അനീഷ് ജോര്‍ജ്
ശ്രീ അമ്മ യാങ്കര്‍ അയ്യപ്പന്‍ എന്ന ശിവകാശിക്കാരി പെണ്‍കൊടി, ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു അഭിനേത്രിയായി വളര്‍ന്നത് അവരുടെ നിതാന്തമായ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ്. ‘ശ്രീദേവി” ആ പേര് വിളിച്ചോതും പോലെ തന്നെ, അഭ്രപാളിയില്‍ മിന്നിമായുന്ന, ഐശ്വര്യമുള്ള അവരുടെ മുഖകാന്തിയാണോ , അതോ ആ നടനചാരുതയാണോ അതുമല്ലെങ്കില്‍ വിടര്‍ന്ന ആ കണ്ണുകളാണോ? അഞ്ച് ദശാബ്ദക്കാലം പ്രായഭേദമെന്യേ നമ്മെ തീയേറ്ററുകളിലേക്കും ടെലിവിഷനുമുന്നിലും പിടിച്ചിരുത്തിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും മുന്നോറോളം സിനിമകളില്‍ തന്റെ കഴിവുതെളിയിച്ച അവര്‍ അവാര്‍ഡുകളുടെ പ്രിയതോഴി കൂടിയായിരുന്നു. 2018ലെ മികച്ച നടിക്കുള്ള നാഷണല്‍ അവാര്‍ഡ് ഉള്‍പ്പെടെ.
നാലാം വയസ്സില്‍ അഭിനയിക്കാന്‍ ചായമിട്ട ശ്രീ പുതുതലമുറയിലുള്ള നായികാനായകന്‍മാര്‍ക്ക് ഒരു പാഠപുസ്തകമായി എന്നും നിലകൊള്ളും. അതുകൊണ്ടാവാം 2013ല്‍ പദ്മശ്രീ നല്‍കി ശ്രീദേവിയെ രാജ്യം അനുമോദിച്ചത്. ശ്രീദേവിയുടെ വിയോഗം വളരെ ഞെട്ടലോടെയാണ് നമ്മള്‍ ഓരോരുത്തരും കേട്ടത്. അമ്പത്തിനാലാം വയസ്സില്‍ ബോളിവുഡിന്റെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ കിരീടം അഴിച്ചുവച്ച് സിംഹാസനം ഒഴിഞ്ഞപ്പോള്‍ കണ്ണില്‍ നനവ് പൊടിയാത്തവര്‍ വളരെ വിരളമായിരിക്കും. ഓസ്‌കാര്‍ അവാര്‍ഡുദാനച്ചടങ്ങില്‍ പോലും അവര്‍ക്ക് ആദരവ് കൊടുത്തു് അനുശോചനം ഏര്‍പെടുത്തിയിരുന്നത് നമ്മള്‍ ഓരോരുത്തരും അഭിമാനത്തോടെ കണ്ടിരുന്നതാണ്.
ജൂണ്‍ രണ്ടിന് ബോണ്‍മൗത്തില്‍ വച്ച് നടക്കുന്ന മഴവില്‍ സംഗീതത്തില്‍ ശ്രീദേവിയോടുള്ള ആദരസൂചകമായി ഒരു നൃത്താഞ്ജലിയുമായി എത്തുകയാണ് പ്രശസ്ത നര്‍ത്തകിയും മുന്‍ യുക്മ കലാതിലകവുമായിരുന്ന സാലിസ്ബറിയില്‍ നിന്നുള്ള മിന്നാ ജോസും സംഘവും. ഓരോ ചുവടിലും ആരാധകരെ ഇളക്കിമറിച്ച ശ്രീദേവിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ആ യുഗത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവാന്‍ മിന്നായും സംഘവും തീവ്രമായ പരിശ്രമത്തിലാണ്. അത് പാഴാവില്ല എന്ന നല്ല വിശ്വസത്തോടെ ക്ഷണിക്കുകയാണ് നിങ്ങളെ ഓരോരുത്തരെയും മഴവില്‍ സംഗീത വിരുന്നിലേക്ക്.
Leave a Reply