പ്രണയിച്ചതിന്റെ പേരിൽ അച്ഛന്റെ കൈകൊണ്ട് മരണം ഏറ്റുവാങ്ങിയ ആതിരയെ കേരളം മറന്നുതുടങ്ങിയിട്ടില്ല, അതിന് മുമ്പേ കെവിനും. അന്ന് അച്ഛനാണ് ഘാതകനെങ്കിൽ ഇന്ന് പ്രണയിച്ച പെൺകുട്ടയുടെ സഹോദരനും പടയുമാണ് കെവിനെ കൊന്നുതള്ളിയത്. പ്രണയിച്ചവരോടൊത്തുള്ള ജീവിതം ഒരുപാട് സ്വപ്നം കണ്ടവരായിരുന്നു ആതിരയും കെവിനും.

ജാതിഭ്രാന്തിന്റെ അവസാനത്തെ ഇരയാകണം എന്റെ ആതിര. പലതവണ അടികൊണ്ടിട്ടും ആതിര പറഞ്ഞത്. “എന്തുവന്നാലും ബ്രിജേഷിന്റെ കൂടെയേ ജീവിക്കൂ, വേറെ ആരുടെ കൂടെയും ഈ ജന്മം ജീവിക്കാനാവില്ല” എന്നായിരുന്നു. മറ്റൊരാളുമായി കല്യാണം ആലോചിക്കാൻ തുടങ്ങിയ സമയത്ത് എന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോൾ പ്രണയം മുറുകെപിടിച്ച് ആതിര പറഞ്ഞു, ബ്രിജേഷേട്ടനോടൊപ്പം ജീവിച്ചാൽ മതിയെന്ന്.

അച്ഛനെ ഭയന്ന് വീട്ടിൽ നിന്നും ഇറങ്ങി കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടിയിട്ടുണ്ട് പലകുറി ആതിര. എല്ലാ പ്രതിസന്ധികളും അവസാനിച്ചുവെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അച്ഛനെ ദുരഭിമാനം തലപൊക്കിയത്.

ഫാമിലി കോട്ടേഴ്സ് ശരിയാക്കി ആതിരയെ കൂടെകൊണ്ടുപോകാൻ 45 ദിവസത്തെ അവധിയുമെടുത്താണ് ബ്രിജേഷ് എത്തിയത്. ദുരഭിമാനത്തിൽ വെന്തുവെണ്ണീറായത് ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായിരുന്നു.

അതുപോലെ തന്നെയാണ് നീനുവും. ‘ഇന്ന് രാവിലെ മുതൽ കെവിൻചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല”, കണ്ണീരോടെയാണ് ആ പെൺകുട്ടി അഭയത്തിനായി പൊലീസിനെ സമീപിച്ചത്. എല്ലാ കാത്തിരിപ്പുകളും വിഫലമായി. മാരകമുറിവുകളോടെ കെവിന്റെ മൃതദേഹം തോട്ടിൽ നിന്നും ലഭിച്ചു. മരണത്തിനും പ്രതികാരത്തിനും ശേഷം ബാക്കിയാകുന്നത് കാത്തിരിക്കാൻ യാതൊന്നുമില്ലാതെ പ്രതീക്ഷിക്കാൻ യാതൊന്നുമില്ലാതെ ജീവിതം ജീവിച്ചുതീർക്കുന്ന ഇത്തരം ചില ജീവിതങ്ങളാണ്. ദുരഭിമാനകൊലകൾ പെരുകുമ്പോൾ പ്രതീക്ഷയറ്റ അവരുടെ ജീവിതത്തിന് ആര് ഉത്തരം പറയും? നഷ്ടപ്പെട്ടതിന്റെ വില അവർക്കും മാത്രം മനസിലാകുന്നതാണ്, അത് തിരികെ നൽകാൻ ദുരഭിമാനത്തിന് സാധിക്കുമോ, ഇനിയും ഇതുപോലെ എത്ര വരാനിരിക്കുന്നു, എന്ന് പഠിക്കും പൊതു സമൂഹം ?