ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയിലായ എന്‍എച്ച്എസ് ആശുപത്രികളെ ബുദ്ധമുട്ടില്‍ നിന്ന് കരകയറ്റാന്‍ വിചിത്രമായ പദ്ധതിയെന്ന് ആരോപണം. നിലവില്‍ ആശുപത്രി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമി വില്‍പന നടത്താനുള്ള രഹസ്യ പദ്ധതി തയ്യാറാകുന്നു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വില്‍പനയ്ക്കായുള്ള ഭൂമിയുടെ അളവ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഇരട്ടിയാക്കിയെന്നും രേഖകള്‍ പറയുന്നു. ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി പോലും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നാണ് വിവരം. 1300 ഹെക്ടറില്‍ പകുതിയുടെ വിവരങ്ങള്‍ വിവാദമാകുമെന്നതിനാല്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
എന്‍എച്ച്എസിനു വേണ്ടി 10 ബില്യന്‍ പൗണ്ട് കണ്ടെത്തുന്നതിനാണ് വസ്തു വില്‍പനയ്ക്ക് തെരേസ മേയ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. അതിനായി നിഷ്‌ക്രിയ ആസ്തിയായി കിടക്കുന്ന ഭൂമി കണ്ടെത്താന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ആണ് വിവാദത്തിന് കാരണമായ വെളിപ്പെടുത്തല്‍ നടത്തിയത്. വില്‍പനയ്ക്കായി കണ്ടെത്തിയ 543 പ്ലോട്ടുകളില്‍ 117 എണ്ണവും നിലവില്‍ ആശുപത്രി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് ലേബര്‍ ആരോപിക്കുന്നു. ഈ ഭൂമി മെഡിക്കല്‍, ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണെന്ന് ലേബര്‍ നടത്തിയ അവലോകനത്തില്‍ കണ്ടെത്തി.
1332 ഹെക്ടറാണ് വില്‍പനയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 63 സൈറ്റുകളിലായുള്ള 734 ഹെക്ടറിനേക്കുറിച്ചുള്ള വിവരങ്ങളാണ് രഹസ്യമായി വെച്ചിരിക്കുന്നത്. വിവാദ സാധ്യത മുന്നില്‍ക്കണ്ടാണ് ടോറികളുടെ ഈ നീക്കമെന്നാണ് ആരോപിക്കപ്പെടുന്നത്. വര്‍ഷങ്ങളായി ആവശ്യത്തിന് ഫണ്ടുകള്‍ നല്‍കാത്തതു മൂലമാണ് എന്‍എച്ച്എസ് പ്രതിസന്ധിയിലായതെന്നും അതുമൂലമാണ് ഈ വിധത്തില്‍ ഭൂമി വില്‍പന നടത്തേണ്ടി വരുന്നതെന്നും ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.
Leave a Reply