ജൂണില്‍ നടത്താനിരിക്കുന്ന സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബക്കിംഗ്ഹാം കൊട്ടാരം നല്‍കുന്ന ഔദ്യോഗിക വിരുന്ന് ബഹിഷ്‌കരിക്കുമെന്ന് ജെറമി കോര്‍ബിന്‍. വംശീയതയും സ്ത്രീവിദ്വേഷവും പ്രസംഗിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന് റെഡ് കാര്‍പറ്റ് വിരിക്കുന്നത് തെറ്റാണെന്ന് ലേബര്‍ നേതാവ് പറയുന്നു. യുകെ-യുഎസ് ബന്ധം കാണിക്കാന്‍ പൊങ്ങച്ചത്തിന്റെയും ആഘോഷത്തിന്റെയും ആവശ്യമില്ലെന്നും കോര്‍ബിന്‍ വ്യക്തമാക്കി. ട്രംപിന് ആദരം നല്‍കുമെന്ന് 2016ല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം തെരേസ മേയ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോസ്, ലിബറല്‍ ഡെമോക്രാറ്റ് നേതാവ് സര്‍ വിന്‍സ് കേബിള്‍ തുടങ്ങിയവര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രധാനമായ അന്താരാഷ്ട്ര കരാറുകള്‍ തകര്‍ക്കുകയും കാലാവസ്ഥാ മാറ്റത്തില്‍ നിഷേധ നിലപാട് എടുക്കുകയും വംശീയവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന ട്രംപിനെ ആദരിക്കാന്‍ പരവതാനി വിരിക്കാനുള്ള നീക്കത്തില്‍ നിന്ന് തെരേസ മേയ് പിന്‍മാറണമെന്ന് പ്രസ്താവനയില്‍ കോര്‍ബിന്‍ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പൊങ്ങച്ചത്തിന്റെയോ സ്‌റ്റേറ്റ് വിസിറ്റ് ആഘോഷത്തിന്റെയോ ആവശ്യമില്ല. അമേരിക്കന്‍ ഭരണകൂടത്തിനു മുന്നില്‍ സാഷ്ടാംഗം വീഴാന്‍ പ്രധാനമന്ത്രി വീണ്ടും തയ്യാറായിരിക്കുന്നത് നിരാശാജനകമാണെന്നും കോര്‍ബിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കായി ട്രംപ് വരുന്നതിനെ സ്വാഗതം ചെയ്യുമെന്നും കോര്‍ബിന്‍ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡിന്നറിന് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ ബെര്‍കോവിന്റെ വക്താവ് അറിയിച്ചു. ട്രംപിന്റെ പ്രവര്‍ത്തനങ്ങളുടെ വിമര്‍ശകനാണ് ബെര്‍കോവ്. അമേരിക്കന്‍ ഭരണകൂടവുമായി മറ്റു വിഷയങ്ങളില്‍ ചര്‍ച്ചകളാണ് നടത്തേണ്ടതെന്നും ഡിന്നര്‍ ബഹിഷ്‌കരിക്കുകയാണെന്നും എസ്എന്‍പി വെസ്റ്റ്മിന്‍സ്റ്റര്‍ നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡും അറിയിച്ചു. അതേസമയം അമേരിക്കന്‍ പ്രസിഡന്റിന് ഏറ്റവും മികച്ച സ്വീകരണം നല്‍കണമെന്നാണ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞത്.