ചെന്നൈ: അമേരിക്കന്‍ പൗരത്വം നേടാന്‍ അപേക്ഷ നല്‍കിയിരിക്കുന്ന ഇന്ത്യക്കാര്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും. പൗരത്വം നല്‍കുന്ന നിയമങ്ങളില്‍ യുഎസ് സര്‍ക്കാര്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നതോടെയാണ് ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്‌നത്തിന് കൂച്ചുവിലങ്ങ് വീണിരിക്കുന്നത്. നിയമങ്ങളില്‍ വലിയ മാറ്റങ്ങളാണ് അമേരിക്ക വരുത്തിയിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ പൗരത്വം അനുവദിക്കുന്നതില്‍ അമേരിക്ക ഏറ്റവും ലിബറല്‍ മനോഭാവം കാണിച്ചത് 2008ലാണ്. അന്ന് ഏതാണ്ട് 65,971 അപേക്ഷകര്‍ക്കാണ് പൗരത്വം അനുവദിച്ചിരുന്നത്. അമേരിക്കയില്‍ ജോലി തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലാണ്. 1995-2000 കാലഘട്ടത്തിലെ ഒരോ വര്‍ഷവും 120,000 ഇന്ത്യന്‍ തൊഴിലാളികളാണ് അമേരിക്കയിലേക്ക് കുടിയേറിയിരിക്കുന്നത്.

2014ലാണ് ഏറ്റവും കുറവ് അപേക്ഷകരെ അമേരിക്കന്‍ സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. അന്ന് വെറും 37,854 പേര്‍ക്ക് മാത്രമെ പൗരത്വം ലഭിച്ചുള്ളു. എന്നാല്‍ ഈ കണക്കുകള്‍ താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം അപേക്ഷകരെ പരിഗണിക്കുന്ന നിരക്കില്‍ കാര്യമായ വര്‍ദ്ധനവുണ്ട്. 49,601 പേരെയാണ് 2017ല്‍ പരിഗണിച്ചത്. കുടിയേറ്റത്തിലും ഗണ്യമായ കുറവ് വന്നതായി കാണാന്‍ പറ്റും. 1.72 മില്യണില്‍ നിന്ന് 1.51 മില്യണിലേക്ക് കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന നയങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ കരുതലോടു കൂടിയ നടപടികളാണ് യുഎസ് കമ്പനികള്‍ സ്വീകരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെപ്പോലെ ഇപ്പോള്‍ യുഎസ് കമ്പനികള്‍ക്ക് ഇന്ത്യക്കാരായ ടെക്‌നീഷ്യന്‍മാരെ ആവശ്യമായി വരുന്നില്ലെന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ റാന്‍സ്റ്റാഡ് ഇന്ത്യയുടെ സിഇഒ സാക്ഷ്യപ്പെടുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1990 മുതലുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കുന്ന ജനവിഭാഗങ്ങളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വരുന്നത് ചൈന, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍ ഇന്ത്യയാണ്. ഇന്ത്യന്‍ എഞ്ചിനീയര്‍, ഡോക്ടര്‍, എംബിഎ പ്രോഫഷണല്‍സ് എന്നിവരുടെ സ്ഥാനത്തേക്ക് അമേരിക്കന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ കൂടുതല്‍ പ്രാദേശികരെ നിയമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രീന്‍ കാര്‍ഡ് അനുവദിക്കാന്‍ സാധാരണഗതിയില്‍ എടുക്കുന്ന സമയം രണ്ട് വര്‍ഷമാണ്. എന്നാല്‍ ഇപ്പോള്‍ ഇത് 7 മുതല്‍ 8 വര്‍ഷം വരെ നീളുകയാണ്. മറ്റേതു രാജ്യങ്ങളെക്കാളും കൂടുതല്‍ ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ അപേക്ഷ പരിഗണിക്കുന്നതിനായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുമെന്ന് ഇമിഗ്രഷന്‍ അഭിഭാഷകനായ മാര്‍ക്ക് ഡേവീസ് വ്യക്തമാക്കുന്നു.