കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോഴിക്കട സെന്റിൽ തൈപ്പറമ്പത്ത് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ (9) എന്നിവരുടേത് തൂങ്ങിമരണം തന്നെയെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പുറമെനിന്നുള്ളവരുടെ ഇടപെടൽ ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കൊലപാതകമാകാനുള്ള സൂചനയും ഇല്ല. വീടിന്റെ പ്രധാന 2 വാതിലുകളും അടച്ചിട്ടു ജീവനൊടുക്കുകയായിരുന്നെന്നാണു പൊലീസ് സർജന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും നിഗമനം.
വിനോദിന്റെ പ്രേരണയാൽ ഒരുമിച്ചു ആത്മഹത്യ ചെയ്തതാവാമെന്നും വിനോദ് 3 പേരെയും ഉറക്കത്തിൽ കഴുത്തിൽ കയർ കുരുക്കി തൂക്കിയതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിനോദ്, നയന, നീരജ് എന്നിവർ മരിച്ച് 24 മണിക്കൂർ കഴിഞ്ഞാണു രമ മരിച്ചതെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. രമയുടെ മൃതദേഹം മറ്റു മൃതദേഹങ്ങളുടെ അത്രയും ജീർണിച്ചിരുന്നില്ല.
ബലപ്രയോഗം നടന്നതിന്റെയോ ആക്രമണം നടന്നതിന്റെയോ ലക്ഷണം ഇല്ല. വിരലടയാള വിദഗ്ധരുടെ പരിശോധനയിലും ഒന്നും ലഭിച്ചില്ല. പ്ലാസ്റ്റിക് കയറിലെ കെട്ടുകൾ സമാനമാണ്. വിനോദ് തന്നെയാണ് ഇതു ചെയ്തതെന്നാണു നിഗമനം വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും ലഭിച്ചാലെ കൂടുതൽ അറിയാനാവൂ. ആന്തരികാവയവങ്ങൾ കാക്കനാട്ടെ രാസ പരിശോധന ലാബിലേക്ക് അയച്ചിട്ടുണ്ട്. ഒന്നര മാസം കഴിഞ്ഞേ ഈ ഫലം ലഭിക്കൂ.
വീട്ടിൽ നിന്നു ലഭിച്ച ആത്മഹത്യാകുറിപ്പ് വിശദ പരിശോധനയ്ക്കു വിധേയമാക്കും. വിനോദിന്റെയും രമയുടെയും കയ്യെഴുത്ത് ശേഖരിച്ചു വിദഗ്ധരെകൊണ്ടു താരതമ്യം ചെയ്യും. വിനോദും രമയും ഉപയോഗിച്ച മൊബൈൽ ഫോണുകൾ സൈബർ സെല്ലിൽ വിശദ പരിശോധന നടത്തും. വന്ന കോളുകൾ സുക്ഷ്മമായി നോക്കും. മരിക്കുന്നതിനു 2 ദിവസം മുൻപ് ഈ ഫോണിലേക്കു വിളിച്ചവരിൽ നിന്നു കൂടുതൽ വിവരങ്ങൾ തേടും. വിനോദും രമയും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണു പൊലീസ് നിഗമനം.
ഇന്നു ഞങ്ങളുടെ വിവാഹ വാർഷികമാണ്; നേരത്തെ പോകുകയാണ്. രമ കൊടുങ്ങല്ലൂരിലെ സുഹൃത്തുക്കളോടു പറഞ്ഞതാണിത്. വടക്കേനടയിലെ കോംപ്ലക്സിൽ സ്റ്റേഷനറിക്കട ഏറ്റെടുത്തു നടത്തുന്ന രമയെപ്പറ്റി സമീപത്തെ വ്യാപാരികൾക്കും തൊഴിലാളികൾക്കും നല്ലതു മാത്രമേ പറയാനുള്ളു.വ്യാഴാഴ്ച മകൻ നീരജുമായാണു കടയിലെത്തിയത്. ആരോടും അധികം സംസാരിച്ചില്ല. പല്ലുവേദനയാണെന്നാണു കാരണം പറഞ്ഞത്സാമ്പത്തിക പ്രതിസന്ധിയിലായിരുന്നില്ല കുടുംബം എന്നു ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
വീട് വാങ്ങാനും മകളുടെ വിവാഹത്തിനും പണം സ്വരുക്കൂട്ടിയിരുന്നതായി രമയുടെ സഹോദരി ലത പറയുന്നു. വീട്ടിൽ നിന്നു ലഭിച്ച രമയുടെ പഴ്സിൽ അത്യാവശ്യം പണം ഉണ്ടായിരുന്നു.ആശുപത്രിയിൽ പോകുമ്പോൾ വിവരം പറയുന്ന പ്രകൃതമല്ലാത്തതിനാൽ ആശുപത്രിയിൽ പോയതായിരിക്കുമെന്നാണ് വെള്ളിയാഴ്ിച വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ചതു കണ്ടപ്പോൾ കരുതിയത്.
Leave a Reply