ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടും ശക്തമായ സമരങ്ങൾ നടത്തിയിരിക്കുകയാണ് ട്രാവൽ ഇൻഡസ്ട്രിയിലെ ജീവനക്കാർ. നിലവിലുള്ള കടുത്ത നിയന്ത്രണങ്ങൾ തങ്ങളുടെ മേഖലയെ മുഴുവനായി തകർത്തുകളഞ്ഞുവെന്ന് എയർലൈൻ കമ്പനികളും, ട്രാവൽ കമ്പനികളും ആരോപിച്ചു. എന്നാൽ ജനങ്ങൾക്ക് സുരക്ഷിതമായ രീതിയിൽ അന്താരാഷ്ട്ര യാത്രകൾ നടത്തുവാൻ ഉള്ള മാർഗ്ഗങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചു. ഇതോടൊപ്പംതന്നെ രാജ്യങ്ങളെ ട്രാഫിക് ലൈറ്റിലെ നിറങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറിയിലേക്ക് തിരിച്ച ലിസ്റ്റിലും ഉടനടി മാറ്റങ്ങൾ ഉണ്ടാകും. നിലവിൽ പ്രധാന അവധിക്കാല ഡെസ്റ്റിനേഷനുകളായ സ്പെയിൻ, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങൾ ആംബർ ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാണ്. ഇതുമൂലം യാത്ര ചെയ്യുവാനായി പലരും മടിക്കുന്നു. ഇത് ട്രാവൽ ഇൻഡസ്ട്രിയെ വളരെ സാരമായ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.
ബുധനാഴ്ച ട്രാവൽ ഇൻഡസ്ട്രിയിലെ ജീവനക്കാരായ വിമാനത്തിലെ ക്യാബിൻ ക്രൂ, പൈലറ്റുകൾ, ട്രാവൽ ഏജന്റുമാർ, എയർപോർട്ട് സ്റ്റാഫുകൾ എന്നിവർ ശക്തമായ രീതിയിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. കാലിയായ റൺവേകളിൽ എയർപോർട്ട് സ്റ്റാഫുകൾ പ്ലക്കാർഡുകളും മറ്റുമായി പ്രതിഷേധിച്ചു.
ഇതോടൊപ്പംതന്നെ വെസ്റ്റ്മിനിസ്റ്റർ, ഹോളിറൂഡ്, സ്റ്റോർമോണ്ട് എന്നിവിടങ്ങളിലും പ്രതിഷേധ സമരങ്ങൾ നടന്നു. ട്രാവൽ മേഖലയ്ക്ക് കൂടുതൽ ധനസഹായങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഇവർ ആവശ്യപ്പെട്ടു.ഇതോടൊപ്പം തന്നെ കൂടുതൽ രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റണമെന്ന ആവശ്യവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
സാധാരണയായി അവധി കാലങ്ങളിലാണ് തങ്ങൾക്ക് കൂടുതൽ വരുമാനം ലഭിച്ചിരുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം അതും ഇല്ലാതെ ആയിരിക്കുകയാണെന്ന് ട്രാവൽ അസോസിയേഷന്റെ മുഖ്യ സംഘടനകളിൽ ഒന്നായ അബ്റ്റയുടെ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് താൻസിർ ബിബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതിനാൽ തന്നെ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ധനസഹായങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.
എന്നാൽ ജനങ്ങളുടെ സുരക്ഷയെ കരുതി ആണ് ഇത്തരത്തിലുള്ള യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് എന്നാണ് ഗവൺമെന്റ് വിശദീകരിക്കുന്നത്.എന്നാൽ നിലവിലെ നിയമങ്ങളിൽ ഉടൻതന്നെ മാറ്റങ്ങൾ ഉണ്ടാകുമെന്നും ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചു. രണ്ടു ഡോസ് വാക്സിനേഷൻ എടുത്തവർക്ക് അന്താരാഷ്ട്ര യാത്രകൾക്കുള്ള അനുമതി ഉടനുണ്ടാകുമെന്ന് ട്രാവൽ സെക്രട്ടറി അറിയിച്ചു.
Leave a Reply