മുത്തശ്ശിയും രണ്ടു പേരക്കുട്ടികളും പാറക്കുളത്തിൽ മുങ്ങി മരിച്ചു. അടിമാലി പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ ചിറയപ്പമ്പിൽ വിനോയി- ജാസ്മിൻ ദമ്പതികളുടെ മക്കളായ അന്ന സാറാ (11), അമയ എൽസാ (ഏഴ്), ജാസ്മിന്റെ അമ്മ ഇണ്ടിക്കുഴിയിൽ പരേതനായ ജോസിന്റെ ഭാര്യ എൽസമ്മ (55) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

എൽസമ്മയും പേരക്കുട്ടികളും അയൽവാസിയായ കുമ്പളവയലിൽ അമ്മിണിയും സമീപത്തെ പാറക്കുളത്തിൽ തുണി അലക്കാൻ പോയതായിരുന്നു. തുണി അലക്കുകയായിരുന്ന എൽസമ്മയ്ക്ക് കുളത്തിൽനിന്ന് ബക്കറ്രിൽ വെള്ളം കോരിക്കൊടുക്കുന്നതിനിടെ അന്ന സാറ കാൽവഴുതി വീണു. കുട്ടിയെ രക്ഷിക്കാനായി ഉടൻ എൽസമ്മയും കുളത്തിലേക്ക് ചാടി. ഇവർ രണ്ടു പേരും മുങ്ങിത്താഴുന്നത് കണ്ട് അയൽവാസിയായ അമ്മിണി നാട്ടുകാരെ വിവരമറിയിക്കാൻ ഓടി.

WhatsApp Image 2024-12-09 at 10.15.48 PM

അമയയും പിറകേ വന്നെന്നാണ് അമ്മിണി പറയുന്നത്. എന്നാൽ അമ്മിണിയറിയാതെ അമയ തിരിച്ചു കുളത്തിലേക്കു പോയിരുന്നു. കുളത്തിന്റെ കരയിലെത്തിയ അമയ മുത്തശ്ശിയെയും ചേച്ചിയെയും തിരഞ്ഞ് വെള്ളത്തിലേക്ക് ചാടിയെന്നാണ് നിഗമനം.

അമ്മിണി വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ കുളത്തിൽ നിന്ന് മൂന്നു പേരെയും മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. പണിക്കൻകുടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 5,​ 2 ക്ലാസുകളിലെ വിദ്യാർത്ഥിനികളാണ് മരിച്ച അന്ന സാറയും അമയ എൽസയും. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.