ജനങ്ങൾക്കെല്ലാം പ്രിയങ്കരനായ വാസുദേവനെ അപ്രതീക്ഷിതമായെത്തിയ ദുരന്തം കവർന്നതിന്റെ ഞെട്ടലിലാണ് നാട്. എല്ലാവരേയും സഹായിക്കാൻ എന്നും മുന്നിട്ടിറങ്ങുന്ന വാസുദേവനെ മരണം കവർന്നതും അദ്ദേഹം സഹായഹസ്തവുമായി എത്തിയ വേളയിലായിരുന്നു. പൊന്നാംവെളിയിൽ പഞ്ചറായ പിക്അപ് വാനിന്റെ ടയർ മാറ്റുന്നതിന് ഡ്രൈവറെ സഹായിക്കാനെത്തിയതിനിടെയാണ് മോഴികാട്ട് നികർത്തിൽ വാസുദേവൻ സിമന്റ് ബ്രിക് കയറ്റി വന്ന ലോറി കയറി മരിച്ചത്.
പുലർച്ചെ ക്ഷേത്ര ദർശനത്തിന് ഇറങ്ങിയ വാസുദേവൻ, പിക്അപ് വാൻ ഡ്രൈവർ ബിജു ഒറ്റക്ക് ടയർ മാറുന്നത് കണ്ട് മനപ്രയാസം തോന്നിയാണ് റോഡരികിലേക്ക് സൈക്കിൾ മാറ്റിവെച്ച് ഒപ്പം ചേർന്നത്. ഇതിന് പിന്നാലെയാണ് സിമന്റ് ബ്രിക്‌സ് കയറ്റിവന്ന ലോറി ഇരുവരേയും ഇടിച്ചിട്ടത്. വാൻ ഡ്രൈവർ കാലടി സ്വദേശി ബിജുവും (47) സഹായിയായി ഒപ്പം ചേർന്ന വാസുദേവനും (54) തൽക്ഷണം മരിച്ചു.
തുറവൂർ ക്ഷേത്രദർശനത്തിന് പുലർച്ച പതിവായി സ്വന്തം സൈക്കിളിൽ പോവാറുണ്ട് വാസുദേവൻ. ഇത് പഞ്ചറായതോടെ അയൽവാസി സജീവന്റെ സൈക്കിൾ വാങ്ങിയായിരുന്നു ഇന്നലത്തെ യാത്ര. എന്നാൽ ഈ യാത്ര അവസാനത്തേതാണെന്ന് ആരും കരുതിയില്ല. നാട്ടുകാർക്ക് പ്രിയങ്കരനായ കാർപെന്റർ തൊഴിലാളിയാണ് വാസുദേവൻ. മാതൃകാപരമായിരുന്നു ജീവിതവും.
തന്റെ ജോലിക്ക് ന്യായമായ കൂലിയേക്കാൾ കൂടുതൽ പണം വാങ്ങാതെ സൂക്ഷിച്ചിരുന്ന ജോലിയെ സ്‌നേഹിച്ചിരുന്നയാളാണ് ഇദ്ദേഹം. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് സഹായിക്കാൻ എപ്പോഴും മുന്നിലുണ്ടാകും. സമയം നോക്കാതെ ജോലി പൂർത്തിയാക്കിയാണ് വീട്ടിലേക്ക് മടങ്ങുന്നത്. എല്ലാവരെയും സഹായിക്കുകയെന്നത് ചിട്ടയായി കാത്തിരുന്നു.
പുലർച്ച ഒറ്റയ്ക്ക് ടയർ മാറുന്ന ഡ്രൈവറുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് സഹായഹസ്തം നീട്ടിയത്. ആ കരങ്ങൾ ഇനി കൂടെയില്ലെന്നതിന്റെ വേദനയിലാണ് കുടുംബവും നാട്ടുകാരും അയൽക്കാരുമെല്ലാം.
Leave a Reply