ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന കലാപങ്ങളെ ന്യായീകരിച്ച കൺസർവേറ്റീവ് ഷാഡോ വെൽഷ് സെക്രട്ടറി, ലോർഡ് (ബൈറോൺ) ഡേവീസ് ക്ഷമാപണവുമായി രംഗത്ത്. മെയിൽ ഓൺ സൺഡേ കോളമിസ്റ്റായ ഡാൻ ഹോഡ്ജസുമായി നടത്തിയ സംവാദത്തിലാണ് ലോർഡ് ഡേവിസ് വിവാദ പ്രസ്‌താവന ഇറക്കിയത്. കലാപത്തിൽ കെയർ സ്റ്റാർമറെയും യെവെറ്റ് കൂപ്പറെയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് ഡാൻ ഹോഡ്ജസ് പറഞ്ഞു. ടോറികൾ 14 വർഷമായി അധികാരത്തിലിരുന്നെങ്കിൽ ലേബർ അധികാരത്തിൽ വന്നിട്ട് നാലാഴ്ച മാത്രമാണ് ആയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റുവാണ്ട ബില്ലിനെ ലേബർ പാർട്ടി 130-ലധികം തവണ തടഞ്ഞുവെന്ന് പ്രസ്താവിച്ചു കൊണ്ട് ഗോവറിൻ്റെ മുൻ എംപിയായ ഡേവീസ് രാഷ്ട്രീയ പശ്ചാത്തലത്തിൽ സംഭവങ്ങളെ ന്യായികരിക്കുകയായിരുന്നു. ലേബറിൻ്റെ വെൽഷ് സെക്രട്ടറി ജോ സ്റ്റീവൻസ് ഡേവിസിൻ്റെ പരാമർശങ്ങളെ ജനങ്ങളെ വഴിതെറ്റിക്കുന്നതാണെന്ന് വിമർശിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. വംശീയ അതിക്രമങ്ങൾ ഒരിക്കലും ന്യായികരിക്കാൻ കഴിയില്ല എന്നും അവർ കൂട്ടിച്ചേർത്തു.

വെയിൽസിലെ എല്ലാ സീറ്റുകളും ടോറികൾക്ക് നഷ്ടപ്പെട്ടതിന് ശേഷം ഇപ്പോൾ സ്റ്റീവൻസിന് ഷാഡോയായി നിൽക്കുന്ന ഡേവീസ് തൻെറ വിവാദ പ്രസ്താവനയ്ക്ക് ക്ഷമാപണവുമായി രംഗത്ത് വന്നിരുന്നു. കുടിയേറ്റത്തെയും സംഘടിത കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള ലേബറിൻ്റെ നിഷേധാത്മക നിലപാടിനെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ ദിവസം നടന്ന കലാപങ്ങളിൽ കുടിയേറ്റ വിരുദ്ധ അനുഭാവികൾ പോലീസിനെ ആക്രമിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. വിവിധ സ്ഥലങ്ങളിൽ നടന്ന കലാപങ്ങൾക്ക് പിന്നാലെ 90-ലധികം പേരെ അറസ്റ്റ് ചെയ്‌ത വാർത്ത നേരത്തെ മലയാളം യുകെ ന്യൂസിൽ വന്നിരുന്നു.