ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണ വൈറസിൻറെ പുതിയ വകഭേദം യുകെയിൽ കണ്ടെത്തിയ സാഹചര്യത്തിൽ അടുത്ത ആഴ്ച മുതൽ ഇംഗ്ലണ്ടിലെ കടകളിലും പൊതുസ്‌ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇതുകൂടാതെ യുകെയിൽ പ്രവേശിക്കുന്ന എല്ലാവരും പിസിആർ ടെസ്റ്റുകൾ നടത്തിയിരിക്കണം. പ്രതിരോധ കുത്തിവയ്പ്പ് പൂർണ്ണമായി സ്വീകരിച്ചവരാണെങ്കിലും പുതിയ വകഭേദവുമായി സമ്പർക്കം വന്നാൽ സ്വയം ഒറ്റപെടേണ്ടതായി വരും. എന്നാൽ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ 2020നേക്കാൾ മികച്ചതായിരിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. നടപടികൾ താൽക്കാലികം മാത്രമാണെന്നും ഇത് പുതിയ വേരിയന്റിനെതിരെയുള്ള മുൻകരുതൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ആശങ്കയുടെ മുൾമുനയിലാക്കി യുകെയിൽ രണ്ടു പേർക്ക് പുതിയ കോവിഡ് വേരിയന്റായ ഒമൈക്രോൺ ബാധിച്ചതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് നേരത്തെ അറിയിച്ചിരുന്നു. ചെംസ്ഫോർഡിലും എസെക്സിലുമാണെന്ന് യുകെ സെക്യൂരിറ്റി ഏജൻസി പുതിയ കേസുകൾ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലാണ് പുതിയ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്‌തത്‌. ദക്ഷിണാഫ്രിക്ക, ബോട്സ്വാന , ബെൽജിയം, ഹോങ്കോങ്, ഇസ്രയേൽ എന്നിവിടങ്ങളിലും പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഒമൈക്രോൺ വളരെ വേഗത്തിൽ പടരുന്നതിനാൽ രണ്ടു വാക്സിനേഷൻ സ്വീകരിച്ചവരിലും ഇത് വരാനുള്ള സാധ്യത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്രജ്ഞർ ഓരോ മണിക്കൂറിലും ഇതിനെപ്പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും യുകെയിൽ പുതിയ വകഭേദത്തിൻെറ വ്യാപനതോത് കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ പുതിയ വേരിയന്റിനെതിരെയുള്ള വാക്സിൻെറ ഫലപ്രാപ്തിയെക്കുറിച്ച് കൂടുതൽ വ്യക്തത ഉണ്ടാകുമെന്നും എന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന കോവിഡ് കേസുകൾ മൂലം കഴിഞ്ഞ വർഷം യുകെയിലുടനീളം ക്രിസ്‌തുമസ്‌ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ബാധകമായിരുന്നു.