സാബു ചുണ്ടക്കാട്ടില്‍
ബോള്‍ട്ടണ്‍: പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു. ബോള്‍ട്ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ത്രിദിന നോമ്പുകാല ധ്യനത്തോടനുബന്ധിച്ചാണ് പ്രകാശനകര്‍മ്മം നടന്നത്. ഫാ.ജോര്‍ജ് ചീരാംകുഴി ഫാ.സാജന് ആദ്യ പ്രതി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പേരന്റിങ് ജീവിതാനുഭവങ്ങളില്‍ നിന്നും ശരിയുടെ വഴികളെ തിരിച്ചറിയാന്‍ മക്കളെ ഒരുക്കുവാനുള്ള വഴിയൊരുക്കലാണ് പുസ്തകം.
തലശേരി അതിരൂപതാംഗമായ ഫാ.ടോമി ഇപ്പോള്‍ യുകെയില്‍ മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തി വരികയാണ്. തന്റെ യുകെ ജീവിതത്തില്‍ യുകെ മലയാളി കളുടെ ജീവിതാനുഭവങ്ങള്‍ അനുഭവിച്ചറിഞ്ഞ അച്ചന്‍ അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പുസ്തക രചന പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരസ്പരം പഴിചാരിയും പരിഭവം പറഞ്ഞും മാറി നില്‍ക്കാതെ നന്‍മയുടെ വഴികളിലൂടെ മക്കളെ നയിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കന്‍മാര്‍ക്ക് എന്തുകൊണ്ടും വലിയൊരു മുതല്‍ക്കൂട്ടാണ് പുസ്തകം.
ആധുനിക മനഃശാസ്ത്ര തത്വങ്ങളെ സ്വാംശീകരിച്ചു പ്രായോഗിക സമീപനങ്ങളിലൂടെ അവതരിപ്പിക്കുവാനുള്ള ശ്രമമാണ് പുസ്തകത്തില്‍ നടന്നിരിക്കുന്നത്. ഒപ്പം ബൈബിളിലെ യേശുവിന്റെ ശൈശവത്തെയും തിരുക്കുടുംബത്തിന്റെ രീതിശാസ്ത്രവും വിലയിരുത്തി ഹോളി ഫാമിലി മോഡല്‍ ഓഫ് പേരന്റിങ് മാതാപിതാക്കള്‍ക്ക് രൂപപ്പെടുത്താനുള്ള വഴികളും പുസ്തകത്തില്‍ മനോഹരമായി വിവരിക്കുന്നു. ആദ്യ ദിനം തന്നെ പുസ്തകത്തിന് ബോള്‍ട്ടണില്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പുസ്തക പ്രകാശനത്തിനുള്ള വേദി ആയി ബോള്‍ട്ടണ്‍ തിരഞ്ഞെടുത്തതിന് ട്രസ്റ്റിമാരായ സ്റ്റീഫന്‍ മാത്യു, സന്തോഷ് ചെറിയാന്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
Leave a Reply