മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യകേസ് തിരുവനന്തപുരം ജില്ല സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിമൂന്നിൽനിന്ന് കേസ് കൈമാറിയ ശേഷം ആദ്യമായാണ് സെഷൻസ് കോടതിയുടെ പരിഗണനയിലേക്ക് വരുന്നത്.

ഇന്ന് കേസ് പരിഗണനയിൽ വരുമ്പോൾ കേസിലെ ഒന്നും രണ്ടും പ്രതികളായ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും കോടതിയിൽ ഹാജരായേക്കും. ഇരുവരോടും തിങ്കളാഴ്ച ഹാജരാകണമെന്ന് ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആദ്യഘട്ടമായി പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ച ശേഷമായിരിക്കും വിചാരണ നടപടി ആരംഭിക്കുക.

ബഷീറിന്റെ വിയോഗത്തിന് രണ്ട് വർഷം പൂർത്തിയായി ഒരാഴ്ച കഴിഞ്ഞാണ് കേസിൽ വിചാരണ നടപടി ആരംഭിക്കുന്നത്. കുറ്റപത്രത്തിെൻറ പകർപ്പുകൾ ഇരുപ്രതികളുടെയും അഭിഭാഷകർക്ക് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 2020 ഫെബ്രുവരി 24ന് നൽകിയിരുന്നു. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ, മെഡിക്കൽ പരിശോധന റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ ശ്രീറാമിൽ നരഹത്യ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

സിഡികൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് പ്രതികൾക്ക് നൽകിയ ശേഷം കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2020 ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫക്കൊപ്പം കാറിൽ അമിതവേഗത്തിലെത്തി മ്യൂസിയം പബ്ലിക്ക് ഓഫിസിന്റെ മുൻവശത്ത് പാർക്ക് ചെയ്ത ബൈക്കിലിരിക്കുകയായിരുന്ന കെഎം ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത.് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.