ചങ്ങനാശേരി റോഡിൽ കുറിച്ചിയിൽനിന്നു കൈനടിയിലേക്കു പോകുന്ന ഗ്രാമീണറോഡ്. ഇളംകാറ്റിൽ ചാഞ്ചാടുന്ന പച്ചവിരിച്ച നെൽപ്പാടങ്ങളുടെ നടുവിലൂടെയുള്ള യാത്ര ആരുടെയും മനംകവരും. ഈരയിലെത്തുമ്പോൾ മുന്നിൽ തെളിയുന്ന പാത ഏതോ തുരുത്തിലേക്കുള്ള ഇടുങ്ങിയ വഴിയാണെന്ന് ഏതൊരു യാത്രക്കാരനും തോന്നിയേ ക്കാം… എന്നാൽ, ഒരുപിടി വിസ്മയങ്ങൾ ഒളിപ്പിച്ചുവച്ച ഒരു അദ്ഭുതലോകത്തേക്കുള്ള കവാടമാണിത്. അവിടെ നിങ്ങളെ കാത്തു പറുദീസയുണ്ട്… ഏദൻതോട്ടവും സമരിയ പട്ടണവുമുണ്ട്. കാനായിലെ ഭവനവും കർഷകരുടെ അമ്മയും… അങ്ങനെ ബൈബിൾ കലാസൃഷ്‌ടികളുടെ വിസ്മയച്ചെപ്പ് ഒരുക്കിയിരിക്കുന്നു ഈര എന്ന കുട്ടനാടൻ ഗ്രാമത്തിൽ. ഏതൊരാളുടെയും മനംകവരുന്ന ഓരോ കാഴ്ചയ്ക്കും ഒരായിരം അർഥങ്ങളും സന്ദേശങ്ങളുമുണ്ട്.

ഈര ലൂർദ്മാതാ പള്ളിയിലും അങ്കണത്തിലുമായി ഒരുക്കിയിരിക്കുന്ന ആത്മീയാനുഭവം പകരുന്ന കാഴ്ചകൾ കാണാൻ ഓരോ ദിവസവും കുട്ടികളും സ്ത്രീകളും സന്യസ്തരും ഉൾപ്പെടെ നിരവധിപേർ എത്തുന്നു. കലാഭംഗി തുളുമ്പുന്ന ഉദ്യാനവും രൂപസൃഷ്‌ടികളും ഈരയിൽ ആരും കാണാത്ത ചെടികളും കായ്കളുമുണ്ടെന്നറിഞ്ഞും കാണാൻ അന്യമതസ്‌ഥർ പോലും ദിനംപ്രതി എത്തുന്നു എന്നതാണ് ഇവയുടെ പ്രത്യേകത.

പ്രകൃതിയുടെ സൗന്ദര്യവും ഭക്‌തിയുടെ പവിത്രതയും ഇവിടെ ഒന്നുചേരുകയാണ്. ദേവാലയത്തിലും പരിസരത്തുമായി ബൈബിളിനെ അടിസ്‌ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഉദ്യാനവും മറ്റു കാഴ്ചകളുമാണ് ഏവരിലും വിസ്മയം ജനിപ്പിക്കുന്നത്.

വെറും 74 കുടുംബങ്ങൾ മാത്രമുള്ള, ഈര എന്ന കുഗ്രാമത്തിൽ സ്‌ഥിതിചെയ്യുന്ന പള്ളിയിലാണ് അത്യധ്വാനം നടത്തി ഇതു രൂപപ്പെടുത്തുകയും ഭംഗിയായി പരിപാലിക്കുകയും ചെയ്യുന്നതെന്നതാണു മറ്റൊരു വിസ്മയം. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈര പ്രദേശം ഈ ഒറ്റക്കാഴ്ചകളുടെ പേരിൽ ഏറെ പെരുമ നേടിയിരിക്കുന്നു. നാലേക്കർ വരുന്ന സ്‌ഥലത്ത് ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കാഴ്ചയിലേക്ക് ഒരു നിമിഷം മിഴിയോടിക്കാം.

കാനായിലെ ഭവനം

കാഴ്ചയിൽ ആദ്യം ദർശിക്കാനാവുക അതിദിവ്യമായ, പഴമയുടെ പ്രൗഢിയോടെ കാനായിലെ ഒരു ഭവനം അപ്പാടെ പുനരാവിഷ്കരിച്ചിരിക്കുന്നതാണ്. ഭവനത്തിനുള്ളിൽ ആറു കൽഭരണികൾ. അവയുടെ മീതെ കർത്താവിന്റെ കരം നീട്ടപ്പെട്ടിരിക്കുന്നു. കാനായിലെ കല്യാണവിരുന്നിൽ യേശു വെള്ളം വീഞ്ഞാക്കിയ കൽഭരണികളാണോയെന്നു തോന്നാം. കാഴ്ചക്കാരനിൽ ഏറെ ചിന്തകൾ ഉയർത്തുന്നതാണിത്.

വേരിൽനിന്നുയർന്ന കൊടിമരം

കെട്ടുപിണഞ്ഞ വേരുകളിൽനിന്നു വളർന്ന് ഉയർന്ന മരം പോലെയാണു കൊടിമരത്തിന്റെ നിൽപ്പ്. എമ്മാനുവേൽ എന്നു പേരിട്ടിരിക്കുന്ന കൊടിമരം വചനാധിഷ്ഠിതമായാണു നിർമിച്ചിരിക്കുന്നത്. സഭയുടെ ജീവിതത്തിലെ അടയാളങ്ങൾ സഭാ പാരമ്പര്യത്തിൽനിന്നുതന്നെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു മരത്തിലെ കൊടിമരം. സഭയുടെ മക്കളിൽ ജ്വലിക്കേണ്ട നിർമലമായ ഐക്യത്തെയാണു കെട്ടുപിണഞ്ഞ വേരുകൾ സൂചിപ്പിക്കുന്നത്. ഹൃദയം അടച്ചു ദൈവസന്നിധിയിൽ നിഷ്കാസിതനാകുന്ന മനുഷ്യന്റെ പ്രതീകമാണു മരക്കുറ്റി. മരക്കുറ്റിയിലെ പ്രാവിൻകൂട് ത്രിത്വൈക തണലിൽ ഭൂവിൽ വസിക്കുന്ന നിഷ്കളങ്കരായ അരിപ്രാവുകളുടെ സമൂഹമായ സഭയുടെ കൂടാരത്തെ സൂചിപ്പിക്കുന്നു. കൊടിമരത്തിലെ അഞ്ചു ചുറ്റുകൾ എമ്മാനുവേലിന്റെ അഞ്ചു തിരുമുറിവുകളെ സൂചിപ്പിക്കുന്നു. കൊടിമരത്തിനു മുകളിലെ ത്രികോണാകൃതിയുള്ള കൂടാരം സൂചിപ്പിക്കുന്നതു ത്രിത്വൈക സാന്നിധ്യത്തെയാണ്.

തിരയിൽ ഉലയുന്ന ഹൗസ്ബോട്ട്

യാത്ര ഇനി ഹൗസ്ബോട്ടിലൂടെയാകാം. ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കവരുന്ന ഒന്നാണിത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഹൗസ് ബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. നോഹയുടെ പെട്ടകവും പൂർവ ഔസേഫിനെ പൊട്ടക്കിണറ്റിൽ എറിയുന്നതുമെല്ലാം ഹൗസ് ബോട്ടിനുള്ളിൽ കൊത്തിവച്ചിരിക്കുന്നു. തിരമാലയിൽപ്പെട്ട് ഉലയുന്ന ഹൗസ്ബോട്ടിലേക്കു കയറുമ്പോൾ കത്തുന്ന ചൂടിനാശ്വാസമായി ശരീരവും മനസും കുളിരണിയുന്നു. ഹൗസ്ബോട്ടിന്റെ പ്രവേശന കവാടത്തിലൂടെ നെൽവയലുകളിലെ ഇളംകാറ്റും മറു വാതിലിലൂടെ പമ്പയാറ്റിലെ മന്ദമാരുതനും ഉന്മേഷം പകരുന്നു. സെന്റ് മൈക്കിൾ പോയിന്റ് എന്നാണ് ഇതിനു പേര്.

കർഷകരുടെ അമ്മ

കർഷകരുടെ അമ്മയായി പരിശുദ്ധ മറിയത്തെ ചിത്രീകരിച്ചിരിക്കുന്ന ഈ ശില്പവേല വ്യത്യസ്തമായ ഒരാശയമാണ്. കർഷകരുടെ മണ്ണിലെ ദേവാലയത്തിന്റെ മുൻഭാഗത്തു മുകളിലായി കർഷകരുടെ അമ്മ സ്‌ഥാനം പിടിച്ചിരിക്കുന്നു. കർഷകരുടെ അമ്മയായി മാധ്യസ്‌ഥം വഹിക്കുന്നവളായിട്ടാണു മറിയത്തെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൈയിൽ നെൽക്കതിരുകളും മറുകൈയിൽ ഉണ്ണിയെയും വഹിച്ചിരിക്കുന്നു. മദർ ഓഫ് ഫാർമേഴ്സ് എന്ന് ഇതറിയപ്പെടുന്നു.

സമരിയക്കാരിയും യേശുവും
ദേവാലയ മുറ്റത്തെ മറ്റൊരു അപൂർവ കാഴ്ചയാണു സമരിയ ഗ്രാമം. പള്ളിമുറ്റത്തെ കിണർ എങ്ങനെ ഒരു കലാസൃഷ്‌ടിയാക്കാം എന്ന ചിന്തയിൽനിന്നാണു സമരിയ പട്ടണം രൂപം കൊള്ളുന്നത്. നട്ടുച്ചനേരത്തു കിണറിന്റെ തീരത്തു വെള്ളത്തിനായി സമരിയാക്കാരിയുടെ മുന്നിൽ കൈനീട്ടുന്ന ഈശോയെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. കിണറിന്റെ പശ്ചാത്തലത്തിൽ സമരിയ പട്ടണം അപ്പാടെ നിർമിച്ചിരിക്കുന്നു. ചെങ്കല്ലിലും കരിങ്കല്ലിലും തീർത്തിരിക്കുന്ന പട്ടണം സഞ്ചാരികളുടെ മനംമയക്കുന്ന കാഴ്ചയാണ്.

നെല്ല് വിളയുന്ന നാട്ടിൽ ആരും കാണാത്ത ഫലവൃക്ഷങ്ങളും

ഒരു അത്തിച്ചെടിയിൽനിന്നായിരുന്നു തുടക്കം. അത് ഈരയിൽ പള്ളിയുടെ പരിസരത്തുതന്നെ നട്ടു. കരുത്തോടെ വളർന്നു, പൂവിട്ടു, കായിട്ടു… അന്നു മുതൽ ചെടികൾ കടൽകടന്നെത്തിക്കൊണ്ടിരുന്നു. പള്ളിയിലും പരിസരങ്ങളിലും വേരുപിടിച്ച ഫലവൃക്ഷങ്ങളുടെ പേരുകളെഴുതിയാൽ ഈ പേജ് പോരാതെവരും.

തഴച്ചു വളരുന്ന ഒലിവ് മരം. ഒലിവ് വളരുന്ന കേരളത്തിലെ അപൂർവം ചില സ്‌ഥലങ്ങളിൽ ഒന്നാണ് ഇവിടം. ആമസോണിയൻ കാടുകളിൽനിന്നുള്ള അബിയു, ചൈനയിൽനിന്നുള്ള ലോങ്ങൻ, തെക്കുകിഴക്കൻ ഏഷ്യയിൽനിന്നുള്ള ദുരിയാൻ, മലയ് ദ്വീപ് സമൂഹങ്ങളിൽനിന്നുള്ള മാങ്കോസ്റ്റീൻ, ബ്രസീലിൽനിന്നുള്ള ജബോട്ടിക്കാ ബാ, ജമൈക്കയിൽനിന്നുള്ള ചെറി എന്നു തുടങ്ങി എത്രയെത്ര ഫലവൃക്ഷങ്ങൾ ഇവിടെ ഫലം തരുന്നു.

ലിലി പിലി, കാൻഡിൽസ്റ്റിക് ട്രീ, ബ്ലാക്ക് സപ്പോട്ട, ബറാബാ, തിളങ്ങുന്ന വയലറ്റ് നിറത്തിൽ കുലപോലെ കായ്ക്കുന്ന മുന്തിരിപ്പേര, പപ്പായകളുടെ രാജാവായ റെഡ് ലേഡി മുതൽ നിരവധി ഇനത്തിൽപ്പെട്ട പപ്പായകൾ, തായ്ലൻഡ് മാവ്, ഇസ്രയേലിൽനിന്നും ഇറാനിൽനിന്നുമുള്ള അത്തികൾ, ആത്ത, സബർജിൻ, പിസ്ത, ആപ്പിൾ, മിറക്കിൾ ഫ്രൂട്ട്, നാലിനം ചാമ്പകൾ, ഇലന്തപ്പഴം, മുസമ്പി, മധുര അമ്പഴം, ഇലകൾ കൈയിലിട്ട് തിരുമ്മിയാൽ പെരുംജീരകത്തിന്റെ പോലെ സുഗന്ധം നിറഞ്ഞ മരം, മൾബറിയും മാതളവും ദേവദാരുവും ലിച്ചിയും എന്നുവേണ്ട പലരും കണ്ടിട്ടില്ലാത്ത ഫലവൃക്ഷങ്ങൾ ഇവിടെ തണൽവിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉണ്ണീശോയുടെ പൂന്തോട്ടം

ഉണ്ണീശോയുടെ പൂന്തോട്ടത്തിൽനിന്നാണ് കുട്ടികളുടെ ഒച്ചയും ബഹളവും കേൾക്കുന്നത്. ഇവിടെ എത്തുന്ന കുട്ടികൾക്കു കളിക്കാനുള്ളതാണ് ഈ പൂന്തോട്ടം. ശിശുക്കളെ സ്നേഹിച്ച ഈശോ കുട്ടികൾക്ക് ഒരുക്കിയപോലെ ഒരിടം.

ഏലിയാ പ്രവാചകനും കാക്കയും

ആയുസിൽ ആർക്കും ഒന്നും കൊടുക്കാത്ത കാക്ക, എല്ലാം തന്റെ കൊക്കിലൊതുക്കാൻ ശ്രമിക്കുന്ന കാക്ക ഏലിയാ പ്രവാചകന് അപ്പം കൊണ്ടുചെന്നു കൊടുക്കുന്ന കാഴ്ച അതിമനോഹരമാണ്. ഏലിയാ പ്രവാചകൻ ഭക്ഷണമില്ലാതെ തളർന്നു ജോർദാന്റെ കിഴക്കുള്ള അരുവിക്കരയിലുള്ള ഗുഹയിൽ ഒളിച്ചു താമസിക്കുമ്പോഴുള്ള സംഭവമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. അരുവിയും ഗുഹയുമെല്ലാം നമ്മെ വിശ്വാസത്തിന്റെ തീരത്തേക്ക് ആനയിക്കുന്നു.

നിന്റെ വഴി അടയുമ്പോൾ കർത്താവ് വ്യക്‌തികളിലൂടെയോ, വസ്തുക്കളിലൂടെയോ, ജീവജാലങ്ങളിലൂടെയോ വഴി തുറക്കുമെന്ന സന്ദേശം പകർന്നു നല്കുന്നു.

കൽക്കുളവും കൽക്കുരിശും

പാരമ്പര്യത്തിന്റെ ഭാഗമാണു പള്ളിമുറ്റത്തൊരു കൽക്കുരിശും കൽക്കുളവും ഉണ്ടായിരിക്കുക എന്നത്. കാൽ കഴുകി ദേവാലയത്തിൽ പ്രവേശിക്കുന്ന പഴയ ഒരു രീതി ഓർമിപ്പിക്കുന്നതാണിത്. വെറുപ്പ് ഉള്ളിൽനിന്നു കഴുകിക്കളഞ്ഞു ’അനുരഞ്ജിതരായി തീർന്നീടാം’ എന്ന ചിന്ത വിശ്വാസികളിൽനിറയ്ക്കുന്നതിനാണു കൽക്കുളവും ഒരുക്കിയിരിക്കുന്നത്. കൽക്കുളത്തിൽ നാലു സുവിശേഷകന്മാരുടെ അടയാളങ്ങൾ കല്ലിൽകൊത്തിയിരിക്കുന്നു.

പിയേത്തയും മണിമാളികയും

മൈക്കിൾ ആഞ്ചലോ കൊത്തിയ ലോകൈക ശില്പത്തിന്റെ മാതൃകയിലാണ് ഇവിടെ പിയേത്താ തീർത്തിരിക്കുന്നത്. ഇവിടെ എത്തുന്ന തീർഥാടകർ ഒരു നിമിഷമെങ്കിലും മൗനമായി പ്രാർഥിക്കാതെ പോകില്ല.

ഉന്നതമായ മണിമാളിക ആരെയും കാഴ്ചയുടെ കൊടുമുടി കയറ്റുന്നതാണ്. 25 അടി പൊക്കത്തിൽ തീർത്തിരിക്കുന്ന ഈ കൂറ്റൻ മണിമാളികയുടെ ഉള്ളിലൂടെ കയറി മുകളിലെത്തി കുട്ടനാടൻ കാഴ്ചകൾ കൺകുളിർക്കെ കാണാം.

മരിയൻ ആർട്ട് ഗാലറി
ലോകോത്തര മരിയൻ ചിത്രങ്ങൾ വീണ്ടും വരച്ചു പ്രതിഷ്ഠിച്ചിരിക്കുന്ന പ്രത്യേക ചിത്രശേഖരമാണു മരിയൻ ആർട്ട് ഗാലറിയിലുള്ളത്. സഞ്ചാരികൾക്ക് അവ മനസിലാക്കുന്നതിനു ഓരോ ചിത്രത്തിന്റെയും പ്രത്യേകതകൾ ചുവടെ ചേർത്തിരിക്കുന്നു. കലാമേന്മ അല്പം പോലും കുറയാത്ത ഈ ചിത്രങ്ങൾ തീർഥാടകർക്കു സ്വർഗീയ ആനന്ദം പകരും.

പുഴയും പുഴയുടെ തീരവും

പുഴയുടെ തീരത്താണ് ആരാധനാക്രമക്കാലങ്ങളുടെ പ്രത്യേക റിലീഫ് വർക്കുകൾ തയാറാക്കിയിരിക്കുന്നത്. പുഴയുടെ സൗന്ദര്യം ചോർന്നുപോകാതെതന്നെ ഇവ തയാറാക്കിയിരിക്കുന്നു.

വിസ്മയങ്ങൾക്കു പിന്നിലെ ശക്‌തി

ഇവിടത്തെ ഓരോ ചെടിയേയും തൊട്ടുതലോടി പരിപാലിക്കുന്നത് മനസിന് സാന്ത്വനം നല്കുന്ന ഒട്ടേറെ ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും ചെയ്ത ഷാജി തുമ്പേച്ചിറയിലച്ചനാണ്.

കർഷകത്തൊഴിലാളികളും സാധാരണക്കാരിൽ സാധാരണക്കാരായ കർഷകരുമടങ്ങുന്ന 74 കുടുംബങ്ങൾ മാത്രമുള്ള ഈര പള്ളിയിൽ വികാരിയായി 2007ൽ ഫാ.ഷാജി തുമ്പേച്ചിറയിൽ എത്തുമ്പോൾ ഓടുമേഞ്ഞ ഷെഡുപോലുള്ള ദേവാലയം മാത്രമാണ് ഉണ്ടായിരുന്നത്. ചുറ്റും നെൽപ്പാടങ്ങൾ. പള്ളിയുടെ സമീപത്തുകൂടി പുഴയൊഴുകുന്ന പ്രകൃതിരമണീയമായ പ്രദേശം.

എന്നാൽ, ഈ വൈദികന്റെ നേതൃത്വത്തിൽ ഇടവകയും നാടും ഒരേ മനസോടെ ഒന്നു ചേർന്നപ്പോൾ സ്വപ്നത്തിൽപോലും ചിന്തിക്കാൻ പറ്റാത്ത അദ്ഭുതങ്ങളാണ് ഈ മണ്ണിൽ വിരിഞ്ഞത്. മനോഹരമായ ഒരു ദേവാലയവും ഉദ്യാനവും മനംകവരുന്ന കലാസൃഷ്‌ടികളും. ‘മദർ ഓഫ് ഫാർമേഴ്സ്’ എന്ന പേരിലാണു മൂന്നുവർഷംകൊണ്ടു ദേവാലയം തീർത്തത്. ഇതോടൊപ്പം ഈര എന്ന ഗ്രാമം ആത്മീയമായും സാംസ്കാരികമായും സാമ്പത്തികമായും വളർന്നു. നാടിന്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾക്കും ദേവാലയം അരങ്ങൊരുക്കി. ഈശോ വസിക്കും കുടുംബം, മരിയൻ, ജീസസ്, മന്നാപേടകം, പളുങ്കുകടൽ, മഞ്ഞ് എന്നിവയടക്കം മൂവായിരത്തിലധികം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും അറിയപ്പെടുന്ന ധ്യാനപ്രസംഗകനും കൂടിയാണു ഫാ. ഷാജി തുമ്പേച്ചിറയിൽ