ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ ആദ്യ വനിതാ ഏഷ്യൻ മേയറായ മഞ്ജുല സൂദ് (80) അന്തരിച്ചു. അവരുടെ വിയോഗത്തിൽ രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിൽനിന്ന് അനുസ്മരണങ്ങൾ ഒഴുകിയെത്തി. ‘പ്രചോദനമേകുന്ന വ്യക്തിത്വം’, ‘സമൂഹത്തിന്റെ സമർപ്പിത നേതാവ്’ എന്നിങ്ങനെയാണ് സഹപ്രവർത്തകരും പൊതുജനങ്ങളും മഞ്ജുല സൂദിനെ അനുസ്മരിക്കുന്നത്. ലെസ്റ്റർ നഗരസഭയിലെ കൗൺസിലറായും അസിസ്റ്റന്റ് മേയറായും അവർ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.

ലെസ്റ്ററിലെ സ്റ്റോണിഗേറ്റ് വാർഡിനെ പ്രതിനിധീകരിച്ച ലേബർ പാർട്ടി കൗൺസിലറായിരുന്ന മഞ്ജുല സൂദ്, നഗരത്തിന്റെ ആദ്യ വനിതാ ഹിന്ദു കൗൺസിലറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് പ്രവർത്തിച്ച അവർ, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സമുദായ ഐക്യം തുടങ്ങിയ മേഖലകളിൽ നിർണായക പങ്കുവഹിച്ചു. ലെസ്റ്റർ സമൂഹത്തിനായി സമർപ്പിത സേവനം നടത്തിയ വ്യക്തിയെന്ന നിലയിലാണ് സഹപ്രവർത്തകർ അവരെ വിലയിരുത്തുന്നത്.

ഇന്ത്യയിൽ നിന്ന് 1970-ൽ ലെസ്റ്ററിലെത്തിയ മഞ്ജുല സൂദ് പി.എച്ച്.ഡി പഠനത്തിനായാണ് യുകെയിലേക്ക് കുടിയേറിയത്. പഠനം പൂർത്തിയാക്കിയ ശേഷം ഏകദേശം ഇരുപത് വർഷത്തോളം പ്രൈമറി സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിച്ചു. അധ്യാപികയായും രാഷ്ട്രീയ പ്രവർത്തകയായും സമൂഹസേവകയായും നയിച്ച ജീവിതമാണ് അവർക്ക് ബ്രിട്ടീഷ് സമൂഹത്തിൽ പൊതു സമ്മതി നേടി കൊടുത്തത്.











Leave a Reply