ജനുവരി മാസത്തില്‍ 14.9 ബില്യന്‍ പൗണ്ട് സര്‍പ്ലസ് രേഖപ്പെടുത്തി ട്രഷറി. കണക്കുകള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ തുക മിച്ചം പിടിക്കാന്‍ ട്രഷറിക്ക് സാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വായ്പകള്‍ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ഫലമായി ധനകമ്മി കുറയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി മാസത്തില്‍ നികുതി വരുമാനം വര്‍ദ്ധിക്കുന്നതിനാല്‍ സാധാരണയായി ട്രഷറി മിച്ചം ഉണ്ടാകാറുള്ളതാണ്. എന്നാല്‍ ഈ വര്‍ഷം നിലവിലുള്ള റെക്കോര്‍ഡുകളെല്ലാം ഭേദിക്കപ്പെട്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

10 ബില്യന്‍ പൗണ്ട് സര്‍പ്ലസ് രേഖപ്പെടുത്തുമെന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകളെയും കടത്തിവെട്ടിക്കൊണ്ടുള്ള നേട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കുന്ന സ്പ്രിംഗ് ബജറ്റിന് ഇത് ഉണര്‍വാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ സര്‍പ്ലസ് നിരക്കിനേക്കാള്‍ 5.6 ബില്യന്‍ അധികമാണ് ഇത്തവണ നേടാനായത്. സെല്‍ഫ് അസസ്‌മെന്റ് ഇന്‍കം ടാക്‌സ്, ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് റെസിപ്റ്റ് എന്നിവയിലൂടെയായിരുന്നു ഈ നേട്ടം കഴിഞ്ഞ വര്‍ഷം ട്രഷറിക്കുണ്ടായത്. ഇവയിലൂടെ കഴിഞ്ഞ മാസം 21.4 ബില്യനായിരുന്നു വരുമാനമുണ്ടായത്. 2018 ജനുവരിയില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 3.1 ബില്യന്റെ വര്‍ദ്ധനവ് ഇതിലുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെല്‍ഫ് അസസ്‌മെന്റ് ഇന്‍കം ടാക്‌സ് വരുമാനം 14.7 ബില്യനാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. 1.9 ബില്യന്‍ പൗണ്ടിന്റെ വര്‍ദ്ധന ഇതിലുണ്ടായി. ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് റെസിപ്റ്റുകളിലൂടെ 6.8 ബില്യന്‍ പൗണ്ട് ലഭിച്ചു. 1.2 ബില്യനാണ് ഇതിലെ വര്‍ദ്ധന. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് ആശാവഹമായ ഈ കണക്കുകള്‍ പുറത്തു വരുന്നത്.