തലസ്ഥാനത്തെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്നും കാരക്കോണം ഗ്രാമം ഇതുവരെ മുക്തരായിട്ടില്ല. രണ്ട് സംസ്ഥാനത്താണെങ്കിലും അനുവിന്റെയും അഷികയുടെയും വീടുകള്‍ തമ്മിലുള്ളത് ഒന്നര കിലോമീറ്ററിന്റെ അകലം മാത്രം. തന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലായിരുന്നുവെന്നും തെറ്റിധാരണയാണ് എല്ലാത്തിനും കാരണമെന്നും അനുവിന്റെ അമ്മ രമണി വേദനയ്ക്കിടയിലും പറയുന്നു. തുറ്റിയോട് അപ്പുവിലാസം വീട്ടില്‍ അക്ഷികയുടെ അമ്മ സീമ ഒരു വാക്കുപോലും ഉരിയാടാന്‍ കഴിയാതെ തളര്‍ന്ന് കിടക്കുകയാണ്. രണ്ട് വീട്ടിലും ദുഃഖം തളം കെട്ടി നില്‍ക്കുന്നു. ആര്‍ക്കും രണ്ട് അമ്മമാരെ സമാധാനിപ്പിക്കാന്‍ കഴിയുന്നില്ല. പട്ടികജാതി വിഭാഗത്തിലാണെങ്കിലും ചേരമര്‍ ജാതിയില്‍ പെട്ട പെണ്‍കുട്ടിയാണ് അക്ഷിക. അനു സാമ്ബവര്‍ സമുദായ അംഗമാണ്. ഇവരുടെ അടുപ്പത്തെ കുറിച്ച്‌ രണ്ട് വീട്ടിലും അറിയാമായിരുന്നു. അക്ഷികയുടെ വീട്ടില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു.

എന്നാല്‍ അനുവിന്റെ വീട്ടില്‍ താല്‍പ്പര്യവും. അനു ഒരു മയക്കു മരുന്നും ഉപയോഗിച്ചിരുന്നില്ലെന്നാണ് അനുവിന്റെ അമ്മ പറയുന്നു. മകന്‍ കടുത്ത നിരാശയിലും വേദനയിലുമായിരുന്നെന്ന് രമണി പറഞ്ഞു. ജീവന്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് പലവട്ടം പറഞ്ഞിരുന്നതായി രമണി പറഞ്ഞു. രണ്ട് നാള്‍ മുമ്ബ് ‘ഞാന്‍ മരിക്കും മരിക്കും’ എന്നു പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുദിവസമായി വീടിനു പുറത്തേക്കും പോയിരുന്നില്ല. അമ്മ കാര്യം ചോദിച്ചപ്പോള്‍ കരച്ചിലായിരുന്നു മറുപടി. പിന്നീട് കാര്യവും വിശദീകരിച്ചു. എനിക്കില്ലാത്ത ശീലം ഉണ്ടെന്ന് അവളുടെ അച്ഛന്റെ അടുത്ത് പോയി പറഞ്ഞു കൊടുത്തു. അവളുടെ അച്ഛന്‍ എന്നില്‍ നിന്നും മാറാന്‍ പറഞ്ഞു.

ഞാന്‍ പിന്നെ എന്തിന് ജീവിക്കണം? – ഈ 14-ാം തീയതി ആകുമ്പോൾ നാലു വര്‍ഷമാകും പ്രണയിച്ചിട്ട്. മൊബൈല്‍ നിറച്ചു അവളുമായിട്ടുള്ള ഫോട്ടോകളാണ്. ചേട്ടനെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ലെന്ന് അവള്‍ കൈയിലടിച്ച്‌ സത്യം ചെയ്തതാണ്-ഇതായിരുന്നു അമ്മയോട് പൊട്ടിക്കരഞ്ഞ് മകന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം അവള്‍ ഫോണില്‍ വിളിച്ചു പറഞ്ഞു അവനെ വേണ്ടെന്ന്. ‘അവളെ വേറെ അയയ്ക്കുമെങ്കില്‍ ഞാന്‍ മരിക്കും.’എന്നവന്‍ പറഞ്ഞതായും രമണി പറഞ്ഞു. എന്നാല്‍ രണ്ടു ദിവസം മുന്‍പ് സഹോദരനോടൊപ്പം കാരക്കോണത്തെ ബാങ്കില്‍ പോകുമ്ബോള്‍ അനു പിന്നാലെ വന്നിരുന്നു. ഇക്കാര്യം വീട്ടിലെത്തി അക്ഷിക രക്ഷാകര്‍ത്താക്കളോടു പറഞ്ഞിരുന്നുവെന്ന് അക്ഷികയുടെ വീട്ടുകാരും പറയുന്നു. ബ്യൂട്ടീഷന്‍ വിദ്യാര്‍ത്ഥിയായ അക്ഷികയും അനുവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് അകന്നെങ്കിലും അനു അക്ഷികയെ ശല്യം ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആറുമാസം മുൻപ് അക്ഷികയുടെ ബന്ധുക്കള്‍ അനുവിനെതിരേ വെള്ളറട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും അടുത്തതെന്നു പൊലീസ് പറഞ്ഞു. പിന്നീട് അക്ഷിക പിന്മാറിയെങ്കിലും അനു പിന്തുടര്‍ന്നു. 6 മാസം മുമ്ബ് രക്ഷിതാക്കളുടെ പരാതിയില്‍ വെള്ളറട പൊലീസ് അനുവിനെ താക്കീതു ചെയ്യുകയും ശല്യപ്പെടുത്തില്ലെന്ന ഉറപ്പ് എഴുതി വാങ്ങുകയും ചെയ്തിരുന്നു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അനു വീണ്ടും പ്രണയാഭ്യര്‍ഥന നടത്തിയത് അക്ഷിക നിരസിച്ചതാണു പ്രകോപന കാരണമെന്നു നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി അനില്‍കുമാര്‍ പറഞ്ഞു.ഇന്നലെ രാവിലെ ഒന്‍പതരയോടെ സുഹൃത്തിന്റെ ബൈക്കിലെത്തിയ അനു അക്ഷികയുടെ വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. അഷികയുടെ അപ്പൂപ്പന്‍ അപ്പുവാസു (ചെല്ലപ്പന്‍) വീടിന്റെ മുറ്റത്തും അമ്മൂമ്മ ബേബി തുണിവിരിക്കാനായി ടെറസിലുമായിരുന്നു. അപ്പൂപ്പനെ തള്ളിമാറ്റിയ അനു അക്ഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. ഇതു കണ്ടയുടന്‍ ‘അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാന്‍ പോകുന്നേ’ എന്ന് അക്ഷിക നിലവിളിച്ചു. അതിനിടയില്‍ അനു കൈയില്‍ കരുതിയിരുന്ന സോഡാകുപ്പിയുടെ പൊട്ടിച്ച കഷ്ണം എടുത്ത് അക്ഷികയുടെ കഴുത്ത് മുറിക്കുകയായിരുന്നു. തുടര്‍ന്ന് അക്ഷികയെ കട്ടിലില്‍ തള്ളിയിട്ട ശേഷം അനു സ്വയം കഴുത്ത് മുറിച്ചു.

പ്ലസ്ടു വരെ പഠിച്ച അനു കൂലിവേലയ്ക്ക് പോയിരുന്നു. അഷിക ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു. അനു ലഹരി ഉപയോഗിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെങ്കിലും അക്ഷിക അടുത്തിടെ അടുപ്പം ഉപേക്ഷിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിന് കാരണവും മയക്കുമരുന്നിനോടുള്ള അനുവിന്റെ താല്‍പ്പര്യമായിരുന്നു.  അനുവിന്റെ ലഹരി ഉപയോഗമാണെന്ന് നാട്ടുകാര്‍ വിലയിരുത്തുന്നു. ഇതിനുശേഷം അക്ഷികയും അനുവും വീണ്ടും ബന്ധം തുടര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ലഹരി ഉപേക്ഷിക്കാമെന്ന ഉറപ്പ് വിശ്വസിച്ചാണ് ഇതെന്നാണ് നിഗമനം. അതിന് ശേഷവും അനു ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞതോടെ വീണ്ടും പിണക്കം തുടങ്ങിയിരിക്കാം. ഇത് നാട്ടിലും ചര്‍ച്ചയായിരുന്നു. ഇന്നലെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശ്രമവും നടന്നു. ഇതോടെ അക്ഷിക തന്നില്‍ നിന്ന് അകലുമെന്ന തോന്നല്‍ അനുവില്‍ ഉണ്ടാക്കിയെന്നും ഇതുകൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് നിഗമനം.

യുവാവുമായിട്ടുള്ള പ്രശ്നങ്ങള്‍ എട്ട് മാസങ്ങള്‍ക്കു മുന്‍പ് ഒത്തുതീര്‍പ്പാക്കിയിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട അക്ഷികയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ വെള്ളറട പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച. അക്ഷികയെ അനു ശല്യം ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു പിതാവിന്റെ പരാതി. തുടര്‍ന്ന് അക്ഷികയെയും അനുവിനെയും രക്ഷിതാക്കള്‍ക്കൊപ്പം സ്റ്റേഷനിലേക്കു വിളിച്ചു വരുത്തുകയും പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇനി ബന്ധം തുടരില്ലെന്ന് അനുവില്‍ നിന്ന് ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്തിരുന്നു. കൂലിപ്പണിക്ക് പോകുന്ന അനു കാരക്കോണത്ത് ഓട്ടോറിക്ഷാ ഡ്രൈവറുമായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സുഹൃത്തിന്റെ ബൈക്കില്‍ അനു അക്ഷികയുടെ വീട്ടിലെത്തി ക്രൂരകൃത്യം നടത്തിയത്. വീട്ടിലേക്ക് ഓടിക്കയറി വാതില്‍ അടച്ച ശേഷം കയ്യില്‍ കരുതിയിരുന്ന സോഡാ കുപ്പി പൊട്ടിച്ച്‌ അഷികയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. അക്ഷികയുടെ വല്യമ്മയും വല്യച്ഛനും മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിനും അച്ഛന്‍ പെയിന്റ് ജോലിക്കും പോയിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അഷികയെയും അനുവിനെയുമാണ്. ഉടന്‍ തന്നെ ഇരുവരെയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. ആശുപത്രിയിലെത്തും മുന്‍പു തന്നെ അക്ഷിക മരിച്ചു.