ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രീൻലാൻഡിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള ഡൊണൾഡ് ട്രംപിന്റെ പദ്ധതികളെ എതിര്‍ക്കുന്ന രാജ്യങ്ങൾക്ക് 10% ഇറക്കുമതി നികുതി ചുമത്തുമെന്ന ഭീഷണിക്കെതിരെ ശക്തമായ നിലപാടുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ രംഗത്ത് വന്നു . ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ പ്രസംഗത്തിൽ, പ്രശ്നങ്ങൾ തീർക്കേണ്ടത് ശാന്തമായ ചർച്ചകളിലൂടെയാണെന്നും, സഖ്യരാജ്യങ്ങൾക്കെതിരെ താരിഫ് ഏർപ്പെടുത്തുന്നത് ശരിയായ മാർഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻലാൻഡിന്റെ ഭാവി അവിടത്തെ ജനങ്ങളും ഡെൻമാർക്കും തീരുമാനിക്കേണ്ടതാണെന്ന നിലപാടും സ്റ്റാർമർ ആവർത്തിച്ചു.

യുകെ–യു.എസ്. ബന്ധത്തിന്റെ സാമ്പത്തികവും സൈനികവുമായ പ്രാധാന്യം ചൂണ്ടിക്കാട്ടിയ സ്റ്റാർമർ, തർക്കം വഷളാക്കാതെ പ്രായോഗിക സമീപനമാണ് വേണ്ടതെന്ന് പറഞ്ഞു. ഗ്രീൻലാൻഡിനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കും എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ്. നികുതി ഭീഷണി യുകെയിൽ വളരെ മോശമായി സ്വീകരിക്കപ്പെട്ടതായി സ്റ്റാർമർ പറഞ്ഞു. പ്രതികാര താരിഫുകളിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും, അതിലേക്ക് പോകാതിരിക്കാൻ തന്നെയാണ് ഉദ്യമമെന്നും ശ്രദ്ധയെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് കെമി ബാഡിനോക് ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയുടെ നിലപാടിന് പിന്തുണ അറിയിച്ചു.

ട്രംപ് പ്രഖ്യാപിച്ച താരിഫുകൾ നടപ്പായാൽ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽയിരുന്നു . യു.എസ്. യുകെയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായതിനാൽ, പുതിയ നികുതികൾ ജിഡിപിയിൽ 0.5% വരെ കുറവുണ്ടാക്കാമെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ ഓഹരി വിപണികളിലും ഇതിനകം തന്നെ ആശങ്ക പ്രകടമായി. ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ സ്ഥാനം, റഷ്യയിൽ നിന്നും ചൈനയിൽ നിന്നുള്ള ഭീഷണികൾ എന്നിവയാണ് തർക്കത്തിന്റെ പശ്ചാത്തലം. പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ബ്രിട്ടന്റെ നിലപാടെന്നും, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സംരക്ഷിക്കേണ്ടത് തൊഴിലാളികളുടെയും സമ്പദ്‌വ്യവസ്ഥയുടെയും താൽപര്യമാണെന്നും സ്റ്റാർമർ പറഞ്ഞു.











Leave a Reply