ലണ്ടന്‍: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരന്‍ രംഗത്ത്. ആദ്യമായാണ് രാജ്യത്തെ ഒരു മുഖ്യധാരാ പാര്‍ട്ടി നേതാവ് കഞ്ചാവിനു വേണ്ടിയുളള വാദവുമായി രംഗത്തെത്തുന്നത്. കഞ്ചാവിനെതിരെയുളള പോരാട്ടം അവസാനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഞ്ചാവിനെ നിയമവിധേയമാക്കാനുളള നടപടികള്‍ ആരംഭിക്കണമെന്ന നിര്‍ദേശവും അദ്ദേഹം സര്‍ക്കാരിന് മുന്നില്‍ വച്ചു. ചികിത്സാ ആവശ്യങ്ങള്‍ക്കും വിനോദ ആവശ്യങ്ങള്‍ക്കുമായി കഞ്ചാവിനെ നിയമവിധേയമാക്കണെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച പ്രമേയം മുന്‍ ആരോഗ്യമന്ത്രി നോര്‍മാന്‍ ലാംബ് സഭയുടെ മേശപ്പുറത്ത് വച്ചു.
ലിബറല്‍ ഡെമോക്രാറ്റുകള്‍ രൂപീകരിച്ച ഒരു വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍മേലുളള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രമേയം അവതരിപ്പിച്ചത്. കഞ്ചാവ് വിപണിക്ക് നിയമപരമായി രാജ്യത്ത് എങ്ങനെ പ്രവര്‍ത്തിക്കാനാകും എന്നതിനെക്കുറിച്ചാണ് വിദഗ്ദ്ധ സമിതി പ്രധാനമായും പരിശോധിച്ചത്. രാജ്യത്തെ പൊതുചെലവ് ഒരു ബില്യന്‍ ഡോളര്‍ കുറയ്ക്കാന്‍ കഞ്ചാവ് നിയമവിധേയമാക്കുന്നതിലൂടെ സാധിക്കുമെന്നും വിദഗ്ദ്ധ സമിതി കണ്ടെത്തി. ഇതിന് പുറമെ നികുതിയിനത്തില്‍ 400 മുതല്‍ 900 മില്യന്‍ പൗണ്ട് വരെ സര്‍ക്കാരിലേക്ക് ലഭിക്കുമെന്നും സമിതി വ്യക്തമാക്കി.
കഞ്ചാവിന്റെ വില്‍പ്പന നിയമവിധേയമാക്കാനുളള നടപടികള്‍ ആരംഭിക്കുന്ന മുറക്ക് റിപ്പോര്‍ട്ട് പുറത്ത് വിടുമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി തന്റെ നിലപാടിനെ അംഗീകരിച്ചതായി ടിം ഫാരന്‍ അറിയിച്ചു. ഇനി ഇത് നടപ്പാക്കാനുളള ആര്‍ജ്ജവമാണ് അദ്ദേഹം കാട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ച് പഠിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച മുന്‍ ഉപദേശകസമിതി അംഗമായിരുന്ന പ്രൊഫ.ഡേവിഡ് നട്ട് അടക്കമുളളവരായിരുന്നു ലിബറല്‍ ഡെമോക്രാറ്റ് രൂപീകരിച്ച സമിതിയില്‍ ഉണ്ടായിരുന്നത്. 2012ല്‍ മുതല്‍ കഞ്ചാവ് വ്യാപാരം നിയമവിധേയമാക്കിയ കൊളറാഡോയും വാഷിംഗ്ടണുമെല്ലാം സമിതി പഠനവിധേയമാക്കി. എന്നാല്‍ മയക്കുമരുന്നുകളെ നിയമവിധേയമാക്കാനുളള നിര്‍ദേശങ്ങളെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നിരാകരിച്ചു.