വീട്ടമ്മ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചെറുമകന്‍ പൊലീസ് കസ്റ്റഡിയില്‍. ഐസിഎ വട്ടംപാടത്ത് തൊഴുകാട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (72) ആണ് മരിച്ചത്. റുഖിയയുടെ മകള്‍ ഫൗസിയയുടെ മകന്‍ സവാദ് (27) ആണ് കസ്റ്റഡിയിലുള്ളത്. ലഹരിക്ക് അടിമയായ സവാദ് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണ്. വഴക്കു പറഞ്ഞ വിരോധത്തില്‍ സവാദ് നടത്തിയ ആക്രമണം മരണത്തിന് കാരണമായെന്നാണ് പൊലീസ് നിഗമനം. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ താമസിക്കുന്ന സവാദിന്റെ ഉമ്മ ഫൗസിയ ഉപദ്രവം ഭയന്നാണ് മകനൊപ്പം താമസിക്കാത്തത്. റുഖിയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും സയന്റിഫിക് വിഭാഗം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ചേര്‍ത്ത് പരിശോധിച്ചാലേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സ്വഭാവ ദൂഷ്യത്തെകുറിച്ച് വഴക്കിട്ട ദേഷ്യത്തില്‍ സവാദ് റുഖിയയെ കഴുത്തു ഞെരിച്ച് തള്ളുകയായിരുന്നു.
ചുമരില്‍ ഇടിച്ച് വീണ റുഖിയ ബഹളം വച്ചപ്പോള്‍ ചെവിയില്‍ ശക്തിയായി അടിച്ചു. ബോധരഹിതയായി വീണ് അല്‍പസമയത്തിനകം മരണം സംഭവിച്ചതായാണു നിഗമനം. റുഖിയ മരിച്ചുവെന്ന് മനസ്സിലായപ്പോള്‍ സവാദ് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയും സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു.
Leave a Reply