സര്‍ജന്‍മാര്‍ തമ്മിലുള്ള തീരാപ്പക മൂലം ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് ആശുപത്രിയിലെ ഹാര്‍ട്ട് യൂണിറ്റില്‍ മരണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ മൈക്ക് ബെവിക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. ഡോക്ടര്‍മാര്‍ തമ്മിലുള്ള ശത്രുത രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൗത്ത് ലണ്ടനിലുള്ള ഈ ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി മരണ നിരക്ക് 3.7 ശതമാനമാണ്. ദേശീയ ശരാശരിയായ 2 ശതമാനത്തിനു മേല്‍ മരണ നിരക്ക് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ റിവ്യൂ നടത്തിയത്. രഹസ്യ റിപ്പോര്‍ട്ട് ചോരുകയായിരുന്നു.
ആശുപത്രിയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ പ്രാചീന ഗോത്ര വിഭാഗങ്ങള്‍ പുലര്‍ത്തുന്നതിനു സമാനമായ ശത്രുതയാണ് പുലര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ആഭ്യന്തര വിലയിരുത്തല്‍ ശരിയായ വിധത്തിലല്ല നടന്നത്. പ്രൊഫസര്‍ ബെവിക്കിന്റെ റിവ്യൂവില്‍ വിചിത്രമായ ചില കണ്ടെത്തലുകളും ഉണ്ട്. ചിലര്‍ക്ക് ആശുപത്രിയില്‍ ഒരു ദുരൂഹമായ അന്തരീക്ഷം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ തമ്മിലുള്ള ശത്രുതയ്ക്ക് ചില ഇരുണ്ട ശക്തികളുടെ പ്രഭാവമാണെന്നും റിവ്യൂവില്‍ പറയുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനത്തിലുണ്ടായിരിക്കുന്ന പരാജയത്തിന് മുഴുവന്‍ ജീവനക്കാരും ഉത്തരവാദികളാണ്. പ്രൊഫഷണല്‍ ബന്ധങ്ങള്‍ വളര്‍ത്തുന്നതിലും സര്‍ജിക്കല്‍ മൊറാലിറ്റി കാത്തുസൂക്ഷിക്കുന്നതിലും ഇവര്‍ പരാജയപ്പെട്ടെന്നും റിവ്യൂ വ്യക്തമാക്കുന്നു.
സര്‍ജിക്കല്‍ ടീം ആന്തരികമായും ബാഹ്യമായും പ്രവര്‍ത്തന രഹിതമായെന്ന് കാണേണ്ടി വരുമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. മരണനിരക്ക് ഉയരാന്‍ കാരണമായത് ജീവനക്കാരുടെ ശത്രുതാ മനോഭാവമാണ്. ശക്തമായ നേതൃത്വത്തെയും പുതിയ ജീവനക്കാരെയും ഇവിടെ നിയോഗിക്കേണ്ടി വരുമെന്നും ബെവിക്ക് വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ എല്ലാ കാര്‍ഡിയാക് സര്‍ജന്‍മാരെയും സിംഗിള്‍ സ്‌പെഷ്യാലിറ്റി പ്രാക്ടീസിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
Leave a Reply