ലണ്ടന്‍: ബ്രിട്ടനില്‍ നിലവിലുള്ള ടെലിവിഷന്‍ ലൈസന്‍സ് ഫീസ് 145.50 പൗണ്ടില്‍നിന്നും 147 പൗണ്ടായി ഉയര്‍ത്തി. 1.50 പൗണ്ടിന്റെ വര്‍ധന ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകും. 2010നുശേഷമുള്ള ആദ്യ വര്‍ധനയാണിത്. 2017 മാര്‍ച്ച് 31 വരെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കില്ലെന്ന് മുന്‍ സര്‍ക്കാരിന്റെ തീരുമാനം ഉണ്ടായിരുന്നു. ഈ കാലാവധി അവസാനിക്കുന്ന അന്നുതന്നെ വര്‍ധന നിലവില്‍ വരികയാണ്. വരുംവര്‍ഷങ്ങളില്‍ പണപ്പെരുപ്പത്തിന്റെ നിരക്കനുസരിച്ച് ഫീസില്‍ ആനുപാതികമായ വര്‍ധനയുണ്ടാകും.
ഏപ്രില്‍ ഒന്നിനുശേഷം ലൈസന്‍സ് പുതുക്കുന്നവര്‍ക്കാകും പുതിയ നിരക്ക് ബാധകമാകുക. നിലവില്‍ മാസവരി അടയ്ക്കുന്നവര്‍ക്ക് അത് തീരുന്നതുവരെ പഴയനിരക്ക് തുടരും. ലൈസന്‍സ് പിരിക്കാന്‍ ചുമതലപ്പെട്ടവര്‍ വൃദ്ധരായവരെയും ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്നവരെയും അനാവശ്യമായി അലട്ടുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞദിവസം ബിബിസി. ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവന്നിരിക്കുന്നത്.
സര്‍ക്കാര്‍ അധീനതയിലുള്ള കോര്‍പറേഷനായ ബിബിസി.യുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായാണ് വികസ്വരരാഷ്ട്രങ്ങളില്‍പോലും ഇല്ലാത്ത ലൈസന്‍സ് ഫീസ് സംവിധാനം ബ്രിട്ടനില്‍ ഇപ്പോഴും തുടരുന്നത്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം രാജ്യമെങ്ങും ശക്തമാണ്. അടുത്തിടെ ടെലിവിഷന്‍ ലൈസന്‍സ് ഫീസ് സമ്പ്രദായം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരുലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ട നിവേദനം പാര്‍ലമെന്റ് പെറ്റീഷന്‍സ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലൂടെ സര്‍ക്കാരിനു മുന്നിലെത്തിയിരുന്നു. ഇതിനോട് അനുകൂലമായ പ്രതികരണമല്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. എങ്കിലും ഒരുലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ട സാഹചര്യത്തില്‍ ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. അതിനിടെയാണ് ഫീസ് വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.
ടെലിവിഷനിലൂടെയോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയോ ബിബിസി. ഉള്‍പ്പെടെയുള്ള ചാനലുകളുടെ സംപ്രേക്ഷണം ആസ്വദിക്കണമെങ്കില്‍ ലൈസന്‍സ് അനിവാര്യമാണ്. നിയമപരമായ ബാധ്യതയായ ഇത് ലംഘിച്ചാല്‍ ആയിരം രൂപവരെ പിഴയും പിഴയൊടുക്കാതിരുന്നാല്‍ മൂന്നുമാസം വരെ ജയില്‍ശിക്ഷയും ലഭിക്കാം. പിഴയ്‌ക്കൊപ്പം കോടതിച്ചെലവും ഉപയോക്താക്കള്‍ നല്‍കണം.