ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഹാരി പോട്ടർ സിനിമകളിൽ ഹാഗ്രിഡായി വേഷമിട്ട പ്രമുഖ നടൻ റോബി കോൾട്രെയിൻ (72) അന്തരിച്ചു. ഹാരി പോട്ടർ സിനിമകൾക്ക് പുറമേ, ഐറ്റിവിയിലെ ഡിറ്റക്ടീവ് ഡ്രാമ ആയിരുന്ന ക്രാക്കറിലും, ജെയിംസ് ബോണ്ട് സിനിമകളായ ഗോൾഡൻഐ, ദി വേൾഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്തു. സ്കോട്ട്ലൻഡിലെ ഫാൽകിർക്കിനടുത്തുള്ള ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന് മരണമെന്ന് റോബിയുടെ വക്താവ് അറിയിച്ചു. മൂന്നുവർഷം അടുപ്പിച്ച് മികച്ച നടനുള്ള ബാഫ്റ്റാ അവാർഡിന് അദ്ദേഹം അർഹനായിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ഹാരി പോർട്ടർ രചയിതാവ് ജെ കെ റൗലിങ്, എമ്മ വാട്സൺ ഉൾപ്പെടെയുള്ളവർ ദുഃഖം രേഖപ്പെടുത്തി. സ്കോട്ട്ലാൻഡ് പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയോനും അദ്ദേഹത്തിന്റെ മരണത്തിലുള്ള ദുഃഖം അറിയിച്ചു.
വളരെയധികം പ്രതിഭാശാലിയായ ഒരാളായിരുന്നു റോബിയെന്ന് ജെയിംസ് ബോണ്ട് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പ്രതികരിച്ചു. ആന്റണി റോബർട്ട് മക് മില്യൻ എന്ന പേരിൽ 1950 ൽ സൗത്ത് ലങ്കാഷെയറിലാണ് അദ്ദേഹം ജനിച്ചത്. അധ്യാപകനും പിയാനിസ്റ്റുമായ ജീൻ റോസിന്റെയും ജനറൽ പ്രാക്ടീഷണറായ ഇയാൻ ബാക്സ്റ്റർ മക് മില്ലന്റെയും മകനായിരുന്ന കോൾട്രെയ്ൻ. 1979-ൽ പ്ലേ ഫോർ ടുഡേ എന്ന ടിവി സീരീസിലൂടെയാണ് നടന്റെ കരിയർ ആരംഭിച്ചത്, എന്നാൽ ബിബിസി ടിവി കോമഡി സീരീസായ എ കിക്ക് അപ്പ് ദ എയ്റ്റീസ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്, അതിൽ ട്രേസി ഉൾമാൻ, മിറിയം മാർഗോളീസ്, റിക്ക് മയൽ എന്നിവരും അഭിനയിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ നിരവധി പേരാണ് തങ്ങളുടെ ദുഃഖം അറിയിച്ചിരിക്കുന്നത്.
Leave a Reply