സസെക്‌സ്: ഞായറാഴ്ച സസെക്‌സിലെ ബീച്ചില്‍ അനുഭവപ്പെട്ട രാസ മൂടല്‍മഞ്ഞിനു കാരണം ഏതെങ്കിലും കപ്പലില്‍നിന്ന് പുറന്തള്ളപ്പെട്ട വാതകങ്ങളായിരിക്കാമെന്ന് നിഗമനം. നൂറ്റമ്പതോളം പേരാണ് സസെക്‌സിലെ രാസമേഘം മൂലം അസ്വസ്ഥതകളുമായി ചികിത്സ തേടിയത്. പരിസ്ഥിതി ഏജന്‍സിയുമായി ചേര്‍ന്ന് മാരിടൈം ആന്‍ഡ് കോസ്റ്റ് ഗാര്‍ഡ് ഏജന്‍സി മേഘത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. മേഘത്തിന്റെ സാന്നിധ്യം മൂലം ഈസ്റ്റ് സസെക്‌സിലെ ബേര്‍ലിംഗ് ഗ്യാപ് ബീച്ച് ഒഴിപ്പിച്ചിരുന്നു.
ഇതേ വരെ മേഘത്തിന്റെ ഉറവിടത്തേക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല. ഫ്രാന്‍സില്‍ നിന്നായിരിക്കാം ഈ രാസമേഘം എത്തിയതെന്ന് വരെ ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. കപ്പലുകളില്‍ നിന്ന് പുറത്തു വന്ന വാതകങ്ങളായിരിക്കാമെന്നാണ് ശക്തമായ ഒരു അഭിപ്രായം. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈസ്റ്റ് സസെക്‌സ് തീരത്തിനടുത്തുണ്ടായിരുന്ന ഒരു ബോട്ടില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ നിയോഡാസ് എന്ന സാറ്റലൈറ്റ് ഇമേജിംഗ് ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്.
3.5 കിലോമീറ്ററോളം നീളത്തിലുള്ള പുകയാണ് ഈ ബോട്ടില്‍ നിന്ന് ഉയര്‍ന്നത്. ആ സമയത്ത് ഉണ്ടായിരുന്ന കാറ്റ് ഈ പുകയെ തീരത്ത് എത്തിച്ചതാണോ എന്ന് സ്ഥിരീകരിക്കണമെന്ന് നിയോഡാസ് മെറ്റ് ഓഫീസിനോട് ആവശ്യപ്പെട്ടു. അന്തരീക്ഷമലിനീകരണം നിരീക്ഷിക്കുന്ന രണ്ട് സൈറ്റുകളും കപ്പലുകളില്‍ നിന്ന് പുറന്തള്ളപ്പെട്ട വാതകമാകാം ഇതെന്ന് പറയുന്നു.
Leave a Reply