ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻഭാഗത്ത് അപ്രതീക്ഷിതമായി പെയ്ത പെരുമഴയിൽ ജനജീവിതം സ്തംഭിച്ചു. ലണ്ടൻ വിക്ടോറിയ സ്റ്റേഷൻ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങളെ പേമാരി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. മഴയെ തുടർന്ന് ട്യൂബ് സ്റ്റേഷനുകൾ അടച്ചിരിക്കുകയാണ്. എം 25, എ 406 എന്നീ മോട്ടോർ വേകളുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായത് പൊതു ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ലണ്ടനിലെ യാത്രക്കാർ വീടുകളിൽ തിരിച്ചെത്താൻ വളരെ കഷ്ടപ്പെടേണ്ടതായി വന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില ഭാഗങ്ങളിൽ യെല്ലോ, ആമ്പർ മുന്നറിയിപ്പുകൾ മെറ്റ് ഓഫീസ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ചിചെസ്റ്റർ മുതൽ ഇപ്സ് വിച്ച് വരെയുള്ള ഭാഗങ്ങളിലും ബ്രൈറ്റൺ, എസെക്സ്, കെന്റ് എന്നിവിടങ്ങളിലും ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഒരു മണിക്കൂറിൽ 30 മുതൽ 50 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാനുള്ള സാധ്യതയുണ്ട്. വെള്ളപ്പൊക്കം ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു. വെള്ളപ്പൊക്കം കാരണം നിരവധി ഭൂഗർഭ സ്റ്റേഷനുകൾ അടച്ചിരിക്കുകയാണ്. പേമാരി കാരണം 45 വിമാനങ്ങളെങ്കിലും റദ്ദാക്കുകയും ഒട്ടേറെ വിമാന സർവീസുകൾ വൈകാനും കാരണമായത് വിമാനയാത്രക്കാരെയും ദുരിതത്തിലാക്കി. ആയിരക്കണക്കിന് യാത്രക്കാരാണ് ഗാറ്റ് വിക്ക് വിമാനത്താവളത്തിൽ ഇന്നലെ കുടുങ്ങിയത്.
Leave a Reply