പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നതിന് ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനമാണിത്. പതിനെട്ടാം ലോക്സഭയില്‍ എന്‍ഡിഎയ്ക്ക് 293 സീറ്റുകളോടെ ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷമായ ഇന്ത്യ മുന്നണിക്ക് 234 സീറ്റുകളുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മന്ത്രിസഭാംഗങ്ങളും രാവിലെ 11 മണി മുതല്‍ സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാര്‍ അക്ഷരമാലാ ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്യും.
പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവും ഏഴ് തവണ ലോക്‌സഭാംഗവുമായ ഭര്‍തൃഹരി മഹ്താബ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിന് മുന്നോടിയായി നാളെ രാവിലെ രാഷ്ട്രപതി ഭവനില്‍ വെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ലോക്സഭയുടെ പ്രോടേം സ്പീക്കറായി മഹ്താബിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തോടനുബന്ധിച്ച് അംഗങ്ങള്‍ ഒരു നിമിഷം മൗനം ആചരിക്കുന്നതോടെ നടപടികള്‍ ആരംഭിക്കും. പിന്നാലെ ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പട്ടിക സഭയുടെ മേശപ്പുറത്ത് വയ്ക്കും.
തുടര്‍ന്ന് ലോക്സഭാ നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ മഹ്താബ് വിളിക്കും. പന്നീട് ജൂണ്‍ 26ന് നടക്കുന്ന സ്പീക്കറുടെ തിരഞ്ഞെടുപ്പ് വരെ സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ രാഷ്ട്രപതി നിയോഗിച്ച ചെയര്‍പേഴ്‌സണ്‍മാരുടെ പാനലിന് പ്രോടേം സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
ജൂണ്‍ 27 ന് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ച ജൂണ്‍ 28 ന് ആരംഭിക്കും.
Leave a Reply