ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: അയ്യായിരത്തിലധികം പേരുടെ ജീവനെടുത്ത തുർക്കിയിലെ ഭൂകമ്പത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കാണാതായതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് 35 ലധികം ബ്രിട്ടീഷ് പൗരന്മാർ പ്രയാസം നേരിട്ടെങ്കിലും മൂന്ന് പേരെയാണ് കാണാതായതെന്നാണ് വിദേശകാര്യ സെക്രട്ടറി പറയുന്നത്. ഇവരുമായി ഓഫീസ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള ഓട്ടത്തിൽ സഹായിക്കാൻ യുകെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമിനെ തുർക്കിയിൽ വിന്യസിച്ചിട്ടുണ്ട്.
ദുരിതബാധിതർക്ക് ഒപ്പമാണ് രാജ്യമെന്ന് ചാൾസ് രാജാവും അറിയിച്ചിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും, ഓപ്പമുണ്ടെന്നും വാർത്തകുറിപ്പിൽ അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയാണ് തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മിക്കവരും വീടുകളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.
ആയിരക്കണക്കിന് കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തുർക്കിയിലും സിറിയയിലും മരണസംഖ്യ 5,000 പിന്നിട്ടു. ഭൂകമ്പത്തെ തുടർന്ന് 6,000-ത്തിലധികം കെട്ടിടങ്ങൾ തകർന്നുവെന്നും വൈദ്യുതി, ഗ്യാസ് അടിസ്ഥാന സൗകര്യങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വക്താക്കൾ അറിയിച്ചു.
Leave a Reply