ലണ്ടന്‍: ജനങ്ങളുടെ പ്രതിഷേധം പേടിച്ച് ബ്രിട്ടീഷ് സന്ദര്‍ശനത്തില്‍ നിന്ന് ഒഴിവായി നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് ഒടുവില്‍ സ്ഥിരീകരണം. ഫെബ്രുവരി 26, 27 തിയതികളില്‍ സന്ദര്‍ശനമുണ്ടാകുമെന്നാണ് വിവരം. പുതിയ അമേരിക്കന്‍ എംംബസിയുടെ ഉദ്ഘാടനത്താനായാണ് ട്രംപ് എത്തുന്നത്. വന്‍ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ അതിഥിയായി എത്തുന്നതിന് പകരം വര്‍ക്കിംഗ് വിസിറ്റ് ആയാണ് ട്രംപ് എത്തുന്നത്.

സന്ദര്‍ശനത്തിന്റെ തിയതിയും സമയക്രമവും ഇതേവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വിശദീകരിക്കുന്നത്. എന്നാല്‍ 2018 ആദ്യം സന്ദര്‍ശനമുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധ പരിപാടികള്‍ക്കാണ് ട്രംപ് വിരുദ്ധര്‍ ഒരുങ്ങുന്നത്. സന്ദര്‍ശനം നടക്കുന്ന ദിവസങ്ങളില്‍ ഡൗണിംഗ് സ്ട്രീറ്റിലേക്ക് പ്രതിഷേധറാലി നടത്താനും പദ്ധതിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതിനായുള്ള പ്രചാരണവും ഇവര്‍ ആരംഭിച്ചു കഴിഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോളും അതിനു ശേഷം അധികാരത്തില്‍ ഏറിയപ്പോളും ശക്തമായ പ്രതിഷേധ റാലികള്‍ ലണ്ടനും മാഞ്ചസ്റ്ററുമുള്‍പ്പെടെയുള്ള ബ്രിട്ടീഷ് നഗരങ്ങളില്‍ നടന്നിരുന്നു. പ്രസിഡന്റായി അധികാരമേറ്റ ട്രംപിന്‍ ആദ്യം സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രനേതാവായിരുന്നു തെരേസ മേയ്. ഇവര്‍
ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിച്ചെങ്കിലും പ്രതിഷേധം ഭയത്ത് വൈറ്റ്ഹൗസ് അത് നീട്ടിവെക്കുകയായിരുന്നു.