തിരുവനന്തപുരത്ത് ഗൃഹനാഥനെ കൊലപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ 2 പ്രതികളും കുറ്റക്കാരാണെന്നു കോടതി. വട്ടപ്പാറ കല്ലുവാക്കുഴി തോട്ടരികത്തു വീട്ടിൽ കൊലുസു ബിനു എന്ന അനിൽകുമാർ, തമിഴ്നാട് സ്വദേശി ചന്ദ്രശേഖരൻ എന്നിവരാണു പ്രതികൾ. 2016 ജൂലൈ 7നു പുലർച്ചെ രണ്ടിനാണു സംഭവം.

കേസിലൊരു നിർണായക പങ്ക് വഹിച്ചത് ഇവരുടെ വളർത്തുപൂച്ചയാണ്. ഗൃഹനാഥനെ കൊലപ്പെടുത്തുകയും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവം പുറം ലോകം അറിയാൻ കാരണം ഇവരുടെ വീട്ടിലെ വളർത്തു പൂച്ചയുടെ പ്രവർത്തിയെന്നു പൊലീസ്. രക്തത്തിൽ കുളിച്ചു കിടന്ന ദമ്പതിമാരെ കണ്ട് പ്രത്യേക ശബ്ദത്തിൽ പൂച്ച അലറി. അടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന, ദമ്പതികളുടെ 12 വയസ്സുള്ള മകനെയും 14 വയസ്സുള്ള മകളെയും അവരുടെ മുറിക്കുള്ളിൽ കടന്ന് മാന്തുകയും കടിക്കുകയും ചെയ്‌ത്‌ ഉണർത്താൻ ശ്രമിച്ചു.

മകൻ ഇതുകേട്ട് ഉണർന്നു പൂച്ചയെ മുറിക്കു പുറത്താക്കി വാതിൽ ചാരി. എന്നാൽ പൂച്ച വീണ്ടും മുറിക്കുള്ളിൽ കയറി കുട്ടികളെ ശല്യം ചെയ്യാൻ തുടങ്ങി. പേടി തോന്നിയ കുട്ടികൾ അച്ഛനെയും അമ്മയെയും വിളിക്കാൻ ചെന്നപ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. ഇതു കണ്ടു ഭയന്ന് വിറച്ച കുട്ടികളുടെ അലറി കരച്ചിൽ കേട്ടാണു പരിസരവാസികൾ സംഭവം അറിയുന്നത്.

 സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: 

പ്രതികൾ വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി ഇരുവരെയും ചുറ്റികയും കമ്പി പാരയും ഉപയോഗിച്ചു ക്രൂരമായി മർദിച്ചു. ഗൃഹനാഥന്റെ തല പൊട്ടിച്ചിതറിയാണു മരണം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ പ്രതികൾ പീഡിപ്പിച്ചു. തുടർന്നു സ്വർണവും പണവും കവർച്ച ചെയ്തു. നിരവധി ശസ്ത്രക്രിയകൾക്കും ചികിൽസയ്ക്കും ശേഷവും വീട്ടമ്മയുടെ ഓർമശക്തി തിരിച്ചുകിട്ടിയിട്ടില്ല. പ്രതിയും ഭാര്യാമാതാവും ചേർന്നു കവർച്ച ചെയ്ത സ്വർണം തിരുനെൽവേലിയിൽ വിൽപ്പന നടത്തി പകരം സ്വർണം വാങ്ങി.

ഇതു പൊലീസ് പിന്നീടു കണ്ടെടുത്തു. സ്വർണ കടയിലെ സിസിടിവി ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പ്രദർശിപ്പിച്ചു തെളിവെടുത്തിരുന്നു. ഡിഎൻഎ പരിശോധനയിൽ ഇര പീഡിപ്പിക്കപ്പെട്ടതു ശാസ്ത്രീയമായി തെളിഞ്ഞു. പ്രതിയുടെ വസ്ത്രത്തിലും അടിക്കാൻ ഉപയോഗിച്ച ചുറ്റികയിലും കൊല്ലപ്പെട്ട വ്യക്തിയുടെ രക്തം കണ്ടെത്തിയതു നിർണായക തെളിവായി. 76 സാക്ഷികളെ വിസ്തരിച്ചു. നിരവധി തൊണ്ടിമുതലും രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. ഫോർട്ട് പൊലീസാണു കുറ്റപത്രം നൽകിയത്.

ഒന്നാം പ്രതി അനിൽ കുമാറിനെ കുറിച്ച് പൊലീസിന് നിർണായകവിവരം ലഭിക്കുന്നത് കുട്ടികളിൽനിന്ന്. അന്വേഷണ ഉദ്യോഗസ്ഥൻ കുട്ടികളെ അടുത്തുവിളിച്ചു ചോദിച്ചപ്പോഴാണ് കുറച്ചു മാസങ്ങൾക്ക് മുൻപ് അനിൽകുമാർ വീട്ടിൽ കയറി കൊല്ലപ്പെട്ട ഗൃഹനാഥന്റെ ഭാര്യയെ കടന്നു പിടിക്കാൻ ശ്രമിച്ചിരുന്നുവെന്ന് അറിഞ്ഞത്. തുടർന്ന് കുട്ടികളുടെ അച്ഛനും അനിൽ കുമാറുമായി ശത്രുത ഉണ്ടായെന്നു കുട്ടികൾ മൊഴി നൽകി.

ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യുറോയിൽ നടത്തിയ അന്വേഷണത്തിൽ അനിൽ കുമാറിനെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ടെന്നു കണ്ടെത്തി. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു സംഭവ ദിവസത്തിനു തൊട്ടു മുൻപുള്ള ദിവസം തമ്പാനൂർ ഭാഗത്ത് പ്രതി ഉണ്ടായിരുന്നു എന്നു പൊലീസ് മനസ്സിലാക്കിയത് . ഈ മൊബൈൽ സിഗ്നൽ തമിഴ്‌നാട്ടിലെ തിരുനൽവേലിയിലാണെന്നു മനസ്സിലാക്കിയ പൊലീസ് അവിടെ പോയി പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണു രണ്ടാം പ്രതിയായ ചന്ദ്രശേഖറിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.