ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഗ്ലാസ് ഗോയിൽ ഡബിൾ ഡക്കർ ബസ്സ് റെയിൽവേ മേൽപാലത്തിൽ കുടുങ്ങിയതിന് തുടർന്ന് 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ബസ്സിന്റെ മേൽക്കൂര തകർന്നതായാണ് റിപ്പോർട്ടുകൾ . ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെ കൂടാതെ നിസ്സാര പരിക്കേറ്റ പലർക്കും സംഭവസ്ഥലത്തു തന്നെ പ്രഥമശുശ്രൂഷ നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഇന്നലെ രാവിലെ 11:35 ഓടെ കുക്ക് സ്ട്രീറ്റിലെ ഒ 2 വെന്യുവിന് സമീപമുള്ള റെയിൽവേ പാലത്തിലാണ് അപകടം ഉണ്ടായത്. പാലത്തിനടിയിൽ കുടുങ്ങിക്കിടന്ന ബസ്സിന്റെ മേൽക്കൂര വെട്ടി മാറ്റിയാണ് സംഭവ സ്ഥലത്തു നിന്നും മാറ്റിയത്. സംഭവത്തെ തുടർന്ന് പോലീസും അഗ്നിശമന സേനാംഗങ്ങളും പാരാമെഡിക്കലും അടിയന്തര രക്ഷാപ്രവർത്തനം നടത്തി. നെറ്റ്‌വർക്ക് റെയിലും രക്ഷാപ്രവർത്തനത്തിൽ സഹായത്തിനെത്തിയിരുന്നു.


പരിക്കേറ്റവരെ മൂന്ന് വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കുകൾ ആർക്കും തന്നെയില്ലെന്നാണ് അറിയാൻ സാധിച്ചത്. ഗ്ലാസ്‌ഗോ സെൻട്രലിനും പെയ്‌സ്‌ലി ഗിൽമോറിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഗതാഗത കമ്പനിയായ ഫസ്റ്റ് ബസ്സിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പാലത്തിൻറെ സുരക്ഷാ പരിശോധന പൂർത്തിയായതിനു ശേഷം മാത്രമേ ഇതുവഴിയുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കുകയുള്ളൂ.