സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞയാഴ്ച വൈറലായ ഒരു ക്യാംപെയിനാണ് ടൈഡ് പോഡ് ക്യാംപെയിന്‍. ഡിറ്റര്‍ജന്റ് പോഡുകള്‍ കഴിക്കാന്‍ ശ്രമിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു ഇതിന്റെ രീതി. എന്നാല്‍ ഇത് വളരെ അപകടം പിടിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദി ഒനിയന്‍ എന്ന സറ്റയര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഈ ചാലഞ്ച് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ഒട്ടേറെ വീഡിയോകള്‍ പിന്നീട് പ്രത്യക്ഷപ്പെടുകയുമായിരുന്നു. ചില വീഡിയോകള്‍ക്ക് ഒന്നര ലക്ഷത്തിലേറെ സന്ദര്‍ശകരെയും ലഭിച്ചു.
ഡിറ്റര്‍ജന്റ് പോഡുകള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ദ്ധരും പറയുന്നു. ഇവ ജീവന് തന്നെ അപകടകരമായേക്കാം. ടൈഡ് ഡിറ്റര്‍ജന്റില്‍ എഥനോല്‍, പോളിമറുകള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് മുതലായവ അടങ്ങിയിട്ടുണ്ട്. ഇവ വിഷാംശമുള്ളവയായതിനാല്‍ ആദ്യം ഛര്‍ദ്ദി, വയറിളക്കം എന്നിവക്ക് കാരണമാകുകയും ചില സംഭവങ്ങളില്‍ മരണം പോലും ഉണ്ടാകാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
തങ്ങളുടെ ഉല്‍പന്നം വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ മാത്രം ഉദ്ദേശിച്ച് തയ്യാറാക്കിയിരിക്കുന്ന ഡിറ്റര്‍ജന്റ് കോണ്‍സണ്‍ട്രേറ്റ് ആണെന്നും അവ തമാശക്ക് പോലും കഴിക്കാന്‍ പാടില്ലെന്നും പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ അപകടകരമായ ക്യാംപെയിനിനെതിരെ അമേരിക്കന്‍ കണ്‍സ്യൂമര്‍ പ്രോഡക്ട് സേഫ്റ്റി കമ്മീഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Leave a Reply