വെള്ളിക്കുളങ്ങരയിൽ വയോധികയായ കൊച്ചുത്രേസ്യ (80) കൊല്ലപ്പെട്ടത് വഴക്കിനിടെ തള്ളിയിട്ടപ്പോൾ തലയ്ക്കേറ്റ മുറിവിലൂടെ രക്തംവാർന്നാണെന്ന് അറസ്റ്റിലായ പ്രതിയും ഭർത്താവുമായ ചെറിയക്കുട്ടിയുടെ കുറ്റസമ്മതം. ഇന്നലെ ഉച്ചയോടെയാണു വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കാട്ടുകര വീട്ടിൽ ചെറിയക്കുട്ടി (91) യുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കൊലപാതകം, തെളിവുനശിപ്പിക്കൽ, അന്വേഷണം വഴിതെറ്റിക്കൽ തുടങ്ങിയ കേസുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതിയെ വൈകിട്ടോടെ ചാലക്കുടി കോടതിയിൽ ഹാജരാക്കി.
കൊച്ചുത്രേസ്യ കൊല്ലപ്പെട്ടത് 26ന് രാത്രിയിലാണ്. കൊച്ചുത്രേസ്യയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് കൊലപാതകവിവരം പുറത്തായത്. അഞ്ച് ആണ്മക്കളും രണ്ടു പെണ്മക്കളും ഇവർക്കുണ്ടെങ്കിലും വെള്ളിക്കുളങ്ങര-ചാലക്കുടി റോഡരികിൽ കമലക്കട്ടി പ്രദേശത്തുള്ള ഇരുനിലവീട്ടിൽ ഈ ദമ്പതികൾ മാത്രമാണു താമസിച്ചിരുന്നത്. കുറച്ചുകാലമായി ചെറിയക്കുട്ടിയും കൊച്ചുത്രേസ്യയും നിസാര പ്രശ്നങ്ങൾക്കുപോലും വഴക്കിടുന്നത് പതിവായിരുന്നു.
26ന് രാത്രി വീടിന്റെ മുകൾനിലയിൽവച്ച് ഇവർ തമ്മിൽ വഴക്കു കൂടുകയും ചെറിയക്കുട്ടി കൊച്ചുത്രേസ്യയെ തള്ളിയിടുകയും ചെയ്തു. അലമാരയിൽ തലയിടിച്ചു വീണ കൊച്ചുത്രേസ്യയെ വടികൊണ്ട് അടിക്കുകയും ചെയ്തു. മുറിവിൽനിന്ന് ചോരവാർന്ന് കൊച്ചുത്രേസ്യ മരിച്ചു. മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഒളിപ്പിച്ചു. ബെഡ്ഷീറ്റിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന മൃതദേഹം 27ന് രാത്രി ചെറിയക്കുട്ടി മുകൾനിലയിൽനിന്ന് താഴേക്ക് ഇടുകയും വീടിനു പിറകുവശത്തുള്ള ഷെഡിനരികെ ചകിരിയും വിറകും കൂട്ടിയിട്ട് മീതെ മൃതദേഹംവച്ച് തീകൊളുത്തുകയും ചെയ്തു. തെളിവു നശിപ്പിക്കാൻ കൊച്ചുത്രേസ്യയുടെ ആറു പവന്റെ മാലയും വളകളും വീടിന് ഒന്നര കിലോമീറ്റർ അകലെ കുഴിച്ചിടുക യും ചെയ്തു.
Leave a Reply