി പത്തു മണി മുതല്‍ കൈപ്പമംഗലം പെട്രോള്‍ പമ്പിനുസമീപം കാത്തുനിന്നു. മനോഹരന്‍റെ വരവും കാത്ത്. 12.50ന് മനോഹരന്‍റെ കാര്‍ പമ്പിന് പുറത്തേയ്ക്കു കടന്നു. ഉടനെ, പ്രതികള്‍ പിന്‍തുടര്‍ന്നു. വിജനമായ വഴിയിലേക്കു കാര്‍ കടന്ന ഉടനെ ബൈക്ക് പുറകില്‍ ഇടിപ്പിച്ചു. ബൈക്ക് മറിഞ്ഞ് വീഴുന്ന പോലെ അഭിനയിച്ചു. കാറില്‍ എന്തോ തട്ടിയെന്നു മനസിലാക്കി തിരിഞ്ഞുനോക്കിയ മനോഹരന്‍ പുറത്തിറങ്ങി. ഈ സമയം മൂവരൂം കൂടി കീഴ്പ്പെടുത്തി. ആദ്യം മുഖത്ത് ടേപ്പ് ഒട്ടിച്ചു. പിന്നെ, കൈ പുറകില്‍ ബന്ധിച്ചു. കാറിന്‍റെ പിന്‍സീറ്റില്‍ ഇരുത്തി. പണം എവിടെ. വേഗമെടുത്തോ. പണം തന്നാല്‍ ഉടനെ വിട്ടയ്ക്കാം. പ്രതികള്‍ മനോഹരനോട് പറഞ്ഞു.

പണമില്ല, എന്‍റെ കൈവശം ആകെ 200 രൂപ മാത്രമേയുള്ളൂ. മനോഹരന്‍റെ മറുപടി കേട്ടതും യുവാക്കള്‍ക്ക് കലിപൂണ്ടു. കാറിലെ ഏതെങ്കിലും രഹസ്യ അറയില്‍ പണം ഒളിപ്പിച്ചിരിക്കാമെന്നായി അടുത്ത സംശയം. കൈവശം കരുതിയിരുന്ന കളിതോക്കെടുത്ത് ചൂണ്ടി. ഇതോടെ, മനോഹരന്‍ ബോധംകെട്ടു. വീണ്ടും തട്ടിവിളിച്ച് പണം അന്വേഷിച്ചു. ഇതിനിടെ, മുഖത്തെ ടേപ്പ് മുറുകി ശ്വാസംമുട്ടി. ചലനമറ്റതോടെ പ്രതികള്‍ അപകടം മണത്തു. കാറുമായി പെരിന്തല്‍മണ്ണ പോകാന്‍ പറഞ്ഞത് അനസായിരുന്നു. മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പഠിക്കാന്‍ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ അനസ്പഠിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനോഹരന്‍റെ കാര്‍ പൊളിക്കാന്‍ നല്‍കിയാലോയെന്ന് ആദ്യം ആലോചിച്ചു. പക്ഷേ, കാറുമായി ദീര്‍ഘദൂരം മുന്നോട്ടുപോയാല്‍ പിടിക്കപ്പെടുമെന്ന് അന്‍സാര്‍ പറഞ്ഞു. ആ ശ്രമം ഉപേക്ഷിച്ചു. അങ്ങാടിപ്പുറം റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാറിടാന്‍ തീരുമാനിച്ചു. കാറിന്‍റെ നമ്പര്‍പ്ലേറ്റ് എടുത്തുമാറ്റിയിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ടില്‍ തുക പിരിക്കാന്‍ നിന്നിരുന്ന ജീവനക്കാരന്‍ ഇക്കാര്യം പ്രതികളോട് ചോദിച്ചിരുന്നു. വര്‍ക്ഷോപ്പില്‍ നിന്ന് എടുത്ത വണ്ടിയാണെന്ന് വിശ്വസിപ്പിച്ച് മൂവരും സ്ഥലംവിട്ടു. ബസില്‍ പെരുമ്പിലാവു വരെയെത്തി. സുഹൃത്തുക്കളുടെ പക്കല്‍ നിന്ന് പണം കടംവാങ്ങി കേരളം വിടാനായിരുന്നു പദ്ധതി. അപ്പോഴേയ്ക്കും പൊലീസ് ഇവരെ തിരിച്ചറിഞ്ഞിരുന്നു. പമ്പിന്‍റെ സമീപ്രപ്രദേശങ്ങളില്‍ നിന്ന്
സംഭവത്തിനു ശേഷം അപ്രത്യക്ഷമായവരുടെ പേരുകള്‍ പൊലീസ് അന്വേഷിച്ചിരുന്നു. മാത്രവുമല്ല, ഇവരുടെ ബൈക്ക്രാത്രിയില്‍ കറങ്ങുന്നത് ചില സിസിടിവി കാമറകളിലും പതിഞ്ഞു. ഇവരുടെ ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ ടവര്‍ ലൊക്കേഷന്‍ കിട്ടി. പ്രതികള്‍ ഇവര്‍തന്നെയെന്ന് ഉറപ്പിച്ചു.

പമ്പില്‍ നിന്നിറങ്ങി മുക്കാല്‍ മണിക്കൂറിനകം മനോഹരന്‍ കൊല്ലപ്പെട്ടിരുന്നു. മകള്‍ ലക്ഷ്മി മനോഹരന്‍റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണെടുത്തത് അനസായിരുന്നു. പമ്പിലെ ജീവനക്കാരന്‍ പറയുന്ന പോലെ, സാര്‍ ഉറങ്ങുകയാണെന്ന് പറഞ്ഞു. ഈ സമയം, മനോഹരന്‍ മരിച്ചിരുന്നു. കാറോടിച്ച് രക്ഷപ്പെടാനും മൃതദേഹം വഴിയില്‍ തള്ളാനുമുള്ള സാവകാശം കിട്ടാനാണ് അങ്ങനെ പറഞ്ഞതെന്ന് അനസ് പൊലീസിനോട് വെളിപ്പെടുത്തി.

അനസും സ്റ്റിയോയും കഞ്ചാവ് വലിക്കുമായിരുന്നു. കഞ്ചാവിന്‍റെ ഉപയോഗമാണ്ഇവരുടെ ചിന്തകളെ തെറ്റായ വഴിയിലേക്ക് ചിന്തിപ്പിച്ചത്. മനോഹരനെ കൊല്ലാന്‍ പദ്ധതിയില്ലായിരുന്നു. പക്ഷേ, പണം തന്നില്ലെങ്കില്‍ കൊന്നായാലും തട്ടിയെടുക്കണമെന്നായിരുന്നു ഇവരുടെ ഉള്ളിലിരുപ്പ്. അനസും അന്‍സാറും കൂടുതല്‍ അക്രമകാരികളായി. സ്റ്റിയോ ഒപ്പംനിന്നു. പത്താം ക്ലാസ് വരെയാണ് മൂവരുടേയും വിദ്യാഭ്യാസം. പന്തല്‍ പണിയായിരുന്നു അനസിന്. സ്റ്റിയോ ക്രെയിന്‍ ഓപ്പറേറ്ററും. അന്‍സാര്‍ ഗള്‍ഫില്‍ നിന്ന് എത്തി ജോലി അന്വേഷിച്ചിരുന്നു. ഇതിനിടെയാണ്, പെട്ടെന്നു പണം സംഘടിപ്പിക്കാന്‍ പ്രതികള്‍ പിടിച്ചുപറിയ്ക്കു പദ്ധതിയിട്ടത്.