ജോജി തോമസ്
ബ്രിട്ടണിലെ പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കി തങ്ങളുടെ നയം വ്യക്തമാക്കി. കടുത്ത വലതുപക്ഷ ചിന്താഗതിയുള്ളതും, സാധാരണക്കാരെയും ഇടത്തരക്കാരെയും കാര്യമായി ബാധിക്കുന്നതുമായ നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി തെരേസാ മേയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ളത്. കഴിഞ്ഞ കണ്‍സര്‍വേറ്റീവ് ഭരണകാലത്ത് ഭരണ പങ്കാളിത്തമുണ്ടായിരുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഇന്നലെ പുറത്തിറക്കിയ പ്രകടന പത്രിക 2020 മുതല്‍ ടീസല്‍ കാറുകളുടെ ഉത്പാദനം നിരോധിക്കുക, ബ്രെക്സിറ്റ് സംബന്ധിച്ച് പുതിയ ഹിതപരിശോധന നടത്തുക എന്നീ നിര്‍ദ്ദേശങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ഡീസല്‍ കാറുകളുടെ ഉത്പാദനം നിരോധിക്കാനുള്ള നിര്‍ദ്ദേശം മോട്ടോറിസ്റ്റുകളുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി.
തീവ്രചിന്താഗതിക്കാരായ ബ്രിട്ടീഷുകാരെ സംതൃപ്തരാക്കാന്‍ വേണ്ടതെല്ലാം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടന പത്രികയിലുണ്ട്. കുടിയേറ്റം പരമാവധി കുറയ്ക്കുമെന്നും ബ്രെക്സിറ്റ് അതിന്റെ പൂര്‍ണ രൂപത്തില്‍ നടപ്പിലാക്കുമെന്ന വാഗ്ദാനവുമെല്ലാം ഇതിലുള്‍പ്പെടുന്നു. ലേബര്‍ വോട്ടേഴ്സിനെ സ്വാധീനിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനുള്ള ധനസഹായം വര്‍ധിപ്പിക്കാന്‍ കണ്‍സര്‍വേറ്റീവുകള്‍ ലക്ഷ്യമിടുന്നു. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണ് തെരേസാ മേയ് ലക്ഷ്യമിടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഹാലിഫാക്സ് ആണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കാന്‍ ടോറികള്‍ തെരഞ്ഞെടുത്തത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലുള്ളത് സാധാരണക്കാരന്റെ ജീവിതത്തെ സാരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങളാണെന്ന് ആക്ഷേപം പൊതുജനങ്ങളുടെ ഇടയില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. ലക്ഷക്കണക്കിനു വരുന്ന വയോധികര്‍ക്ക് ശീതകാലത്ത് നല്‍കിയുന്ന ഫ്യുവല്‍ അലവന്‍സ് വെട്ടിച്ചുരുക്കുവാനും പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്ന സൗജന്യ ഭക്ഷണം നിര്‍ത്തലാക്കാനും സോഷ്യല്‍ കെയര്‍ ഫണ്ടിംഗ് സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കാനുമുള്ള കണ്‍സര്‍വേറ്റീവുകളുടെ നിര്‍ദ്ദേശങ്ങള്‍ ഇതിന് ഉദാഹരണമാണ്. സൗജന്യ ബസ് യാത്രയും കണ്ണു പരിശോധനയും പോലുള്ള പെന്‍ഷനേഴ്സിന്റെ പല ബെനിഫിറ്റുകളും വെട്ടിക്കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് ടോറികള്‍. ഇതിനിടയില്‍ ടെലിവിഷനിലൂടെ പരസ്യ സംവാദനത്തിനുള്ള ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെ ക്ഷണം തെരേസാ മേയ് നിരസിച്ചു. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ അധിഷ്ഠിതമായുള്ള ടെലിവിഷന്‍ സംവാദം ദോഷകരമായി ബാധിക്കുമെന്നതിലാണ് തെരേസ മേയ് ഒഴിഞ്ഞുമാറുന്നതെന്ന് കരുതപ്പെടുന്നു.
Leave a Reply