അതിക്രൂരമായ കൊലപാതകം നടന്നതു കൊലയാളികളിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിനു ശേഷം. ലഹരിയിൽ കൂത്താടി പിറന്നാൾ ആഘോഷിക്കുന്ന കൊലയാളി സംഘത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്തു തന്നെയാണു പിറന്നാൾ ആഘോഷവും. ലഹരിയിൽ മുങ്ങിയ പിറന്നാൾ ആഘോഷത്തിനു ശേഷം അനന്തുവിനെ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന
അനന്തുവിന്റെ മൃതദേഹത്തിനടുത്തു നിന്നു മദ്യക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിരുന്നു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഉപയോഗിച്ചതാണിവ. കൊലയാളി സംഘം സ്ഥിരം ഒത്തുകൂടുന്ന സ്ഥലമാണിത്. ആളൊഴിഞ്ഞ തോട്ടത്തിൽ വൃക്ഷങ്ങൾക്കിടയിൽ എന്തു നടന്നാലും പുറത്താരും അറിയില്ല. ദേശീയ പാതയോരത്തായിട്ടും കൊലപാതകം ആരും അറിയാതിരുന്നതിന്റെ കാരണമിതാണ്
വിഡിയോ ദൃശ്യങ്ങളിൽ പിറന്നാൾ ആഘോഷിക്കുന്ന യുവാവ് ഷർട്ട് ധരിച്ചിട്ടില്ല. ഈ യുവാവിനെ പൊലീസിനു പിടികിട്ടിയിട്ടുമില്ല. കാവി മുണ്ടാണ് ഉടുത്തിരിക്കുന്നത്. കരിയിലകൾ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമാണ് ആഘോഷം. തോട്ടത്തിനുള്ളിലെ തകർന്ന കെട്ടിടത്തിന്റെ ഭിത്തികൾക്കു മുകളിൽ കയറിയിരുന്നാണു മദ്യപാനവും മയക്കുമരുന്നുപയോഗവും. വിഡിയോയിൽ എട്ടോളം പേരെ കാണാം. ഹാപ്പി ബർത്ത്ഡേ ടു യൂ എന്ന ഗാനവും ഇതിനിടെ സംഘാംഗങ്ങളിലൊരാൾ പാടുന്നുണ്ട്
കൃത്യമായ പദ്ധതി തയാറാക്കിയാണ് കരമനയിൽ അനന്തുഗീരീഷിനെ കൊലപ്പെടുത്തിയത്. ഇതിന് മുന്നോടിയായി കൊലപാതകം നടത്തിയ സ്ഥലത്ത് എട്ടംഗസംഘം ആഘോഷവും നടത്തി. ഇതിനു പിന്നാലെ കൊലപാതകം ആസൂത്രണം ചെയ്തു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിൽ തല്ലിയവരെ തിരിച്ചടിക്കണമെന്നു പദ്ധതി തയ്യാറാക്കി. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവർ ഗൂഡാലോചനയുടെ ഭാഗമായി.ആഘോഷത്തിന് കൊഴുപ്പ് കൂട്ടാൻ മദ്യവും മയക്ക് മരുന്നുമുണ്ടായിരുന്നു.
ഉത്സവ ദിവസം തല്ലിയവരിൽ ഉൾപ്പെട്ട കൊഞ്ചിറവിള സ്വദേശി അനന്തു ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു സംഘത്തിന് വിവരം നൽകി. ഇതനുസരിച്ച് വിഷ്ണു, അഭിലാഷ്, റോഷൻ എന്നിവർ തളിയൽ അരശുംമൂട് എത്തി. അനന്തു വണ്ടി നിർത്തിയ ശേഷം ബേക്കറിയിൽ ജ്യൂസ് കുടിക്കാൻ കയറി. ഇതിനിടെ വിഷ്ണു അനന്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു കടന്നു കളയാതിരിക്കാനായി സ്പാർക്ക് പ്ലഗിലേക്കുള്ള വയർ മുറിച്ചു കളഞ്ഞു
അഭിലാഷും റോഷനും കൂടി അനന്തുവിനെ അവർ വന്ന ബൈക്കിൽ കയറ്റി. ചിലർ ഇതു തടയാൻ ശ്രമിച്ചു. സ്ഥലവാസിയായ അരുൺ ബാബു നാട്ടുകാരോട് ഇതിൽ ഇടപെടരുതെന്ന് വിലക്കി. അനന്തു വന്ന ബൈക്ക് വിഷ്ണു സ്റ്റാർട്ടാക്കി കൊണ്ടു പോയി. കരമന, നീറമൺകര, കൈമനം എന്നിവിടങ്ങളിൽ പൊലീസ് ഉണ്ടായിരുന്നതിനാൽ ഇവർ ബല പ്രയോഗം നടത്തിയിരുന്നില്ല. കൈമനത്ത് അനന്തുവിന്റെ ബൈക്ക് വച്ച ശേഷം അനന്തുവിനെ കാട്ടിലെ ഒളി സംഘത്തിൽ കൊണ്ടു പോയി. അവിടെ വച്ച് ഇവർ അനന്തുവിനെ സംഘം ചേർന്ന ക്രൂരമായി മർദ്ദിച്ചു. വൈകീട്ട് ഏഴുമണിയോടെ മരണം ഉറപ്പിച്ച ശേഷമാണ് സംഘം പിരിഞ്ഞത്.
അനന്തുഗിരീഷിന്റെ കൈകളിലെ ഞരമ്പു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തത‌് കൊലപാതക സംഘത്തിലെ വിഷ‌്ണു. പ്രാവച്ചമ്പലം സ്വദേശിയായ ഇയാളാണ് കത്തി ഉപയോഗിച്ച് മാംസം അറുത്തെടുത്തതെന്നു പിടിയിലായവർ പൊലീസിന‌് മൊഴി നൽകി. വിഷ‌്ണു ഉൾപ്പെട്ട എട്ടു പേരെയാണ‌് ഇനി പിടികൂടാനുള്ളത‌്.ഇവർ സംസ്ഥാനം വിട്ടു കഴിഞ്ഞു. ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അതിക്രൂര മർദനമാണ‌് അനന്തുവിന‌് ഏറ്റത‌്
അംഗ സംഘം പന്നിക്കൂട്ടിലിട്ട‌് വളഞ്ഞിട്ട‌് മർദിച്ചു. കരിക്ക‌്, തടി എന്നിവ ഉപയോഗിച്ച‌് തലക്കടിച്ചു. കൈകളിലെ ഞരമ്പ‌് ഉൾപ്പെടെയുള്ള ഭാഗം കത്തി കൊണ്ട‌് അറുത്തെടുത്തു. അനന്തു രക്തം വാർന്ന‌് പിടയുന്നത‌് കണ്ട‌് കൊലയാളികൾ രസിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ‌്തു. തുടർന്ന‌് സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു
തെളിവെടുപ്പിന് എത്തിച്ചപ്പോഴും കൂസലില്ലാതെ പിടിയിലായ പ്രതികൾ. കഞ്ചാവ് ലഹരിയിൽ സമപ്രായക്കാരനെ അരുംകൊല ചെയ്തതിന് പിടിയിലായിട്ടും ഒട്ടും കുലുങ്ങാതെയാണ് തെളിപ്പെടുപ്പിന് അഞ്ചംഗ സംഘം പൊലീസിനൊപ്പം എത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കൊലപാതകം നടന്ന സ്ഥലത്ത് ഉൾപ്പെടെ എത്തിച്ച് അറസ്റ്റിലായ കിരൺകൃഷ്ണൻ , മുഹമ്മദ് റോഷൻ, അരുൺബാബു, അഭിലാഷ്, റാം കാർത്തിക് എന്നിവരെ തെളിവെടുത്തത്.
ഫോർട്ട് എസി പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് ഇവരെ തെളിവെടുക്കാൻ എത്തിച്ചത്. വലിയ ജനക്കൂട്ടത്തിന് നടുവിലും പൊലീസ് വലയത്തിൽ തല ഉയർത്തി നിന്ന പ്രതികൾ കൊലപാതക രീതികൾ ഉൾപ്പെടെ അഭിനയിച്ചു കാണിച്ചു. മാധ്യമ സംഘങ്ങൾക്ക് ഒപ്പം പൊലീസ് പ്രതികളുമായി എത്തിയതോടെ സംഭവം നടന്ന നീറണൺകരയിൽ വൻ ജനക്കൂട്ടവും തടിച്ചു കൂടി. കനത്ത പൊലീസ് വലയത്തിലാണ് ദേശീയ പാതയ്ക്ക് സമീപം നീറമൺകര ബിഎസ്എൻഎൽ പുറമ്പോക്ക് ഭൂമിയിലെ സംഭവ സ്ഥലത്ത് ഇവരെ എത്തിച്ചത്.
മാധ്യമ ക്യാമറകൾക്ക് നടുവിലൂടെ പ്രതികളുമായി പൊലീസ് സ്ഥലത്തെത്തി. ദേശീയപാതയുടെ വശത്താണെങ്കിലും കാട്ടിനുള്ളിലാണ് കൊലയാളികളുടെ സങ്കേതം. റോഡിൽ നിന്ന് നോക്കിൽ ആർക്കും ഭയം തോന്നുന്ന വഴികളിലൂടെ രാത്രിയും പകലും കൊലയാളി സംഘം പതിവായി സഞ്ചരിക്കാറുണ്ടായിരുന്നു. അനന്തുവിന്റെ മൃതദേഹം ലഭിച്ച സ്ഥലത്ത് എത്തിച്ച പ്രതികളോട് ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി
കൂടാതെ മർദിച്ച് അവശനാക്കി അനന്തുവിനെ കിടത്തിയ സ്ഥലവും കൊലപാതക രീതിയും പ്രതികൾ അഭിനയിച്ച് കാണിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഓരോരുത്തരോടും പൊലീസ് കാര്യങ്ങൾ വിശദമായി ചോദിച്ചു. 40 മിനിട്ടോളം നീണ്ട തെളിവെടുപ്പിന് ശേഷവും പ്രതികൾക്ക് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. തുടർന്നു അനന്തുവിനെ തട്ടികൊണ്ടു പോയ അരശുംമൂട്ടിലും തെളിവെടുപ്പ് നടത്തി
Leave a Reply