ലണ്ടന്‍: എനര്‍ജി ബില്ലുകളിലെ അനിശ്ചിതത്വത്തില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റനെ കുറ്റപ്പെടുത്തി ലേബര്‍ പാര്‍ട്ടി. എനര്‍ജി നിരക്ക് ഇനത്തില്‍ ഓരോ കുടുംബത്തിനും 1000 പൗണ്ടിന്റെ അധികച്ചെലവാണ് ടോറികള്‍ വരുത്തിവെച്ചിരിക്കുന്നതെന്ന് ലേബര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഇലക്ട്രിസിറ്റി, ഗ്യാസ് കമ്പനികള്‍ വരുത്തിയ നിരക്കു വര്‍ദ്ധനകള്‍ നിയന്ത്രിക്കാന്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിയ ടോറി ഗവണ്‍മെന്റുകള്‍ പരാജയപ്പെട്ടുവെന്നും ഇപ്പോള്‍ എനര്‍ജി പ്രൈസ് ക്യാപ് ഏര്‍പ്പെടുത്തേണ്ടി വരുന്നത് കാലങ്ങളായി ഉദാസീന സമീപനം സ്വീകരിച്ചതിനാലാണെന്നും പ്രധാന പ്രതിപക്ഷകക്ഷിയായ ലേബര്‍ ആരോപിക്കുന്നു.
2010 മുതല്‍ എനര്‍ജി ബില്ലുകള്‍ വര്‍ദ്ധിക്കുന്നതിനെതിരെ നടപടിയെടുക്കുമെന്നാണ് ഗവണ്‍മെന്റുകള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നിരക്കുകള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറയുന്നില്ലെന്ന് ഷാഡോ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയിലി പറഞ്ഞു. 2010ല്‍ സാധാരണ മട്ടില്‍ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു വീടിന് ഇരു ബില്ലുകളിലുമായി 1038 പൗണ്ടായിരുന്ന വര്‍ഷം നല്‍കേണ്ടി വന്നിരുന്നത്. 2017ല്‍ ഇത് 1116 പൗണ്ടായി മാറി. എന്നാല്‍ ചില വര്‍ഷങ്ങളില്‍ ഈ തുക 1200 പൗണ്ടിന് മുകളിലെത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി തയ്യാറാക്കിയ കണക്കുകള്‍ അനുസരിച്ച് ശരാശരി വീടുകള്‍ക്ക് 957 പൗണ്ടിന്റെ അധികച്ചെലവ് പ്രതിവര്‍ഷം എനര്‍ജി ബില്ലുകളില്‍ ഉണ്ടാകുന്നുണ്ട്. കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് നേരത്തേ തടയിട്ടിരുന്നെങ്കില്‍ ജനങ്ങള്‍ക്കു മേല്‍ ഈ അധികഭാരം ഉണ്ടാവില്ലായിരുന്നു. ഇതിന്റെയൊക്കെ ഫലമായി ബിഗ് സിക്‌സ് എന്നറിയപ്പെടുന്ന എനര്‍ജി ഭീമന്‍മാരുടെ ലാഭത്തില്‍ പതിന്‍മടങ്ങ് വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. 2.5 മില്യന്‍ ജനങ്ങള്‍ ഇതു മൂലം കഷ്ടത അനുഭവിക്കുന്നുണ്ടെന്നും ലേബര്‍ പറഞ്ഞു.
Leave a Reply