ലണ്ടന്‍: വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകൡ നല്‍കി വരുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും അപകടകരമായ കീടനാശിനികളുടെ അംശം കണ്ടെത്തി. ഭക്ഷണത്തിനൊപ്പം നല്‍കുന്ന ആപ്പിള്‍, വാഴപ്പഴം, കാരറ്റ്, പിയര്‍, തക്കാളി, റെയ്‌സിന്‍സ് എന്നിവയുടെ 84 ശതമാനവും കീടനാശിനികള്‍ അടങ്ങിയവയാണെന്നാണ് കണ്ടെത്തല്‍. നാല് മുതല്‍ ആറ് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി നല്‍കുന്ന ഈ ഭക്ഷണത്തില്‍ ഒന്നിലേറെ കീടനാശിനികളുടെ അംശമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്ന 40 മില്യന്‍ പൗണ്ടിന്റെ ഈ പദ്ധതിക്ക് ഓരോ വര്‍ഷവും 20 ലക്ഷത്തോളം കുട്ടികള്‍ ഗുണഭോക്താക്കളാകുന്നുണ്ട്.
കുട്ടികള്‍ക്ക് നല്‍കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും 2000 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 66 ശതമാനത്തിലും ഒന്നിലേറെ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. റെയ്‌സിനനുകളുടെ സാംപിളുകളില്‍ 100 ശതമാനവും കീടനാശിനികള്‍ അടങ്ങിയവയാണെന്ന് കണ്ടെത്തി. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ് വര്‍ക്ക് യുകെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുട്ടികളെ കീടനാശിനികളില്‍ നിന്ന് രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിനു കീഴില്‍ സ്‌കൂള്‍ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ സ്‌കീം അനുസരിച്ച് നല്‍കുന്ന പച്ചക്കറികളിലും പഴങ്ങളിലും മനുഷ്യന് ഹാനികരമായ ഒന്നിലേറെ കീടനാശിനികള്‍ ഉള്ളതായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലും വിപണിയിലും ലഭിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും സ്‌കൂളുകളില്‍ ലഭിക്കുന്നവയേക്കാള്‍ കുറഞ്ഞ അളവില്‍ മാത്രമേ കീടനാശിനികള്‍ അടങ്ങിയിട്ടുള്ളുവെന്നും വ്യക്തമായിട്ടുണ്ട്.
Leave a Reply