തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ ഒഴിവാക്കി സമാന്തര പാതയിലൂടെ യാത്ര ചെയ്ത എം.വി. ഹരിറാമിനെയും കുടുംബത്തെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി അപമാനിക്കുകയും വാഹനത്തിന്റെ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്ത ചാലക്കുടി ഡിവൈഎസ്പി കെ.കെ. രവീന്ദ്രന്റെ നടപടികള്‍ തെറ്റായിരുന്നുവെന്ന് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട്. ഹരിറാം ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്പിയോട് അന്വേഷിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
സമാന്തരപാതയിലൂടെ യാത്ര ചെയ്ത കാര്‍ തടഞ്ഞു നിര്‍ത്തി രേഖകള്‍ പിടിച്ചെടുക്കുകയും ഭാര്യയെയും മകനെയും പരിഗണിക്കാതെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് തെറ്റാണെന്നും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഹരിറാമും കുടുംബവും യാത്ര ചെയ്യുകയായിരുന്ന പഞ്ചായത്ത് റോഡ് ആ പരിസരപ്രദേശത്തുള്ളവര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന തെറ്റായ നിയമവാദമാണ് ഡിവൈഎസ്പി ഉന്നയിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഡിജിപിയായിരിക്കും കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് എതിരെ എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കുക.
ഇന്നലെ തൃശൂര്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഹരിറാമിനെ നേരിട്ട് കണ്ട് മൊഴി എടുക്കുകയും ചെയ്തിരുന്നു. ജനുവരി ഏഴിന് എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന ഹരിറാമിനും കുടുംബത്തിനും ചാലക്കുടി ഡിവൈഎസ്പിയില്‍നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. ഡിവൈഎസ്പി അറിയാതെ ഹരിറാം മൊബൈലില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഫെയ്‌സ്ബുക്കില്‍ തരംഗമായതോടെയാണ് സംഭവം വിവാദമായത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ ഈടാക്കുന്ന കമ്പനിയെ സഹായിക്കാനാണ് ഡിവൈഎസ്പി മഫ്തിയിലെത്തി ഹരിറാമിനെയും കുടുംബത്തെയും ഉപദ്രവിച്ചതെന്നാണ് സോഷ്യല്‍മീഡിയ ആക്ഷേപം.