ലണ്ടന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയറും തമ്മിലുളള അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തല്‍. ഇരുനേതാക്കളും തമ്മിലുളള സ്വകാര്യ സംഭാഷണങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. രണ്ട് ലോകനേതാക്കളും തമ്മിലുളള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന സംഭാഷണ ശകലങ്ങള്‍ ബിബിസി പുറത്ത് വിട്ടു. 1997മുതല്‍ 2000 വരെ ഇരുവരും ടെലിഫോണിലും നേരിട്ടും നടത്തിയ സംഭാഷണങ്ങളാണ് പ്രസിദ്ധീകരിച്ചത്. ബിബിസി വിവരാവകാശ നിയമപ്രകാരം ക്ലിന്റന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ നിന്നാണ് ഇവ ശേഖരിച്ചത്. ബ്ലെയറിന്റെ ചില സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്താണ് പ്രസിദ്ധീകരിച്ചിട്ടുളളത്. എന്നാല്‍ അല്ലാതെയെുളളവയില്‍ ഇരുനേതാക്കളും തമ്മിലുളള തമാശകളും സ്വന്തം രാജ്യങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും രാഷ്ട്രീയ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നു. അമേരിക്കയുടെ നാല്‍പ്പത്തിരണ്ടാമത് പ്രസിഡന്റിന്റെയും മുന്‍ ലേബര്‍ പ്രധാനമന്ത്രിയുടെയും ജീവിതത്തിന്റെ പരിച്ഛേദമായാണ് ഈ സംഭാഷണശകലങ്ങളെ വിലയിരുത്തുന്നത്.
ഡയാനയുടെ മരണം ഒരു താരത്തിന്റെ പതനമാണെന്നാണ് നേതാക്കള്‍ അവരുടെ സംഭാഷണത്തിനിടെ വിലയിരുത്തുന്നത്. 1997ല്‍ ഒരു കാറപകടത്തില്‍ ഡയാന പാരീസില്‍ വച്ച് കൊല്ലപ്പെട്ടമ്പോള്‍ ക്ലിന്റന്‍ ബ്ലെയറിനെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു. അവധിക്കാല വസതിയായ മാര്‍ത്താസ് വൈന്‍യാര്‍ഡില്‍ നിന്നാണ് ക്ലിന്റണ്‍ വിളിച്ചത്. നിങ്ങളെക്കുറിച്ച് എനിക്ക് ഏറെ കരുതലുണ്ടെന്ന് അറിയിക്കുവാനാണ് താന്‍ വിളിച്ചതെന്ന് ക്ലിന്റണ്‍ വ്യക്തമാക്കി. ഡയാനയുടെ ജീവിത രീതിയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും ബ്ലെയര്‍ തന്റെ സംഭാഷണത്തില്‍ തുടര്‍ന്ന് പറയുന്നു. അത് വിവരണാതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
1999ല്‍ വൈസ്പ്രസിഡന്റ് അല്‍ഗോറിന്റെ ബ്രിട്ടീഷ് സന്ദര്‍ശനശേഷവും ഇരുനേതാക്കളും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നുണ്ട്. അന്നത്തെ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ജോണ്‍പ്രസ്‌കോട്ടിന്റെ ഓഫീസില്‍ ഉണ്ടായിരുന്ന ഒരേ ഒരു അലങ്കാരം ഒരു പാത്രം പഴം മാത്രമായിരുന്നെന്നും ആ സംഭാഷണത്തിനിടെ തമാശയായി ചൂണ്ടിക്കാട്ടുന്നു. ആ സ്വീകരണം അല്‍ഗോറിനെ ഏറെ സന്തോഷിപ്പിച്ചെന്നും പ്രസിഡന്റ് പറഞ്ഞു. ഇപ്പോള്‍ പഴമില്ലാതെ താങ്കളോട് സംസാരിക്കാന്‍ തന്റെ ജീവനക്കാര്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കന്‍ അയര്‍ലന്റിലെ സമാധാന പ്രക്രിയകളും ഇരുനേതാക്കളുടെയും ചര്‍ച്ചയില്‍ കടന്ന് വന്നിരുന്നു. 2000ത്തില്‍ ചെറി ബ്ലെയര്‍ നാലാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായപ്പോഴും ഇരുനേതാക്കളും തമ്മില്‍ സന്തോഷം പങ്കിടുന്നുണ്ട്. 2001ല്‍ അധികാരം ഒഴിയുമ്പോള്‍ ഇനി തനിക്ക് കുഞ്ഞിനെ നോക്കല്‍ പണിയാണെന്നും ടോണി ബ്ലെയര്‍ ക്ലിന്റനോട് പറയുന്നുണ്ട്. 2000ല്‍ വഌഡിമിര്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇരുനേതാക്കളും ശുഭാപ്തി വിശ്വാസത്തോടെ ആശംസകള്‍ അര്‍പ്പിക്കുന്നു. പുടിന്‍ സ്മാര്‍ട്ടും ചിന്താശേഷിയുളളയാളുമാണെന്നും ആവശ്യത്തിന് കഴിവുണ്ടെന്നും ക്ലിന്റണ്‍ വിലയിരുത്തുന്നു. എന്നാല്‍ ബ്ലെയറിന് അത്ര അഭിപ്രായം ഉണ്ടായിരുന്നില്ല. രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെക്കുറിച്ച് പുടിന്‍ മനസിലാക്കിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ബ്ലയറിനെ വൈറ്റ്ഹൗസില്‍ ഉറങ്ങാന്‍ ക്ലിന്റന്‍ ക്ഷണിക്കുന്നുണ്ട്. ചര്‍ച്ചില്‍ ഉറങ്ങിയ കിടക്കയില്‍ കിടക്കാമെന്ന വാഗ്ദാനവും നല്‍കുന്നുണ്ട്. എന്നാല്‍ ഈ ക്ഷണം ബ്ലയര്‍ സ്വീകരിച്ചില്ല. ഇത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പിന്നീടൊരിക്കല്‍ ബ്ലയര്‍ ഡര്‍ഹാമില്‍ വന്നിട്ടുണ്ടോയെന്ന് ക്ലിന്റണ്‍ ചോദിക്കുന്നുണ്ട്. ഡര്‍ഹാം പളളിയെക്കുറിച്ച് ക്ലിന്റണ്‍ വാചാലനാകുന്നതോടെ ബ്ലെയര്‍ താന്‍ ഈ പളളിയിലെ ക്വയര്‍ ബോയ് ആയിരുന്നുവെന്ന രഹസ്യവും വെളിപ്പെടുത്തുന്നുണ്ട്. ബ്ലെയര്‍ ഇപ്പോഴും ഒരു ക്വയര്‍ ബോയിയെ പോലെ തന്നെ തോന്നിക്കുന്നു എന്നായിരുന്നു ക്ലിന്റന്റെ പ്രതികരണം. 1997ലെ വന്‍ വിജയത്തില്‍ ബ്ലെയറിനെ വിളിച്ച് ക്ലിന്‍ന്‍ അഭിനന്ദനമറിയിക്കുകയും ചെയ്തു. ക്ലിന്റനാണ് തന്റെ വഴികാട്ടിയെന്നാണ് ബ്ലെയര്‍ ഇതിനോട് പ്രതികരിച്ചത്.