ബിനോയ് ജോസഫ്, മലയാളം യുകെ ന്യൂസ്‌ അസോസിയേറ്റ് എഡിറ്റര്‍

“ആരോഗ്യമുള്ള ഒരു വ്യക്തിയെ ലോകത്തിന് ലഭിക്കണമെങ്കിൽ ആരോഗ്യകരമായ ഒരു ജീവിതാന്തരീക്ഷവും സാഹചര്യവും ഉണ്ടാവണം. രോഗിയുടെ ചുറ്റുപാടുകൾ അവരുടെ രോഗവിമുക്തിയ്ക്ക് സഹായകരമാകുന്ന രീതിയിൽ തയ്യാറാക്കണം. മാനസികവും ശാരീരികവുമായ ഉത്തേജനത്തിന് നാം പ്രകൃതിയെത്തന്നെ ഒരുക്കണം. ശുദ്ധമായ വായുവും ജലവും പ്രകാശവും ശുചിത്വവും ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്ന പ്രകൃതിദത്തമായ ഘടകങ്ങളാണ്. ശബ്ദമലിനീകരണമില്ലാത്ത, മിതോഷ്ണമുള്ള അന്തരീക്ഷവും രോഗവിമുക്തി ത്വരിതപ്പെടുത്തും. ആരോഗ്യ വിദ്യാഭ്യാസവും ശരിയായ പരിശീലന പ്രക്രിയകളും രോഗാവസ്ഥയുടെ നിരന്തരമായ വിശകലനവും  വഴി രോഗിയെ ആരോഗ്യത്തിലേക്ക് നയിക്കാൻ കഴിയും”. 1800 കളിൽ ഫ്ളോറൻസ് നൈറ്റിംഗേൽ രൂപപ്പെടുത്തിയ ഈ സിദ്ധാന്തം പിന്നീട് ലോകമെമ്പാടുമുള്ള ആരോഗ്യ ശുശ്രൂഷാ രംഗത്തെ അടിസ്ഥാന തത്വമായി മാറി.

ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ പോരാളികളെ ശുശ്രൂഷിക്കാനായി ഇറങ്ങിത്തിരിച്ച ഫ്ളോറൻസ് നൈറ്റിംഗേൽ നയിച്ച വഴിയിലൂടെ, ലോകത്തെ ആരോഗ്യ ശുശ്രൂഷാ രംഗം അത്യധികം മുന്നേറിയിരിക്കുന്നു. അതെ, ആധുനിക നഴ്സിംഗ് പ്രസ്ഥാനത്തിന്റെ സ്ഥാപകയായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പാത പിന്തുടർന്ന് 20 മില്യണിലധികം ആളുകളാണ് ഇന്ന് ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നത്. റാന്തൽ വിളക്കിന്റെ പ്രകാശത്തിൽ, വേദനയുടെ ലോകത്തിൽ സമാശ്വാസത്തിന്റെയും അനുകമ്പയുടെയും സ്നേഹ സന്ദേശവുമായി കടന്നു വന്ന ദി ലേഡി വിത്ത് ദ ലാംപ് ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ  മെയ് 12,  അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നു.

വരും തലമുറയ്ക്കായി ജീവനെ കാത്തുസൂക്ഷിക്കുന്ന ഭൂമിയിലെ മാലാഖാമാരാണ് നഴ്സുമാർ.. പ്രതീക്ഷയുടെ നാളെകൾക്ക് ജീവനേകുന്ന പ്രകാശവാഹകർ.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. ജീവന്റെ തുടിപ്പുകൾക്ക് നിദ്രയിലും കാവലിരിക്കുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയിലൂടെ.. ആശ്വാസവാക്കുകളിലൂടെ സന്തോഷത്തിന്റെ ലോകത്തിലേയ്ക്ക് നയിയ്ക്കുന്നവർ.. ആതുരശുശ്രൂഷയെ സേവനത്തിന്റെ മുഖമുദ്രയാക്കുന്നവരാണ് ഈ അഭിമാനതാരങ്ങൾ.. കർത്തവ്യ നിർവ്വഹണത്തിൽ ഉണ്ടാകാവുന്ന സമ്മർദ്ദങ്ങളേയും മാറി വരുന്ന സാഹചര്യങ്ങളെയും സംയമനത്തോടെ നേരിട്ട് ജീവിതപാത തെളിയിക്കുന്നവർ..

നഴ്സുമാർ – നയിക്കുന്ന ശബ്ദം – ആരോഗ്യം മനുഷ്യാവകാശവും എന്നതാണ് 2018 ലെ അന്താരാഷ്ട്ര നഴ്സസ് ദിന സന്ദേശം. ആരോഗ്യ സംരക്ഷണം ഓരോരുത്തരുടെയും മൗലിക അവകാശമെങ്കിൽ അതു പോലെ നഴ്സുമാരും അവരുടെ അവകാശ സംരക്ഷണത്തിന് അർഹരാണ് എന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് എടുത്തു പറയുന്നു. സുരക്ഷിതമായ ജോലി സ്ഥലം, തൃപ്തികരമായ പ്രതിഫലം, ട്രെയിനിംഗിനുള്ള സൗകര്യങ്ങൾ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കാനുള്ള സാഹചര്യം, തീരുമാനങ്ങളിൽ ഇടപെടാനുള്ള അവസരം എന്നിവയും നഴ്സുമാർക്ക് ലഭിക്കണമെന്ന് കൗൺസിൽ വ്യക്തമാക്കുന്നു.

നൂറുകണക്കിന് ഉത്തരവാദിത്വങ്ങളാണ് തങ്ങളുടെ ജോലി സ്ഥലത്ത് നഴ്സുമാർ നിറവേറ്റുന്നത്. പിറന്നു വീഴുന്ന കുഞ്ഞു മുതൽ മരണക്കിടക്കയിലുള്ള രോഗികൾ വരെ നീളുന്ന ഒരു വലിയ ലിസ്റ്റ് നഴ്സുമാർക്കായി എവിടെയുമുണ്ട്. ഏത് അടിയന്തിര സാഹചര്യവും സംയമനത്തോടെ കൈകാര്യം ചെയ്ത് രോഗിയുടെ സുരക്ഷിതത്വയും രോഗവിമുക്തിയും ലക്ഷ്യമാക്കുന്ന ആതുരശുശ്രൂഷാ രംഗത്തെ ജീവനാഡികളാണ് നഴ്സുമാർ. ജോലിയുടെ വ്യഗ്രതയിൽ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാർ പലപ്പോഴും അവർക്ക് കഴിഞ്ഞെന്നു വരില്ല. എങ്കിലും പരിഭവങ്ങളുടെ ഒരു കണക്ക് അവർ പുറത്തെടുക്കാറില്ല. സങ്കീർണമായ നിരവധി പ്രശ്നങ്ങളുടെ ഇടയിലാണ് ഇവരുടെ ഓരോ ദിനവും കടന്നു പോവുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്റ്റാഫ് ഷോർട്ടേജ് മൂലം പല ഹോസ്പിറ്റലുകളുടെയും പ്രവർത്തനം കാര്യക്ഷമമാകുന്നില്ല. അതിനെ മറികടക്കുവാൻ നഴ്സുമാർ അത്യദ്ധ്വാനം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നത് അവരുടെ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുന്നു. 12 മണിക്കൂറുകൾ നീണ്ട ഷിഫ്റ്റുകളും ഓവർടൈം വർക്കും നൈറ്റ് ഡ്യൂട്ടിയും ചെയ്യുന്ന നഴ്സുമാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നു. രോഗികൾക്ക് വേണ്ട തൃപ്തികരമായ പരിചരണം കൊടുക്കാൻ വേണ്ട സൗകര്യങ്ങളുടെ അഭാവവും നഴ്സുമാരുടെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ജോലി സ്ഥലങ്ങളിൽ നേരിടേണ്ടി വരുന്ന ചൂഷണങ്ങളും പീഡനങ്ങളും അവരുടെ ജീവിതം തന്നെ ദുസഹമാക്കുന്നു.

ലക്ഷക്കണക്കിന് നഴ്സുമാരാണ് ഇന്ത്യയിൽ നിന്ന് ലോകത്തെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. പ്രത്യേകിച്ചും മലയാളി നഴ്സുമാർ എത്തിച്ചേരാത്ത ഇടങ്ങൾ ഉണ്ടാവില്ലെന്നു വേണം കരുതാൻ. ഒരു കാലത്ത് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ആരംഭിച്ച നഴ്സുമാരുടെ കുടിയേറ്റം പിന്നീട് അമേരിക്ക, ഓസ്ട്രേലിയ, ക്യാനഡ, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു. പലരും നല്ല ജോലികൾ നേടിയെടുത്തെങ്കിലും കുറെപ്പേരെങ്കിലും റിക്രൂട്ട്മെൻറ് തട്ടിപ്പിന്റെയും രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളുടെയും ഇരകളായി.

കൂടുതലും വനിതകൾ ജോലി ചെയ്യുന്ന മേഖല എന്ന നിലയ്ക്ക് സംഘടിത ശക്തിയുടെ അഭാവം നഴ്സിംഗ് രംഗത്തെ ചൂഷണത്തിന് ആക്കം കൂട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പോലും തുല്യ ജോലിയ്ക്ക് തുല്യ ശമ്പളം എന്ന ന്യായമായ അവകാശത്തിനായി  സമരരംഗത്തേയ്ക്ക് നയിക്കപ്പെടുന്ന നഴ്സിംഗ് സമൂഹത്തെയാണ് കാണാൻ കഴിയുന്നത്. അവകാശങ്ങൾക്കായി തെരുവിൽ മുദ്രാവാക്യം വിളിക്കേണ്ട സ്ഥിതിയിലേയ്ക്ക് നഴ്സുമാരെ തള്ളി വിടുന്ന പ്രവണത നാടിന്റെ ധാർമ്മിക നിലവാരത്തിന്റെ അധ:പതനത്തിന്റെ സൂചനയാണ്. നഴ്സുമാർക്ക്‌ അർഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും സുരക്ഷിതമായ ജോലി സാഹചര്യവും ഒരുക്കുക എന്നത് ഓരോ സർക്കാരിന്റെയും കടമയും ഉത്തരവാദിത്വവുമാണ്. നഴ്സിംഗ് എന്നത് ഒരു വെറും ജോലിയല്ല, അത് ഒരു സേവനം കൂടിയാണ്. അതിന് വിലയിടാൻ ആർക്കും അധികാരമില്ല. മഹത്തായ നഴ്സിംഗ് പ്രഫഷനെ അംഗീകരിക്കുകയും ആദരിക്കുകയും ആണ് പ്രബുദ്ധമായ സമൂഹവും അധികാരികളും ചെയ്യേണ്ടത്.

അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ എല്ലാ നഴ്സുമാർക്കും മലയാളം യുകെ ന്യൂസ് ടീമിന്റെ ആശംസകൾ.