മേഘാലയയിൽ കിഴക്കൻ ജയിന്‍ഷ്യ മലമടക്കുകളിലെ അനധികൃത കൽക്കരി ഖനികളിലൊന്നില്‍ കുടുങ്ങിയ പതിനേഴോളം തൊഴിലാളികളെ രക്ഷിക്കാന്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും ഇന്ത്യന്‍ ഭരണകൂടം കാര്യമായ ഒരു ശ്രമവും നടത്തിയില്ല. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന് ഇപ്പോള്‍ അയോധ്യയും ശബരിമലയുമാണ് ഇന്ത്യയുടെ നീറുന്ന പ്രശ്നങ്ങള്‍. ബിജെപിയും സഖ്യകക്ഷിയും മേഘാലയാ സര്‍ക്കാര്‍ നിയമവിരുദ്ധ ഖനി മാഫിയയുടെ വാര്‍ത്തകള്‍ പൊതുശ്രദ്ധയില്‍ വരാതെയിരിക്കുവാന്‍ ഈ സംഭവത്തെത്തന്നെ പച്ചയ്ക്ക് കുഴിച്ചുമൂടുവാനാണ് ശ്രമിക്കുന്നത്. എലിക്കുഴികള്‍ എന്നറിയപ്പെടുന്ന ഖനിമടക്കുകളില്‍ കുടുങ്ങിയവരെക്കുറിച്ച് കണ്ണുനീര്‍ പൊഴിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ.
ഈ അവസ്ഥയിലാണ്, ഒടുവില്‍ തന്റെ മകനെത്തിരഞ്ഞ് പോകാന്‍ എഴുപതുകാരനായ ഒരു ദരിദ്ര വൃദ്ധന്‍ മുന്നിട്ടിറങ്ങുന്നത്. അസമിലെ ബംഗനാമാരി സ്വദേശിയായ സോലിബാര്‍ റഹ്മാന്‍ ആണ് മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തന്റെ മകനെ തിരക്കി ഖനിയില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്. ഡിസംബര്‍ 13നാണ് സോലിബാറിന്റെ മകന്‍ മോനിറുള്‍ ഇസ്ലാം ഉള്‍പ്പടെ പതിനേഴിലധികം പേര്‍ മേഘാലയ കിഴക്കൻ ജയിന്‍ഷ്യ മലമടക്കുകളിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയിരിക്കുന്നത്.
380 അടി ആഴമുള്ള ഖനിയിലേക്ക് അടുത്തുള്ള നദിയില്‍ നിന്ന് ശക്തമായി വെള്ളം കയറിയത്തോടെ എലിക്കുഴികള്‍ എന്നറിയപ്പെടുന്ന ഖനിയുടെ ആഴങ്ങളില്‍ തൊഴിലാളികള്‍ കുടുങ്ങിപ്പോവുകയായിരുന്നു. 23 ദിവസമായിട്ടും ഇവരെ പറ്റി യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടശേഷമാണ് പുറം ലോകം ഈ വിവരം അറിയുന്നതുതന്നെ. രക്ഷാപ്രവര്‍ത്തനം പേരിനെങ്കിലും തുടങ്ങിയതും അതിനുശേഷം മാത്രമാണ്. ക്രിസ്തുമസ് അവധിയായതോടെ അതു നിലയ്ക്കുകയും ചെയ്തു. ഭരണകൂടം കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് 19 വയസ്സുകാരന്‍ മോനിറുളിന്റെ പിതാവ് സോലിബാര്‍ ഖനിയില്‍ ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
“കല്‍ക്കരി ഖനിയില്‍ 30 വര്‍ഷം ജോലി ചെയ്തവനാണ് ഞാന്‍. അതിലുള്ളിലെ കാര്യങ്ങള്‍ എനിക്കറിയാം, എങ്ങനെയാണ് ഖനിയിലേക്ക് ഇറങ്ങേണ്ടതെന്നും കയറേണ്ടതെന്നും. എന്റെ മകന്‍ അതിനുള്ളിലുണ്ട്. ഞാന്‍ പോകും. എനിക്ക് അവനെ തിരഞ്ഞ് പോയേ തീരൂ.’ കണ്ണുനീര്‍ പോലും മരവിച്ച മിഴികളോടെ, ശൂന്യതയിലേക്ക് നോക്കി അടക്കിപ്പിടിച്ച വികാരത്തോടെ ആ എഴുപതുകാരനായ അച്ഛന്‍ പിറുപിറുക്കുമ്പോള്‍ നമുക്ക് മറുവാക്കില്ല.
‘ഖനിയിലെ എന്റെ 30 വര്‍ഷത്തെ തൊഴിലില്‍ ഒരുപാട് മരണങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ കൂടെയുണ്ടായിരുന്ന തൊഴിലാളികളുടെ ശവശരീരങ്ങള്‍ ഖനിക്ക് പുറത്തേക്ക് ഞാന്‍ ചുമന്ന് എത്തിച്ചിട്ടുണ്ട്.’ എഴുപതു കഴിഞ്ഞ് തളര്‍ന്നു തുടങ്ങിയ തന്റെ ശരീരത്തിന് ഊര്‍ജം പകരാനായിട്ടായിരിക്കും ഓര്‍മ്മകളിലേക്കു തിരിഞ്ഞ് ആ വൃദ്ധന്‍ ഒരിക്കല്‍ക്കൂടി ഖനിയിലേക്കു പോകാന്‍ തനിക്കു കഴിയുമെന്നുതന്നെ പറയുന്നു. മേഘാലയിലെ ആദ്യകാല ഖനി തൊഴിലാളികളിലൊരാളാണ് സോലിബാര്‍ റഹ്മാന്‍. കറുത്ത സ്വര്‍ണ്ണമായ കല്‍ക്കരി വാരാന്‍ ഖനി മാഫിയ തിരഞ്ഞുകണ്ടെത്തിയ അനുയോജ്യമായ ആകാരവടിവുള്ള പട്ടിണിക്കാരില്‍ ഒരുവന്‍. അവരിലാരും കുടുംബത്തിന്റെ ഒരു നേരത്തെ ആഹാരത്തിനപ്പുറം ഒന്നും നേടിയില്ല. അവരുടെ വിയര്‍പ്പില്‍ കുരുത്ത ഖനി മുതലാളിമാരാകട്ടെ ഇന്ന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ അഠുത്ത ചങ്ങാതിമാരാണ്. ആരോഗ്യം ക്ഷയിച്ച് സോലിബാര്‍ തൊഴില്‍ നിര്‍ത്തിയിട്ട് ആറ് വര്‍ഷമേ ആയിട്ടുള്ളൂ ആയിട്ടുള്ളൂ. മൂന്ന് ആണ്‍മക്കളും കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും വരെ ആ മനുഷ്യന്‍ എലിക്കുഴികള്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു. മോനിറുളിന്റെ മൂത്ത സഹോദരന്‍ മാണിക് അലിയും കല്‍ക്കരി ഖനിയിലാണ് തൊഴിലെടുക്കുന്നത്.
ഖനിയിലേക്ക് കയറിയ വെള്ളം സാധാരണ പമ്പുകള്‍ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കി കളയാന്‍ കഴിയില്ലെന്ന് സോലിബാര്‍ പറയുന്നു. സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലാത്തതു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാത്തതെന്ന് വേദനയോടെ ആ വൃദ്ധന്‍ പറയുന്നു. തായ്വാനിലെ ഗുഹയിലകപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ അന്താരാഷ്ട്ര സംഘത്തിനൊപ്പം ആളുകാട്ടാന്‍ സേനയെ അയച്ച മോദി മേഘാലയ ഇന്ത്യയിലാണെന്നു തന്നെ മറന്നുപോയിരിക്കുന്നു. പതിനേഴു തൊഴിലാളികള്‍ മരിച്ച് ചീഞ്ഞുനാറുന്ന ദുര്‍ഗന്ധം പോലും പുറംലോകമറിയാതിരിക്കാന്‍ മാധ്യമങ്ങളുടെ വാ മൂടിയിട്ടാണ് അദ്ദേഹം അടുത്തയാഴ്ച ശബരിമല സമരം നയിക്കാന്‍ കേരളത്തില്‍ വരുന്നത് എന്നും സോലിബാര്‍ പറയുന്നു. മകനെ തിരഞ്ഞ് ഖനിയിലേക്ക് പോകുവാന്‍ മേഘാലയ സര്‍ക്കാരിനോട് അനുവാദം ചോദിച്ച് കാത്തിരിക്കുകയാണ് അദ്ദേഹം. ഇനിയും അധികൃതര്‍ പച്ചക്കൊടി കാട്ടിയിട്ടില്ല. ഏതുവിധവും ഈ അധ്യായം കുഴിച്ചുമൂടാനുള്ള തീവ്രശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സമ്മതം നല്‍കുവാനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ, സോലിബര്‍ റഹ്മാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പക്ഷേ, ദരിദ്രനും വൃദ്ധനുമായ ആ അച്ഛന് മറ്റെന്തിനാണു കഴിയുക?
Leave a Reply