ലണ്ടന്‍: ട്രംപോളീന്‍ ജ്വരം പടര്‍ന്നു പിടിക്കുന്നത് കുട്ടികളുടെ അപകട സാധ്യതകള്‍ ഇരട്ടിയാക്കുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍. കൈകാലുകള്‍ ഒടിഞ്ഞ നിലയില്‍ നിരവധി കുട്ടികളെയാണ് ദിവസവും ആശുപത്രികളില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ ഇന്‍ഡോര്‍ ട്രംപോളീന്‍ പാര്‍ക്കുകളില്‍ നിന്ന് ശരാശരി മൂന്ന് പരിക്കുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് എന്‍എച്ച്എസ് കണക്കുകള്‍ പറയുന്നത്. അസ്ഥികള്‍ക്ക് ഒടിവ്, ഉളുക്ക്, ലിഗമെന്റ് പരിക്കുകള്‍ മുതലായവയ്ക്കാണ് പ്രധാനമായും ചികിത്സ തേടുന്നത്. 1181 കോളുകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്.

2014ല്‍ വെറും മൂന്ന് ട്രംപോളീന്‍ പാര്‍ക്കുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം യുകെയില്‍ നിലവിലുള്ളത് 200 പാര്‍ക്കുകളാണ്. ഇവയുടെ വര്‍ദ്ധനയ്ക്കനുസരിച്ച് പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടാകുന്നു. 2002ല്‍ അമേരിക്കയില്‍ നിന്നാണ് ട്രംപോളീന്‍ ജ്വരം യുകെയില്‍ എത്തിയതെന്നാണ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ട്രംപോളീന്‍ പാര്‍ക്ക്‌സ് പ്രതിനിധി പീറ്റ് ബ്രൗണ്‍ പറയുന്നത്. എത്ര സുരക്ഷിതമാണെങ്കിലും അപകട സാധ്യതകള്‍ ഏറെയുള്ള ഒരു ജിംനാസ്റ്റിക് ഇനമാണ് ഇത്.

മികച്ച രീതിയില്‍ തയ്യാറാക്കിയ ഒരു ട്രംപോളീന്‍ പാര്‍ക്കിന് അപകട സാധ്യകള്‍ കുറച്ചുകൊണ്ട് നല്ല പരിശീലനം നല്‍കാനാകുമെന്നും ബ്രൗണ്‍ വ്യക്തമാക്കി. ഇന്‍ഡോര്‍ പാര്‍ക്കുകളില്‍ നിന്ന് പരിക്കേറ്റ് എത്തുന്നവരുടെ എണ്ണം കൂടുതലാണെന്ന് ഷെഫീല്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ട്രോമ നഴ്‌സ് കോഓര്‍ഡിനേറ്റര്‍ ഡോണ ബ്രെയില്‍സ്‌ഫോര്‍ഡ് പറഞ്ഞു. കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടെ തന്റെ ആശുപത്രിയില്‍ മാത്രം 198 പേര്‍ ചികിത്സ തേടിയെന്നും ഇവര്‍ വ്യക്തമാക്കി.