ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്ട്രാബെയ്ൻ : “ഞാൻ ഒരു ദൈവവിശ്വാസി അല്ലെങ്കിലും നരകം എന്നൊന്ന് ഉണ്ടെങ്കിൽ ഞാൻ ജീവിച്ചത് അവിടെയാണ്…” എട്ട് വർഷം മുമ്പ് യൂറോമില്യൺ ജാക്ക്പോട്ട് നേടിയ മാർഗരറ്റ് ലോഫ്രിയുടെ വാക്കുകളാണിത്. 2021 സെപ്റ്റംബർ ഒന്ന് രാവിലെ നോർത്തേൺ അയർലൻഡിലെ സ്ട്രാബെയ്‌നിലെ വീട്ടിൽ ലോഫ്രിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോർട്ടം കൃത്യസമയത്ത് നടത്തുമെന്നും പോലീസ് പറഞ്ഞു. 2013 ൽ 26,863,588 പൗണ്ട് നേടിയ വ്യക്തിയാണ് മാർഗരറ്റ്. അക്കാലത്ത് വടക്കൻ അയർലണ്ടിൽ നേടിയ ഏറ്റവും വലിയ ജാക്ക്‌പോട്ട് ആയിരുന്നു അത്.

വൻ വിജയമുണ്ടായിട്ടും, മാർഗരറ്റ് സ്വന്തം നാട്ടിൽ തന്നെ താമസം തുടർന്നു. “27 മില്യൺ പൗണ്ട് ഉണ്ടായിരുന്നിട്ടും ഏകയായാണ് ജീവിക്കുന്നതെങ്കിൽ അതുകൊണ്ട് അർത്ഥമില്ല. അത് എന്നെ സന്തോഷിപ്പിക്കില്ല. മറ്റുള്ളവരുടെ സന്തോഷം കൊണ്ട് മാത്രമേ എനിക്ക് സന്തോഷിക്കാൻ കഴിയൂ. ഇതുവരെ എല്ലാവരും സന്തുഷ്ടരാണ്.” അവൾ മുമ്പ് പറഞ്ഞിരുന്നു. പബ്, വീടുകൾ, മിൽ എന്നിവയുൾപ്പെടെ ധാരാളം വസ്തുവകകൾ ലോഫ്രി സ്വന്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ പിന്നീട് ജാക്ക്പോട്ട് അവളുടെ ജീവിതത്തെ തകർത്തുകളയുകയായിരുന്നു. 2015 ൽ ടാക്സി ഡ്രൈവറെ ആക്രമിച്ച കുറ്റത്തിന് 150 മണിക്കൂർ സാമൂഹിക സേവനം നടത്തുക എന്ന ശിക്ഷയാണ് അവളെ തേടിയെത്തിയത്. മൂന്നു വർഷത്തിനുശേഷം, മുൻ ജീവനക്കാരനെ പ്രതികാര മനോഭാവത്തിൽ ഭീഷണിപ്പെടുത്തി പുറത്താക്കിയതിന് അവൾക്ക് 30,000 പൗണ്ട് നഷ്ടപരിഹാരം നൽകേണ്ടിവന്നു. ഈ ജാക്ക്പോട്ട് തനിക്ക് നരകതുല്യമായ ജീവിതമാണ് നൽകിയതെന്ന് പിന്നീട് മാർഗരറ്റ് പറഞ്ഞത് ഈ സംഭവങ്ങളുടെ വെളിച്ചത്തിലാണ്. തന്റെ പക്കൽ ഇനി 5 മില്യൺ പൗണ്ട് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും തന്നെ മോഷ്ടാക്കൾ ലക്ഷ്യമിട്ടതായും 2019ൽ മാർഗരറ്റ് പറഞ്ഞു. മാർഗരറ്റ് കൂട്ടിച്ചേർത്തു: “പണം എനിക്ക് ദുഃഖമല്ലാതെ മറ്റൊന്നും കൊണ്ടുവന്നിട്ടില്ല. അത് എന്റെ ജീവിതത്തെ നശിപ്പിച്ചു.”

കഴിഞ്ഞ രണ്ടാഴ്ചയായി ഗുരുതരമായ രോഗത്തിന് വൈദ്യസഹായം തേടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മാർഗരറ്റ് മരിച്ചതെന്ന് സഹോദരൻ വെളിപ്പെടുത്തി. മാനസികരോഗം അവളുടെ ജീവിതത്തെ തകർത്തുകളഞ്ഞതായി അദ്ദേഹം അറിയിച്ചു. തന്റെ നാല് സഹോദരങ്ങൾക്കും സഹോദരിമാർക്കും ഒരു മില്യൺ പൗണ്ട് വീതം നൽകിയ ശേഷം കഴിഞ്ഞ ആറ് വർഷമായി അവൾ കുടുംബത്തിൽ നിന്ന് സ്വയം അകന്നു ജീവിക്കുകയായിരുന്നുവെന്നും പോൾ വെളിപ്പെടുത്തി. തന്റെ സ്വപ്ന ഭവനത്തിന്റെ നിർമാണം പൂർത്തിയാക്കിയതിന് തൊട്ടു പിന്നാലെയാണ് അവളുടെ മരണം. എല്ലാം നേടിയിട്ടും ബംഗ്ലാവിൽ അവസാന നാളുകൾ ഒറ്റയ്ക്കു കഴിയേണ്ടി വന്ന അവസ്ഥ ഖേദകരമാണ്. ഇത് ഒരു കാര്യം നമ്മെ ഓർമിപ്പിക്കുന്നു. ‘ജാക്ക്പോട്ട് നേടാൻ മാത്രം അല്ല, അത് നിലനിർത്തി സന്തോഷകരമായി മുന്നോട്ട് ജീവിക്കാൻ കൂടിയൊരു ഭാഗ്യം വേണം’.