സ്വന്തം ലേഖകൻ

ലണ്ടൻ : ബോറിസ് ജോൺസൻ പ്രഖ്യാപിച്ച നിയന്ത്രണ ഇളവുകളിൽ ആശയകുഴപ്പമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ. വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ സാധിക്കാത്തവർക്ക് ജോലിസ്ഥലത്തേക്ക് ഇന്ന് മുതൽ മടങ്ങാൻ കഴിയും. എന്നാൽ രാജ്യത്ത് രോഗം പടരുന്ന ഈയൊരവസ്ഥയിൽ ജോലി സ്ഥലത്തേക്ക് മടങ്ങുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിൽ ആശങ്കകൾ ഉയരുന്നു. നിർമാണ ജോലിക്കാരെ ജോലിയിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കണമെന്ന് ജോൺസൻ പറഞ്ഞിരുന്നു. എന്നാൽ റോഡ് മാപ്പ് വളരെ ആശയക്കുഴപ്പത്തിലാണെന്നും ജോലിയിൽ പ്രവേശിക്കുന്ന ആളുകളെ സംരക്ഷിക്കുന്നതിന് സുപ്രധാന നടപടികൾ കാണുന്നില്ലെന്നും ട്രേഡ് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി. തൊഴിലാളികളെ എങ്ങനെ സുരക്ഷിതരാക്കും എന്നതിനെക്കുറിച്ച് സർക്കാർ ഇപ്പോഴും മാർഗനിർദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് ടി.യു.സി ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒ ഗ്രേഡി പറഞ്ഞു. “സമ്പദ്‌വ്യവസ്ഥ ഉയരണമെന്ന് മന്ത്രിമാർ ആഗ്രഹിക്കുന്നുവെങ്കിൽ ശുചിത്വം, സാമൂഹിക അകലം എന്നിവ സംബന്ധിച്ച് ഞങ്ങൾക്ക് കർശനമായ നിയമങ്ങൾ ആവശ്യമാണ്. ഒപ്പം ആവശ്യമായ പിപിഇയും തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങളും സർക്കാർ ഉറപ്പാക്കണം. ” ; ജി‌എം‌ബി യൂണിയന്റെ ആക്ടിംഗ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്സ് പറഞ്ഞു. സമ്പദ്‌വ്യവസ്ഥ പോലെ തന്നെ തൊഴിലാളികളുടെ ജീവനും പ്രധാനമാണെന്ന് യൂണിസൺ ജനറൽ സെക്രട്ടറി ഡേവ് പ്രെന്റിസ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് മുമ്പ് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണെന്ന് ബിസിനസ്സ് നേതാക്കൾ പറഞ്ഞു. ഫാക്ടറി ഉദ്യോഗസ്ഥർ ജോലിയിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നതായി നിർമാതാക്കളുടെ വ്യാപാര ഗ്രൂപ്പായ മെയ്ക്ക് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ഫിപ്‌സൺ പറഞ്ഞു. എങ്കിലും അതിനെപ്പറ്റി വ്യക്തമായ ഉപദേശം നൽകുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബ്രിട്ടനിലുടനീളമുള്ള സാമൂഹിക ജീവിതത്തിലെയും ബിസിനസ് പ്രവർത്തനത്തിലെയും നിയന്ത്രണങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി, ജൂൺ ആദ്യം മുതൽ കടകൾ വീണ്ടും തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കർശനമായി സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും കടകൾ പ്രവർത്തിക്കുക. ജോലിയിൽ തിരിച്ചെത്തുന്നവർ സാധ്യമെങ്കിൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജോൺസൺ പറഞ്ഞു. എന്നാൽ പൊതുഗതാഗതം ഉപയോഗിക്കാതെ ആളുകൾക്ക് ജോലിക്ക് പോകാമെന്ന ജോൺസന്റെ ആശയം പരിഹാസ്യമായ ഒന്നാണെന്ന് ടിഎസ്എസ്എ ട്രാൻസ്പോർട്ട് യൂണിയൻ ജനറൽ സെക്രട്ടറി മാനുവൽ കോർട്ടസ് അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ തൊഴിലാളികളുടെ സുരക്ഷയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.

അതിനിടെ സർക്കാരിന്റെ “സ്റ്റേ അലെർട്ട് ” സന്ദേശം എന്താണെന്ന് വ്യക്തമാക്കാൻ ജോൺസൻ ശ്രമിച്ചു. “വീട്ടിൽ കഴിയുക, എൻ എച്ച് എസിനെ സംരക്ഷിക്കുക, ജീവൻ രക്ഷിക്കുക” എന്ന ഔദ്യോഗിക മുദ്രാവാക്യം , ഇളവുകൾ പ്രഖ്യാപിച്ചതോടെ “ജാഗ്രത പാലിക്കുക, വൈറസിനെ തടയുക, ജീവൻ രക്ഷിക്കുക ” എന്നതായി മാറി. ‘ജാഗ്രത പാലിച്ച്, നിയമങ്ങൾ പാലിച്ചുകൊണ്ട് വൈറസിനെ നിയന്ത്രിക്കാൻ സഹായിക്കുന്നതിൽ എല്ലാവർക്കും പങ്കുണ്ട്. കൊറോണ വൈറസിൽ നിന്ന് കരകയറാൻ തുടങ്ങുമ്പോൾ ജീവൻ സംരക്ഷിക്കുന്നത് ഇങ്ങനെയാണ്.” ജോൺസൻ വ്യക്തമാക്കി. എന്നാൽ പുതിയ മുദ്രാവാക്യത്തിന് വ്യക്തത ഇല്ലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ആറാഴ്ച നിലനിന്ന ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ രോഗവ്യാപനം ഉയരുമോ എന്ന ആശങ്കയിലാണ് അവർ. എന്നിരുന്നാലും പ്രധാനമായി എവിടിരുന്നാലും കുറഞ്ഞത് 2 മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നുണ്ട്.