ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ന് മുതൽ ഇംഗ്ലണ്ടിലേയ്ക്ക് തിരിച്ചെത്തുന്ന യാത്രക്കാർക്ക് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്താം. ചെലവേറിയ പിസിആർ ടെസ്റ്റുകൾക്ക് പകരമായാണ് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്താൻ സർക്കാർ അനുമതി നൽകിയത്. ഈ നടപടി വിനോദസഞ്ചാര മേഖലയ്ക്ക് ഉത്തേജനം പകരുമെന്ന് സർക്കാർ അറിയിച്ചു. റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർ എത്തിയതിനു രണ്ട് ദിവസങ്ങൾക്ക് ശേഷം ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്തേണ്ടതാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്കാണ് ഈ ഇളവുകൾ ബാധകം. ഒരാഴ്ചയ്ക്ക് ശേഷം വെയിൽസും ഈ മാറ്റം കൊണ്ടുവരും. സ്‌കോട്ട്‌ലൻഡും നോർത്തേൺ അയർലൻഡും അധികം വൈകാതെ തന്നെ ഈ നടപടി പിന്തുടരുമെന്ന് സൂചന നൽകി.
അർദ്ധകാല അവധിയുടെ സമയത്ത് കൊണ്ടുവരുന്ന ഈ ഇളവ് കൂടുതൽ യാത്രക്കാരെ ആകർഷിക്കും. സ്വകാര്യ ദാതാവിൽ നിന്നാണ് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ വാങ്ങേണ്ടത്. യുകെയിലേയ്ക്ക് വരുന്നതിന് മുമ്പ് യാത്രക്കാർ ടെസ്റ്റുകൾ ബുക്ക് ചെയ്യണം. സർക്കാരിന്റെ കോവിഡ് വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 24 സ്വകാര്യ ദാതാക്കളിൽ നിന്ന് യാത്രക്കാർക്ക് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ ബുക്ക് ചെയ്യാം. £19 മുതൽ £39 വരെയാണ് വില. ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച്, യാത്രക്കാർ അവരുടെ പരിശോധനാ ഫലത്തിന്റെ ഫോട്ടോ സ്വകാര്യ ദാതാവിന് അയയ്‌ക്കേണ്ടതുണ്ട്. ഇതിന് സാധിക്കാത്ത യാത്രക്കാരിൽ നിന്ന് 1,000 പൗണ്ട് പിഴ ഈടാക്കും. പരിശോധന ഫലം പോസിറ്റീവ് ആകുന്നവർ എൻഎച്ച്‌എസിൽ നിന്ന് ഒരു സൗജന്യ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയശേഷം 10 ദിവസത്തിനുള്ളിൽ റിപ്പബ്ലിക് ഓഫ് അയർലൻഡ്, നോർത്തേൺ അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ്, ചാനൽ ഐലൻഡ്സ് അല്ലെങ്കിൽ ഐൽ ഓഫ് മാൻ എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവർ ആ രാജ്യങ്ങളിലെ പരിശോധനയ്ക്കും ക്വാറന്റീനുമുള്ള നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. മികച്ച രീതിയിലുള്ള വാക്സിൻ പ്രോഗ്രാം കാരണമാണ് ഈ ഇളവുകൾ സാധ്യമായതെന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് അഭിപ്രായപ്പെട്ടു. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർ യുകെയിൽ എത്തിയതിന് ശേഷവും 10 ദിവസത്തേക്ക് വീട്ടിൽ ക്വാറന്റീനിൽ കഴിയണം.
Leave a Reply