തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും തട്ടിക്കൊണ്ട് പോകലും. കുപ്രസിദ്ധ ക്രിമിനലായ പഞ്ചായത്ത് ഉണ്ണിയാണ് എതിർ സംഘാംഗമായ മേനംകുളം സ്വദേശി ഉണ്ണിക്കുട്ടനെ ബൈക്കിൽ തട്ടിക്കൊണ്ടു പോയത്. ഞായറാഴ്ച രാത്രി ഏഴു മണിക്ക് മേനംകുളത്തെ ഉൽസവപറമ്പിൽ നിൽക്കുകയായിരുന്ന ഉണ്ണിക്കുട്ടനെ ബൈക്കിലെത്തിയ പഞ്ചായത്ത് ഉണ്ണിയും സംഘവും മദ്യപിക്കാൻ വിളിച്ചെങ്കിലും നിരസിച്ച ഉണ്ണിക്കുട്ടനെ ബലമായി ബൈക്കിൽ പിടിച്ചു കയറ്റി കൊണ്ടുപോവുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പോലീസിന്റെ പിടിയിലാകുമെന്ന് മനസ്സിലായ ഗുണ്ടാസംഘം ഉണ്ണിക്കുട്ടനെ മർദ്ദിച്ചവശനാക്കി വെട്ടുറോഡിൽ കൊണ്ടിറക്കി വിടുകയായിരുന്നു. ഉണ്ണിക്കുട്ടനെ പോലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തട്ടിക്കൊണ്ടു പോകലറിഞ്ഞ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡിസിപി ആർ ആദിത്യയും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. കരമനയിൽ കഴിഞ്ഞ ദിവസം ലഹരി സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പൊലീസ് ഗൗരവത്തോടെയാണ് ഈ കേസും അന്വേഷിക്കുന്നത്.
Leave a Reply