ടിക് ടോക്കിലൂടെ ശ്രദ്ധേയനായ അമൽ ജയരാജിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലായിലെ രാമപുരം നാഗത്തുങ്കൽ ജയരാജിന്റെ മകനാണ് പത്തൊമ്പതുകാരനായ അമൽ. വീട്ടിലെ കിടപ്പുമുറിയിലാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് അമൽ ജയരാജിനുള്ളത്. അതേസമയം, ഇയാളുടെ മരണത്തിന് കാരണമെന്താണ് എന്നതിൽ അവ്യക്തത തുടരുകയാണ്. അതേസമയം, അമൽ ഉപയോഗിച്ച ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അശ്വിൻ ആണ് അമലിന്റെ ഏകസഹോദരൻ.
ഈ വർഷം ജൂൺ 29ന് ടിക് – ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ ആയിരുന്നു ടിക് – ടോക് ഉൾപ്പെടെയുള്ള ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തിയത്.
ചെറുപ്പക്കാർക്കിടയിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ടിക് ടോക്കിന് ഇന്ത്യയിൽ നിരവധി ഉപയോക്താക്കളായിരുന്നു ഉള്ളത്. ചൈന, അമേരിക്ക എന്നിവിടങ്ങളിലും ടിക് ടോക്കിന് വൻ ജനപ്രീതിയാണുള്ളത്. 2020ന്റെ ആദ്യ പാദത്തിൽ ടിക്ടോക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ 150 കോടിയിലെത്തുകയും പിന്നീട് 200 കോടി എന്ന നേട്ടത്തിലേക്കും ടിക് ടോക്ക് വളരെ വേഗമെത്തുകയും ചെയ്തിരുന്നു. 61 കോടിയിലേറെ ആയിരുന്നു ഇന്ത്യയിൽ ടിക് ടോക്കിന്‍റെ ഡൌൺലോഡ്.
കൊറോണ വൈറസ് മഹാമാരി കാലത്ത് ടിക് ടോക്കിന്റെ ജനപ്രീതി വർദ്ധിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലോക്ക്ഡൌൺ കാലത്ത് ആളുകൾ ടിക് ടോക്കിനെ ഏറ്റവും രസകരമായ ആപ്പായി കണ്ടതായും വിലയിരുത്തിയിരുന്നു. എന്നാൽ, അതിർത്തിയിൽ പ്രശ്നങ്ങൾ വഷളായപ്പോൾ ടിക്-ടോക്കിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.
Leave a Reply