തിരുവല്ലം: പ്രഭാത സവാരിക്കിടെ വനിതാ ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. പൂന്തുറ മാണിക്കവിളാകം സ്വദേശി പാച്ചല്ലൂർ ലാല നിവാസിൽ വാടകയ്ക്കു താമസിക്കുന്ന സലിം (29) നെയാണ് ഫോർട്ട് അസി.കമ്മിഷണർ ആർ.പ്രതാപൻ നായരുടെ നേതൃത്വത്തിൽ ഷാഡോ പൊലീസിന്റെ സഹായത്തോടെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ലം സ്റ്റേഷൻ എസ്എച്ച്ഒയായ ഐപിഎസ് ട്രെയിനി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ കഴുത്തിൽ നിന്നാണ് ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. കോവളം ബൈപാസിൽ പാച്ചല്ലൂർ കൊല്ലന്തറ ഭാഗത്തെ സർവീസ് റോഡിൽ ശനി രാവിലെയുണ്ടായ സംഭവത്തെ തുടർന്ന് പ്രതിയുടെ സിസിടിവി ക്യാമറ ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. ക്യാമറ ദൃശ്യം പരിശോധിച്ച പൊലീസ്, പ്രതി ഇതേ പ്രദേശത്തെ താമസക്കാരനാണെന്ന നിഗമനത്തിലെത്തി.
എസ്എച്ച്ഒ നൽകിയ ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് തലസ്ഥാനത്തെ കൂടാതെ കൊല്ലം ജില്ലയിലെ വാഹനങ്ങളുടെ നമ്പരുകളും പരിശോധിച്ചു. തുടർന്ന് കെഎൽ 02 എ എഫ് 1361 എന്ന നമ്പരുള്ള ബൈക്ക് ഉടമയുടെ പൂന്തുറ വിലാസം കിട്ടിയതോടെ പ്രതിയെ തിരിച്ചറിഞ്ഞു.
തിങ്കൾ രാത്രി വൈകി വീടിനു സമീപത്തു നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തു. മോഷണശ്രമത്തിനാണ് കേസെന്നു പൊലീസ് പറഞ്ഞു. സ്വകാര്യ കേറ്ററിങ് സഥാപനത്തിലെ ജീവനക്കാരനാണ്. നേരത്തെ സ്ത്രീകളെ ശല്യം ചെയ്ത പരാതികൾ ഇയാൾക്കെതിരെ ഇപ്പോൾ ഉയർന്നിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
താൻ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചത് വനിതാ ഐപിഎസ് ട്രെയിനിയുടേതാണെന്നതോ തന്നെ തേടി പൊലീസ് വലവിരിക്കുന്നുണ്ടെന്നതോ അറിയാതെയായിരുന്നു തുടർന്നുള്ള ദിവസങ്ങളിൽ പ്രതിയുടെ ജീവിതം. തിങ്കൾ രാത്രി വൈകി പാച്ചല്ലൂർ തോപ്പടി ലാലാ നിവാസിൽ വാടകയ്ക്കു താമസിക്കുന്ന പ്രതിയുടെ വീട്ടിനു സമീപം പൊലീസ് പിടികൂടാനെത്തുമ്പോൾ ആദ്യം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു
കുറച്ചൊരു ബലപ്രയോഗം വേണ്ടി വന്നു കീഴടക്കാനെന്നു പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യമടക്കം മാല പിടിച്ചുപറിക്കൽ സംഭവം സംബന്ധിച്ച് വാർത്തകൾ വന്നതൊന്നും പ്രതി അറിഞ്ഞിരുന്നില്ല. നേരത്തെ ഇയാളുടെ പേരിൽ ക്രിമിനൽ കേസുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നു പൊലീസ് പറയുന്നു
സേനാംഗം കൂടിയായ ഉന്നത ഉദ്യോഗസ്ഥക്കു നേരെ നടന്ന അതിക്രമത്തിലെ പ്രതിയെ പിടികൂടാൻ പൊലീസ് സംഘം അരയും തലയും മുറുക്കി രംഗത്തിറങ്ങി.ഫലം, സംഭവം നടന്നു രണ്ടര ദിവസത്തിനള്ളിൽ പ്രതി പിടിയിലായി. തീക്കട്ടയിൽ ഉറുമ്പരിച്ചുവെന്ന പേരിൽ സംഭവം പൊലീസിനു വെല്ലുവിളിയും അഭിമാനപ്രശ്നമായതും അന്വേഷണ വേഗത കൂടാൻ കാരണമായി.
ഫോർട്ട് അസി.കമ്മിഷണർ ആർ.പ്രതാപൻ നായരുടെ നേതൃത്വത്തിൽ തിരുവല്ലം, ഷാഡോ, സൈബർ വിഭാഗങ്ങളിലെ പൊലീസുകാരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘമായി രാവും പകലും പ്രതിക്കായി തിരഞ്ഞു. സംഭവം നടന്ന് ആദ്യ മണിക്കൂറിൽ തന്നെ പ്രതിയെക്കുറിച്ചു സൂചന ലഭിച്ചുവെന്ന് അഭിമാന പ്രശ്നമെന്ന നിലയ്ക്ക് പൊലീസ് പറഞ്ഞുവെങ്കിലും ആദ്യം ഒന്നും വ്യക്തമായിരുന്നില്ല.
മാല പൊട്ടിക്കാൻ നടത്തിയ വിജയിക്കാത്ത ആക്രമണത്തിനു ശേഷം ബൈക്കോടിച്ചു പോയ പ്രതിയുടെ പിന്നാലെ ഓടിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പൊലീസ് കഴിവാണ് പ്രതിയിലേക്കുള്ള ആദ്യ വഴി തുറന്നത്. ബൈക്കിനു പിന്നാലെ കുറേ ദൂരമോടിയ ഉദ്യോഗസ്ഥ റജിസ്ട്രേഷൻ നമ്പരായ 1361 എന്ന അക്കങ്ങളും ‘ഹീറോ പാഷൻ പ്രോ’ ബൈക്കാണെന്നതും മനസിൽ കുറിച്ചിട്ടു. ഈ വിവരങ്ങൾ നിർണായകമായി.
പൂന്തുറ മുതൽ കോവളം വരെയുള്ള സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ സംഭവ സ്ഥലത്തിനോടടുത്ത 8 ക്യാമറകൾ പൊലീസ് വിശദമായി പരിശോധിച്ചു. സംഭവ സ്ഥലത്തിനു സമീപം കുറച്ചു ദൂരത്തു മാത്രമേ ബൈക്ക് ക്യാമറയുടെ പരിധിയിൽ ഉള്ളുവെന്നത് പ്രധാന റോഡ് വിട്ട് ബൈക്ക് ചെറുറോഡിലേക്ക് കടന്നിരിക്കമാമെന്ന സാധ്യത വെളിവാക്കി. അതുകൊണ്ടു തന്നെ പ്രദേശവാസിയാണ് പ്രതിയെന്ന നിലപാടിലേക്കും പൊലീസെത്തി. ബൈക്കിന്റ റജിസ്ട്രേഷൻ നമ്പരിനു പുറകെയായി അടുത്ത അന്വേഷണം.
തലസ്ഥാനത്തെ ഏതാണ്ട് മുക്കാൽ ലക്ഷത്തോളം പാഷൻ പ്രോ ബൈക്കുകളുടെ നമ്പരുകളാണ് പരിശോധിച്ചത്. പിന്നീട് അന്വേഷണം കൊല്ലം ജില്ലയിലേക്ക് നീട്ടി. അവിടെയും ഏതാണ്ട് മുപ്പതിനായിരത്തിൽപ്പരം വാഹന നമ്പരുകൾ പരിശോധിച്ചു. അവിടെ നിന്ന് ലഭിച്ച കെഎൽ02 എ എഫ് 1361 എന്ന നമ്പർ പരിശോധനയിൽ പൂന്തുറ മാണിക്യവിളാകം സ്വദേശിയാണ് ആർ.സി ഉടമയെന്നു അറിയാനായതോടെ പ്രതിയുടെ ചിത്രം തെളിഞ്ഞു.
Leave a Reply