ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എരുമേലി മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45-ഓടെ ബെൻഡിഗോയ്ക്ക് സമീപമുള്ള ഹണ്ട്ലി ഫോസ്റ്റർവില്ലെ റോഡിലായിരുന്നു അപകടം. ജോലിക്ക് പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന ടിജോയുടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.
മെൽബണിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള കിൽമോറിലാണ് ടിജോ കുടുംബസമേതം താമസിച്ചിരുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ഷിഫ്റ്റിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടിജോ ഓടിച്ചിരുന്ന ചുവന്ന ടൊയോട്ട യാരിസ് കാറിൽ അപകടസമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തിന് തൊട്ടുമുമ്പ്, ഒരു മണിവരെ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് ടിജോയുടെ വിവാഹം അഞ്ജു തോമസുമായി നടന്നത്. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിട്ടാണ് ടിജോയുടെ അകാലവിയോഗം. കുടുംബവും സുഹൃത്തുക്കളും ഈ ദുരന്തം ഉൾക്കൊള്ളാനാകാതെ ദുഃഖത്തിലാണുള്ളത്. വിക്ടോറിയയിലെ മലയാളി അസോസിയേഷനും ബെൻഡിഗോ, മെൽബൺ മേഖലകളിലെ മലയാളി കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.











Leave a Reply