സമൂഹത്തിലെ ഏറ്റവും വലിയ വ്യവസായമായി മതം മാറുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ് ട്രാൻസ്. അതീവ ഗൗരവമായ വിഷയം ശക്തമായി തന്നെ സ്‌ക്രീനിൽ നിറയ്ക്കുകയാണ് അൻവർ റഷീദ്. ഭക്തി മൂത്തു ഭ്രാന്താവുന്ന സമൂഹത്തിൽ ആൾദൈവങ്ങളുടെ മുഖംമൂടി പിച്ചിച്ചീന്തുകയാണ് ചിത്രം. അറിവുള്ളതാണെങ്കിലും നാം എല്ലാവരും പറയാൻ മടിക്കുന്ന വിഷയം. വിവാദങ്ങൾ ഉടലെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം സത്യങ്ങളെ ഉച്ചത്തിൽ, നല്ല ഉച്ചത്തിൽ വിളിച്ചുപറയുകയാണ് ട്രാൻസ്.

കന്യാകുമാരിയിൽ അനിയനോടൊത്തു താമസിക്കുന്ന മോട്ടിവേഷണൽ സ്‌പീക്കർ വിജു പ്രസാദിനെ പരിചയപ്പെടുത്തി ആരംഭിക്കുന്ന ചിത്രം പിന്നെ അദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രധാന കാര്യങ്ങളിലൂടെ മുന്നേറുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ കാരണം കന്യാകുമാരിയിൽ നിന്നും മുംബൈയിലേക്ക് എത്തിപ്പെടുന്നതും തുടർന്ന് JC ആയി മാറുന്നത് കാണിച്ചുതരുന്നതോടൊപ്പം എൻഗേജിങ് ആയാണ് ഒന്നാം പകുതിയിൽ കഥ പറച്ചിൽ. രണ്ടാം പകുതിയിൽ കുറച്ചുകൂടി ആഴത്തിലാണ് കഥ പറയുന്നത്. JC യുടെ മാനസിക വൈകാരിക തലങ്ങൾ കൈകാര്യം ചെയ്യുന്ന കഥ നല്ലൊരു പ്രീ ക്ലൈമാക്സ് സീൻ നൽകുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫഹദിന്റെ അസാമാന്യ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു fafa ഷോ തന്നെയാണ് ചിത്രം. ചിത്രത്തിലെ ഒരു ഡയലോഗ് പോലെ ; അവന്റെ അഭിനയത്തിനൊരു അവാർഡ് കൊടുക്കേണ്ടിവരും. നസ്രിയയ്ക്ക് നല്ല സ്ക്രീൻ പ്രസൻസ് കിട്ടിയപ്പോൾ കുറച്ചു നേരത്തെ പ്രകടനത്തിലൂടെ ശ്രീനാഥ് ഭാസിയും വിനായകനും പ്രേക്ഷകമനസ്സുകളിൽ ഇടം പിടിക്കുന്നുണ്ട്. സൗബിൻ, ഗൗതം മേനോൻ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങിയവരും നന്നായി സ്‌ക്രീനിൽ നിറയുന്നുണ്ട്. 35 കോടി മുതൽമുടക്കിൽ വന്ന പടം ഗംഭീര കാഴ്ചകളാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. അമൽ നീരദിന്റെ വേറിട്ട ക്യാമറ കാഴ്ചകൾ തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ടതാണ്. മലയാളത്തിൽ ആദ്യമായി ബോൾഡ് ഹൈ സ്പീഡ് സിനിബോട് ക്യാമറ ഉപയോഗിച്ച ചിത്രം കൂടിയാണിത്. അതുപോലെ തന്നെയാണ് സുഷിൻ ശ്യാം, ജാക്ക്സൺ വിജയൻ എന്നിവരുടെ ബിജിഎം. രണ്ടാം പകുതിൽ കുറച്ച് പിന്നോട്ട് വലിയുന്ന കഥയെ കൈവിട്ടുപോകാതെ പിടിച്ചുനിർത്തുന്നത് ശക്തമായ ബിജിഎം ആണ്. ഇടയ്ക്കൊക്കെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാനും സിനിമ മുതിരുന്നുണ്ട്. 2 മണിക്കൂർ 50 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.

മനുഷ്യമനസ്സിനെ കീഴ്പ്പെടുത്തുന്ന വികാരമായി മതം മാറ്റപ്പെടുമ്പോൾ അതിന് പിന്നിൽ ചരടുവലി നടത്തുന്നവരെ കൂടി കാട്ടിത്തരുന്നുണ്ട് ചിത്രം. “ആടുകളെ പോലെ നിങ്ങളുടെ മുമ്പിൽ വരുന്ന പ്രവാചകന്മാരെ വിശ്വസിക്കരുത്. അവർ ചെന്നായ്ക്കളെപോലെ വലിച്ചുകീറും. ” അത്ഭുതപ്രവാചകനും ആൾദൈവങ്ങളുമൊക്കെ അടക്കിവാഴുന്ന സമൂഹത്തിലെ സാധാരണക്കാരന്റെ ജീവിതവും സിനിമ ചർച്ചചെയ്യുന്നു. 35 കോടി തിരിച്ചുപിടിക്കുമോ എന്ന് ചോദിച്ചാൽ അറിയില്ല…രണ്ടാം പകുതിയിലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാവുന്ന ചിത്രമാണ് ട്രാൻസ്. അൻവർ റഷീദിന്റെ ക്രാഫ്റ്റ് ചിത്രത്തിലുടനീളം തെളിഞ്ഞുകാണാം. ഗംഭീര ചിത്രം എന്ന് പറയാൻ കഴിയില്ല. ആഘോഷിക്കാനുള്ള സിനിമ എന്നതിലുപരി ഗൗരവമായ വിഷയത്തെ നല്ല അഭിനയങ്ങളിലൂടെയും ക്വാളിറ്റി മേക്കിങിലൂടെയും മാത്രം അവതരിപ്പിക്കുന്ന ചിത്രമായി ട്രാൻസ് മാറുന്നു.